ജീവിതത്തിലെ വസന്തകാലമാണ് സ്കുള്‍ ജീവിതം. ഞങ്ങള്‍ , അധ്യാപകരാണ് ലോകത്തിലെ ഏറ്റവും ഭാഗ്യം ചെയ്തവര്‍. കാരണം വിദ്യാലയമെന്ന മനോഹരതീരത്ത് പുനര്‍ജനിക്കാന്‍ ഭാഗ്യം ചെയ്തവരാണ് ഞങ്ങള്‍.... എന്റെ അധ്യായന-അധ്യാപന ദിനങ്ങളിലെ അനുഭവങ്ങള്‍ കോറിയിട്ട ചുവര്‍ചിത്രമാണ് ഈ ജാലകക്കാഴ്ച ..........................

എവര്‍ക്കും സ്വാഗതം

...........................
RSS

Tuesday, September 7, 2010

ഓര്‍മച്ചെപ്പിലെ ചില മുത്തുകള്‍ : അല്പം ശാസ്ത്രവും.

    പരീക്ഷണങ്ങള്‍ എന്നും എനിക്ക് ഹരം പകരുന്നവയാണ്. തൊട്ടും കണ്ടും അനുഭവിച്ചും കാര്യങ്ങള്‍ മനസിലാക്കുന്നതിന്റെ സുഖം മറ്റൊന്നിനും കിട്ടില്ല.
സംശയങ്ങള്‍...., അന്വേഷണങ്ങളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത് അതാണ്. കുട്ടിക്കാലം മുതല്‍ക്കേ  സംശയങ്ങള്‍ക്ക് പുറകേ അലയാന്‍ ഞാന്‍ ഇഷ്ടപ്പെട്ടിരുന്നു. കണ്ണില്‍ കാണുന്നതിപറ്റിയെല്ലാം സംശയം ചോദിച്ചു നടന്നിരുന്ന കാലം. ഒന്നാം ക്ലലാസില്‍ പഠിക്കുമ്പോള്‍ തോന്നിയ ഒരു സംശയത്തിന് വ്യക്തമായ ഒരു ഉത്തരം എനിക്ക് കിട്ടിയത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. എന്റെ ഒര്‍മയിലെ ആദ്യ പരീക്ഷണത്തിലേക്ക് എന്നെ നയിച്ചതും അതായിരുന്നു. ഓര്‍മച്ചെപ്പില്‍ നിന്നും ചില മുത്തുകള്‍ പെറുക്കിയെടുക്കാന്‍ ഒരു ശ്രമം നടത്തുകയാണ്....





എന്റെ ആദ്യ വിദ്യാലയം
(2010 മാര്‍ച്ചില്‍ മാഞ്ഞൂര്‍ സ്കൂളില്‍നിന്നും സഹപ്രവര്‍ത്തകര്‍ക്കൊപ്പം അതിരപ്പിള്ളിയിലേക്ക്  ഉല്ലാസയാത്ര പോയപ്പോള്‍ എടുത്ത ചിത്രങ്ങള്‍)

    കാലടി പ്ലാന്റേഷന്‍ ഹൈസ്കൂളിലാണ് ഞാന്‍ എന്റെ ഹരിശ്രീ കുറിച്ചത് -അപ്പച്ചന്‍ പഠിപ്പിച്ചിരുന്ന സ്കൂള്‍. അമ്മച്ചി ജോലിചെയ്തിരുന്ന ആശുപത്രിയുടെ അടുത്തുള്ള ക്വാര്‍ട്ടേഴ്സിലായിരുന്നു അന്ന് താമസിച്ചിരുന്നത്.  അന്നൊക്കെ രാത്രിയില്‍ കറണ്ട് പോകുന്നത് പതിവായിരുന്നു. വിളക്ക് കത്തിച്ചു വച്ചായിരുന്ന രാത്രിയിലെ കളിചിരിയൊക്കെ. സീലിങ്ങിലെ കൊളുത്തില്‍ തൂക്കിയിട്ടിരുന്ന ഒരു റാന്തല്‍ വിളക്ക് അന്നുണ്ടായിരുന്നു. ചില്ല് തുടയ്ക്കാനും മണ്ണെണ്ണ ഒഴിക്കാനും താഴെയിറക്കുമ്പേഴാണ് അതിലൊന്ന് തൊടാന്‍ പറ്റുക. കട്ടിലിന്റെ കാലില്‍ കയറി നിന്ന് അതില്‍ തൊടാന്‍ ശ്രമിക്കുന്നതും അക്കാലത്തെ ഒരു വിനോദമായിരുന്നു. കുപ്പിയുടെ അടപ്പ് തുളച്ച് തുണി ചുരുട്ടി തിരിയിട്ടവയായിരുന്നു മറ്റ് വിളക്കുകള്‍. പലയിടത്തായി അവ അങ്ങനെ കത്തിച്ചു വച്ചിരിക്കും. വിളക്കിനടുത്തിരുന്നുള്ള കളി എനിക്ക് വളരെ ഇഷ്ടമായിരുന്നു. പേപ്പര്‍ കത്തിക്കക, കരി പിടിപ്പിക്കുക അങ്ങനെ നീളുന്നു വിനോദങ്ങള്‍. എന്റെ കളികണ്ട് അമ്മച്ചിയുടെ അമ്മ (ഞാനും അമ്മയെന്നാണ് വിളിക്കുന്നത്) എനിക്കോരു പേരിട്ടു. "വിളക്കേപ്രാണി...."

     കറണ്ടില്ലാതിരുന്ന ഒരു ദിവസം ഞങ്ങള്‍ എല്ലാവരും കൂടി അത്താഴമെല്ലാം കഴിഞ്ഞ് തറയില്‍ ഒരു പായും വിരിച്ച് ഇരുന്നും കിടന്നുമെല്ലാം കൊച്ചു വര്‍ത്തമാനങ്ങള്‍ പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. മേശപ്പുറത്തിരുന്ന് ഒരു വിളക്ക് കത്തുന്നുണ്ട്. മുകളില്‍ റാന്തലും തൂങ്ങിയാടുന്നുണ്ട്. വര്‍ത്തമാനങ്ങള്‍ മുറുകുന്നതിനിടെ എന്റെ ഒച്ചയൊന്നും കേള്‍ക്കാതായപ്പോള്‍ അപ്പച്ചന്‍ ചോദിച്ചു.
" കുഞ്ഞിയേ... നീ ഉറങ്ങിയോ....?"
ഞാന്‍ വിളക്കിനെ നോക്കി അല്പം ചിന്തയിലായിരുന്നു. അപ്പച്ചന്റെ ആ വിളി ചിന്തയെ സംശയമാക്കി, ചോദ്യ രൂപത്തില്‍ അത് പുത്തേക്ക് വന്നു ..........
" ഇല്ല... അപ്പച്ചാ........
ഒരു സംശയം...."
"എന്താ?"
"ഈ വെളക്കിന്റാത്തെ മണ്ണെണ്ണ എങ്ങനാ മോളിലോട്ട് കേറണത് വെള്ളമൊക്കെ തഴോട്ടല്ലേ ഒഴുകണത്? "
അതുമായി ബന്ധമുള്ള പല കാഴ്ച്ചകളും അനുഭവങ്ങളും എന്റെ മനസില്‍ ചിത്രങ്ങളായി വന്ന് പോയിക്കൊണ്ടിരുന്നു. കൂട്ടുകാരുമായി വഴക്കുണ്ടാക്കി വരുമ്പോള്‍ അമ്മ പറയാറുള്ള സ്ഥിരം പല്ലവി ആദ്യം മനസില്‍ വന്നു.
 " മോനേ... താണനിലത്തേ നീരോടൂ.... നീയൊന്ന് താന്നു കൊടുത്ത് നോക്കൂ... എല്ലാ വരും നിന്റെയടുത്തേക്ക് താനേ വന്നോളും."
അതു പറയുമ്പോഴൊക്കെ വീടിനടുത്തുകൂടെ  ഒഴുകുന്ന  തോടിന്റെ ചിത്രവും മഴപെയ്യുമ്പോള്‍ റോഡിലെ ഇറക്കത്തിലൂടെ കുത്തിയൊഴുകുന്ന ചെളിവെള്ളത്തിന്റെ ചിത്രവും മനസില്‍ തെളിയാറുണ്ട്. അതുപോലെ അമ്മച്ചിയുടെ ആശുപത്രിക്ക് അടുത്തുള്ള ആ കൂറ്റന്‍ വാട്ടര്‍ ടാങ്ക് നിറയുമ്പോള്‍ ശക്തിയില്‍ താഴേക്ക് വീഴുന്ന വെള്ളത്തിന്റെ ചിത്രം.... അങ്ങെന പലതും. "എന്നിട്ടും എന്താ ഈ വിളക്കില്‍ മണ്ണെണ്ണ മോളിലോട്ട് കയറുന്നത്?" മുകളിലേക്കൊഴുകുന്ന വെള്ളം എവിടെയും കണ്ടിട്ടില്ല. സംശയത്തിന്റെ കാരണം അതായിരുന്നു.
അല്പം ചിന്തിച്ച് അപ്പച്ചന്‍ പറഞ്ഞു.
"തുണിയിലൂടെ വെള്ളത്തിനും എണ്ണയ്ക്കുമെല്ലാം മുകളിലേക്ക് കയറാന്‍ പറ്റും. അതിനൊരു പേരു പറയും. എന്താണന്ന് ഒര്‍ക്കുന്നില്ല. രാജന്‍ സാറിനോട് ചോദിച്ചിട്ടു പറയാം."
എന്തായാലും എനിക്ക് അത് അങ്ങോട്ട് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. വീണ്ടും എന്തൊക്കെയോ ചോദിച്ചു. അപ്പച്ചന്‍ എന്തൊക്കയോ പറഞ്ഞു തന്നു. ഒന്നും മനസിലായില്ല. അതെപറ്റി ആലോചിച്ചിരുന്ന് ഒടുവില്‍ ഉറങ്ങിപ്പോയി.......

    രാവിലെ എഴുന്നേറ്റപ്പോള്‍ എല്ലാം മറന്നിരുന്നു. രാവിലത്തെ പതിവു കലാപരിപാടികളിലേക്ക് അമ്മച്ചി എന്നെ വിളിച്ചുണര്‍ത്തി. മടി പടിച്ചുറങ്ങുന്നതിന്റെ രസച്ചരട് അങ്ങനെ പൊട്ടി. പിന്നെ സ്കൂളിലേക്കു പോകുന്നതിന്റെ തിരക്കായി. മണിയടിക്കാറാകുമ്പോള്‍ ഇറങ്ങിയാ മതി. അത്ര അടുത്താണ് സ്കൂള്. പുതിയ കുസൃതിതരങ്ങള്‍ ഒപ്പിക്കാനായി അന്നും പതിവു പോലെ സ്കൂളിലേക്ക്........
    11.30. ഇന്റര്‍ വെല്‍ മണി മുഴങ്ങി. പതിവു കോട്ടാ കുടിക്കാന്‍ സ്റ്റാഫ്റൂമിലെത്തി. അമ്മച്ചി ആ സമയമാകുമ്പോഴേക്കും എങ്ങനെയെങ്കിലും ഒരു ഫ്ലാസ്കില്‍ ചൂടുപാല്‍ അവിടെ എത്തിച്ചിട്ടുണ്ടാകും ( പിന്നീടെപ്പൊഴോ അഭിമാനബോധം ഉടലെടുത്തപ്പോള്‍ വാശി പടിച്ച് ആ പരിപാടി നിര്‍ത്തിച്ചു.) എന്നെ കണ്ടപ്പോള്‍ തന്നെ അപ്പച്ചന്‍ രാജന്‍ സാറിനോട് പറഞ്ഞു
"ദാ സംശയക്കാരന്‍... ഒന്ന് സംശയം തീര്‍ത്തു കൊടുത്തേക്ക് ..."
അപ്പോഴാണ് ആ സംശയത്തിന്റെ കാര്യം ഞാന്‍ ഓര്‍ത്തത്. പാല് കുടിക്കുന്നതിനിടെ രാജന്‍ സാറ് അതിനെ പറ്റി വിശദീകരിച്ചുതന്നു. "കേശികത്വം - അതാണ് മണ്ണെണ്ണയെ മുകളിലെത്തിക്കുന്നത്. ചെറിയ കുഴലെടുത്ത് കുത്തനെ വള്ളത്തില്‍ മുട്ടിച്ച് നോക്കിയാല്‍ വള്ളം അല്പം മുകളിലേക്ക് കയറുന്നതു കാണാം. പരീക്ഷണം ചെയ്തു നോക്കിയാല്‍ മനസിലാകും."
എനിക്ക് കാര്യമായി ഒന്നും മനസിലായില്ല. കുഴല് വെള്ളത്തില്‍ മുക്കി നോക്കണം എന്നത് മാത്രം മനസിലായി. അതിന്റെ വലുപ്പത്തെ കുറിച്ചോ നീളത്തെ കുറിച്ചേ ഒന്നും മനസില്‍ കയറിയതേയില്ല. അതിനുള്ള ബോധമൊന്നും അക്കാലത്ത് ഇല്ലായിരുന്നു. (ഇന്നും ഉണ്ടോ എന്ന് ടെസ്റ്റ് ചെയ്താലറിയാം.) രാജന്‍സാറിനോടും ഞാന്‍ എന്തൊക്കെയോ സംശയങ്ങള്‍ ചോദിച്ചു. എന്തൊക്കെയോ സാര്‍ പറഞ്ഞു തന്നു. അതൊന്നും മനസിലാവാഞ്ഞതിനാലാവണം ഒന്നും ഓര്‍ക്കുന്നില്ല. എല്ലാം കേട്ട് ഞാന്‍ തലകുലുക്കി. പാലുകുടി കഴിഞ്ഞപ്പോഴേക്കും ബെല്ലടിച്ചു. വേഗം ക്ലാസിലേക്കോടി. ഗോപി സാര്‍ വരുന്നതിനുമുന്പ് ക്ലാസിലെത്തി എന്തെങ്കിലും കുരുത്തകേട് ഒപ്പിക്കാനുള്ളതാണ്. കുരുത്തക്കേടിന് ഞാന്‍ വളരെ ഫേമസാണ്. ക്ലാസ് ടീച്ചറായ ഗോപിസാര്‍ പറയുന്നത് " അവന്റെ ചന്തി മാത്രമേ ബഞ്ചില്‍ അനങ്ങാതിരിക്കൂ.... ബാക്കിയെല്ലാഭാഗവും എപ്പോഴും ചലിച്ചുകൊണ്ടിരിക്കും."
    അങ്ങനെ ദിവസങ്ങള്‍ കടന്നു പോയി. നല്ല മഴയുള്ള ഒരു ശനിയാഴ്ച്ച വന്നു ചേര്‍ന്നു. കളിക്കാന്‍ പുറത്തിറങ്ങാന്‍ പറ്റാത്തതു കൊണ്ട് മഴയെ പഴിക്കുമെങ്കിലും മഴ വലിയ ഇഷമായിരുന്നു. കാരണം മഴ കുറയുമ്പോള്‍ ചില വ്യത്യസ്ഥമായ കളികള്‍ക്ക് സാധ്യതകള്‍ തെളിയും. മഴയത്ത് മുറ്റത്തും പരിസരങ്ങളിലുമുള്ള കുഴികളില്‍ വെള്ളം നിറയും. പാറക്കുളവും നിറയും. തവളകളുടെയും വാല്‍മാക്രികളുടെയും പുറകേ പോകാം. പാറക്കുളും നിറഞ്ഞൊഴുകി റോഡരികില്‍ ചെറിയ തോടുകള്‍ രൂപം കൊള്ളും. അവിടെയെല്ലാം കളികള്‍ക്ക് സാധ്യതകള്‍ ഉണ്ട്. മഴ കുറയുമ്പോള്‍ വള്ളങ്ങള്‍ ഉണ്ടാക്കി എല്ലാവരും പുറത്തിറങ്ങും. കടലാസു വള്ളങ്ങള്‍ക്ക് പുറമേ സോപ്പുപെട്ടിവള്ളങ്ങള്‍ പൊങ്ങുതടിവള്ളങ്ങള്‍ എല്ലാമുണ്ടാകും. ഈ വളളങ്ങളുടെ ഉടമസ്ഥര്‍ തമ്മിലുള്ള മത്സരമാണ് പിന്നീടങ്ങോട്ട്. എല്ലാ വള്ളങ്ങളും ഒഴുകുന്ന വെള്ളത്തില്‍ നിരത്തി നിര്‍ത്തും ഒരാള്‍ "ഒണ്‍ യോര്‍ മാര്‍ക്ക്... സെറ്റ് ....." എന്ന സ്ലോകം ചൊല്ലും. ചൂളം വിളി കേള്‍ക്കുമ്പോള്‍ എല്ലാവരും വള്ളങ്ങള്‍ക്ക് ഒഴുകാനുള്ള സ്വാതന്ത്ര്യം കൊടുക്കും എന്നട്ട് ആരുടെ വള്ളമാണ് ആദ്യം ഫിനിഷിംഗ് പോയന്റില്‍ എത്തുക എന്നറിയാന്‍ പുറകേ ഓടും വിജയിയെ കാത്തിരിക്കുന്നത് വന്‍പിച്ച സമ്മാനങ്ങളാണല്ലോ! - പച്ചില ട്രോഫി, പൂച്ചെണ്ട് ഷീല്‍ഡ് തുടങ്ങിയവ. കിട്ടയ ട്രോഫികളും ഷീല്‍ഡുകളും കരിഞ്ഞു  പോയാലും സൂക്ഷിച്ച് വെയ്ക്കുന്നതും പതിവാണ്.

    ആ കളികള്‍ മടുത്ത് വീട്ടിലെത്തി. വള്ളങ്ങളെല്ലാം വീടിനടുത്തുള്ള ചെറിയ വെള്ളക്കുഴിയില്‍ പാര്‍ക്ക് ചെയ്തു.
"ഇനിയിപ്പോ ന്താചെയ്യാ?"
അങ്ങനെ ആലോചിച്ചിരിക്കുമ്പോഴാണ് രാജന്‍ സാര്‍ പറഞ്ഞ പരീക്ഷണത്തെ പറ്റി ഓര്‍ത്തത്. ഹായ്.... പുയൊരു കേസുകെട്ട് കിട്ടിയതിന്റെ സന്തോഷത്തൊടെ അകത്തേക്ക് ഓടി. ഒരു കുഴല്‍ സംഘടിപ്പിക്കണമല്ലോ.... സ്റ്റോറിലും അടുക്കളയിലും മേശയക്കകത്തുമെല്ലാം നോക്കി. ഒന്നും കിട്ടിയില്ല. പെന്‍സിലായിരുന്നു അക്കാലത്തെ പ്രധാന ആയുധം. പേനയുണ്ടായിരുന്നെങ്കില്‍  കുഴലൊപ്പിക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ലായിരുന്നു. അപ്പച്ചന്റെ പേനകള്‍ കാണാന്‍ കിട്ടാറില്ല. കാരണം അതിന്റെ പരിപ്പിളക്കാന്‍ ഞാനുണ്ടല്ലോ. അങ്ങനെ പരിപ്പിളകി അകാലചരമം പ്രാപിച്ച എത്രയോ ഉപകരണങ്ങള്‍ - കാല്‍കുലേറ്ററുകള്‍, കളിപ്പാട്ടങ്ങള്‍ അങ്ങനെയങ്ങനെ...... ഓര്‍മ്പോള്‍ തന്നെ കുളിരു കോരുന്നു കൈ കുരുകുരുക്കുന്നു. അതാവും എന്റെ കണ്‍വട്ടത്ത്  വരാന്‍ പേനകള്‍ മടിക്കുന്നത്.
അങ്ങനെ കുഴലൊന്നും കിട്ടാതെ വഷണ്ണനായി വീടിന്റെ ഉമ്മറപ്പടിയില്‍ കുത്തിയിരിപ്പ് തുടങ്ങി. പരീക്ഷിക്കാന്‍മുട്ടീട്ട് ഇരിക്കാനും വയ്യ. അങ്ങനെയിരിക്കുമ്പോഴാണ് മുറ്റത്ത് ചെടി നനയ്ക്കുന്ന ഹോസ് കണ്ടത്. കിട്ടിപ്പോയ്. കുഴല് കിട്ടിപ്പോയ്. മുറ്റത്തേക്ക് ചാടിയിറങ്ങി ഹോസ് കയ്യിലെടുത്തു. എന്തൊരു നീളം ഇത്രെം വേണ്ട. മുറിച്ചാലോ..? ഞാന്‍ അങ്ങോട്ടുമിങ്ങോട്ടും നോക്കി. പരിസരത്തെങ്ങും ആരുമില്ല. നേരേ അടുക്കളയിലേക്കോടി. അമ്മച്ചി എന്തോ പണിത്തിരക്കിലാണ്. ഒച്ചയുണ്ടാക്കാതെ കത്തി എടുത്തു. അത് അമ്മച്ചികണ്ടു.
"എന്തിനാടാ കത്തി. "
"ഒന്നുമില്ലമ്മേ... "
"എടാ അവിടെയുമിവിടെയും വെട്ടി കൈമുറിക്കരുത്."
"ഇല്ലമ്മേ......" എന്ന് പറഞ്ഞ് പുറത്തേക്കോടി.
ഞന്‍ പണി തുടങ്ങി. മുറിക്കാന്‍ തുടങ്ങിയപ്പോഴാണ് അതത്ര എളുപ്പമല്ലെന്ന് മനസിലായത്. ഇതുകണ്ട ചേട്ടന്‍ എന്റെ അടുത്ത് വന്നു.
"എന്തിനാടാ അത് മുറിക്കുന്നത്. "
"ഒരു സൂത്രത്തിനാ. മുറിച്ചു തന്നാ കാണിച്ചു തരാം. "
സൂത്രം എന്ന് കേട്ടപ്പോ ചേട്ടന്‍ വീണു.
(അങ്ങനെ എത്ര എത്ര സൂത്രങ്ങള്‍. ഒര്‍ത്തു ചിരക്കാന്‍ പലതുമുണ്ട്.)
"ഉം. കത്തിയിങ്ങു താ..."
വെട്ടിയും കണ്ടിച്ചും ഒരു വിധത്തില്‍ ചേട്ടന്‍ ഒരു കഷ്ണം മുറിച്ചെടുത്തു. കുഴലുകിട്ടയപാടേ ഞാനോടി ആ വെള്ളക്കുഴിക്കടുത്തേക്ക്.
"നിക്കടാ ഞാനും വരുന്നു". ചേട്ടനും പുറകേയോടി.
"എന്ത് സൂത്രമാടാ.. വേഗം കാണിക്ക്.."
"ദേ നോക്കിക്കോ ഞാന്‍ ഈ കുഴലിന്റെ ഈയറ്റം വെള്ളത്തില്‍ മുക്കാമ്പോവാ.....
അപ്പോ വെള്ളം മോളിലോട്ട് കേറിവരും. "
അങ്ങനെ ആകാംഷയോടെ ഞാന്‍ ആ കുഴലിന്റെ ഒരറ്റം വള്ളത്തില്‍ മുക്കി
......."ഠോ".......
ഒന്നും സംഭവിച്ചില്ല.
ഞാന്‍ വിചാരിച്ചു വെള്ളം പൊങ്ങിവന്ന് കുഴലിന്റെ മുകളിലെത്തുമെന്ന്.
"ഛേ... കുന്തം.... അവന്റെ ഒരു പൊട്ട പരീക്ഷണം എന്റെ കയ്യും കളഞ്ഞ് ഞാന്‍ കൊഴല് മുറച്ചത് വെറുതേയായി.......
ഒരു മന്തബുത്തി ശാസ്ത്രജ്ഞന്‍..... "( ഈ വിളി പിന്നീട് പലപ്പോഴായി ഞാന്‍ കേട്ടിട്ടുണ്ട് )
ചേട്ടന്‍ പോയി. ഞാന്‍ വീണ്ടും പരീക്ഷണം തുടര്‍ന്നു. കുഴലിന്റെ മറ്റെ അറ്റത്തുകൂടി ഞാന്‍ ഒരു കണ്ണ് ചേര്‍ത്തു വച്ച് നോക്കി. കുറച്ചെങ്കിലും വെള്ളം പൊങ്ങിയിട്ടുണ്ടെങ്കിലോ?
ഇല്ല. ഒന്നും കാണുന്നില്ല. കൂരിരുട്ടുമാത്രം. എന്റെ ഒളിഞ്ഞു നോട്ടം കണ്ടിട്ടാവും, ആ ചെളിവെള്ളപ്പരപ്പില്‍ കണ്ണുമാത്രം പുറത്തുകാണിച്ച് ഒരു മാക്രിക്കുട്ടന്‍ എന്നെ തന്നെ നോക്കി നില്‍ക്കുന്നു ‍! അവന്റെ പല്ല് വെള്ളത്തിനടിയിലാണ്. ഒരുപക്ഷേ അവന്‍‌ എന്നെ കളിയാക്കി ചിരിക്കുന്നുണ്ടാവും. അലവലാതി. അവനെ കൊഞ്ഞനംകുത്തി കാട്ടി ഞാന്‍ പരീക്ഷണം അവസാനിപ്പിച്ചു. അപ്പേഴേക്കും വീട്ടിലെ അടുക്കളയില്‍ നിന്ന് ചാള വറക്കണ മണവും പേറി വന്ന ഒരു മന്ദമാരുതന്‍ എന്റെ മൂക്കില്‍ വന്ന് ബ്രേക്കിട്ടു. ഹാവൂ.... നല്ല വിശപ്പ്.
"അമ്മച്ചീ...... വെശക്കണ്....... "
ഇതിനെയാണ് വിശപ്പിന്റെ വിളി എന്ന് പറയുന്നത്. ഞാന്‍ വീട്ടിലേക്കോടി. 


അതോടെ ആ പരീക്ഷണം മറന്നു. പിന്നീടെപ്പോഴോ രാജന്‍ സാറിനോട് ഇതെ പറ്റി ചോദിച്ചപ്പോള്‍ തീര്‍ത്തും വണ്ണം കുറഞ്ഞ കുഴലാണ് ഉപയോഗിക്കേണ്ടിയിരുന്നത് എന്ന് മനസിലായി. പിന്നെ ചെയ്തു നോക്കണമെന്നു കരുതിയെങ്കിലും മറ്റ് കുരുത്തക്കേടുകള്‍ കണ്ടെത്താനുള്ള ഗവേഷണങ്ങള്‍ക്കിടയില്‍ അത് മറന്നു.
----------------------------------------------------------------------------------------------------
    വര്‍ഷങ്ങള്‍ കടന്നുപോയി. ഞാന്‍ അഞ്ചാം ക്ലാസുകാരനായി. അപ്പോഴേക്കും താമസം അങ്കമാലിയിലേക്ക് മാറ്റിയിരുന്നു. സെന്റ് ജോസഫ്സ് ഹൈസ്കൂളായിരുന്നു പിന്നീടുള്ള ലീലാവിലാസങ്ങള്‍. കന്യാസ്ത്രിയമ്മമാര്‍ നടത്തുന്ന സ്കൂളാണ്, നല്ല തല്ലുകിട്ടും എന്നൊക്കെ പറഞ്ഞു കേട്ടിട്ടുള്ളതിനാല്‍ വലിയ പേടിയൊടെയാണ് സ്കൂളിലേക്ക് കടന്നു ചെന്നത്. എന്തിനൊക്കയാ തല്ലു കിട്ടുക എന്നറിയില്ല. അതിനാല്‍ പതിവു കുരുത്തക്കേടുകള്‍ കാട്ടാന്‍ പേടിക്കണം. അതായിരുന്നു അന്നത്തെ അവസ്ഥ. ശാസ്ത്രത്തോട് എന്നെ കൂടുതല്‍ അടുപ്പിച്ച ജാന്സി ടീച്ചറും ഭൌതിക ശാസ്ത്രത്തോട് എന്ന കൂടുതല്‍ അടുപ്പിച്ച ലില്ലി പോള്‍ സിസ്റ്ററും ഈ സകൂളിലെ അധ്യാപകരാണ്. അന്നത്തെ സയന്‍സ്ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ ഞാന്‍ ഒരുപാട് ആസ്വദിച്ചിരുന്നു.
    അങ്ങനെയിരിക്കെ ആരോ എനിക്കൊരു ഹീറോപേന തന്നു. പഴയതാണെങ്കിലും കുഴപ്പമില്ലാതെ എഴുതാം. ഉപയോഗിക്കാതിരുന്ന് മഷി കട്ടപിടിച്ചതിന്റെ ചില കുഴപ്പങ്ങള്‍ കാണുന്നുണ്ട്. സാരമില്ല ശരിയാക്കിയെടുക്കാം എന്നു കരുതി.
 

അങ്ങനെ അവനെ ഒപ്പറേഷന്‍ തീയറ്ററിലെത്തിച്ചു. ഡോക്ടറും നേഴ്സും എല്ലാം ഞാന്‍ തന്നെ. ഒരു പാത്രം വെള്ളവുമായി തീയറ്ററിനകത്തുകയറി കതകടച്ചു. ആരേലും കണ്ടാ കുഴപ്പമാ. ഞാന്‍ അതിന്റെ പരിപ്പിളക്കുവാണെന്ന് പറഞ്ഞ് വഴക്കുപറയും. എന്തിനാ അതിന് അവസരം കൊടുക്കുന്നത്?
   ഓപ്പറേഷന്‍ തുടങ്ങി. ഒരോ പാര്‍ട്സായി അവനെ അഴിച്ച് ആദ്യം വെള്ളത്തിലിട്ടു. പിന്നെ നന്നായി കഴുകി വൃത്തിയാക്കി. നിബ്ബിന്റെ ഭാഗം വലിച്ചൂരിയപ്പോഴാണ് ഒരു കുഴല്‍ പ്രത്യക്ഷപ്പെട്ടത്. ഒരു നേര്‍ത്തകുഴല്‍. ആ കുഴല്‍ എനിക്കിഷ്ടപ്പെട്ടു. തിരിച്ചും മറിച്ചും അതിനെ നോക്കി. അപ്പോഴാണ് അതിനുള്ളില്‍ ഒരറ്റത്തായി കുറച്ച് വെള്ളം ഇരിക്കുന്നത് കണ്ടത്. തിരിച്ചിട്ടും മറിച്ചിട്ടും അതു താഴേക്ക് വീഴുന്നില്ല. കുഴലിനകത്ത് എന്തെങ്കിലും വസ്തു ഇരുന്ന് അടഞ്ഞിട്ടുണ്ടാകുമെന്ന് കരുതി ശക്തിയായി ഒന്നൂതി.
"ഫൂ......"
    വെള്ളം തെറിച്ചുപോയി. വീണ്ടും അത് വെള്ളത്തലിട്ട് കഴുകി. വീണ്ടും പഴയ അവസ്ഥ. അല്പം വെള്ളം മാത്രം പോണില്ല. ഇതെന്തുകഥ? പലവട്ടം ശ്രമിച്ചിട്ടും അതുതന്നെ ഫലം. ട്യൂബിന്റെ ഒരറ്റം വെള്ളത്തിലോന്ന് തോട്ടുനൊക്കി. ആ അദ്ഭുതം സംഭവിച്ചു. ട്യൂബിലൂടെ വെള്ളം പാത്രത്തിലെ വെള്ളത്തിന്റെ നിരപ്പില്‍ നിന്ന് ഒരല്പം ഉയര്‍ന്നു. ആ പഴയ പരീക്ഷണത്തിന്റെ ഒര്‍മകള്‍ മനസില്‍ നിറഞ്ഞു. സന്തോഷം അടക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ ആ പരീക്ഷണം വിജയം കണ്ടു. അതും അപ്രതീക്ഷിതമായി. ആരോടും പറയാന്‍ പറ്റാതെ ഞാന്‍ വീര്‍പ്പുമുട്ടി. പറയാന്‍ പുറത്തിറങ്ങാല്‍ എന്റെ ഓപ്പറേന്‍ കഥ പുറത്താവുമല്ലോ...
ഊരിയടുത്ത പാര്‍ട്സ് പഴയപടി വയ്ക്കാന്‍ പറ്റുമോ എന്ന് എനിക്ക് അപ്പോഴും നിശ്ചയമില്ലായിരുന്നു. എന്തായാലും ആ ചെറിയ കുഴല്‍ ഒഴിവാക്കി പേന റീഅസംമ്പിള്‍ ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചു. അങ്ങനെ ചെയ്തിട്ടും പേനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കുഴപ്പമൊന്നും സംഭവിച്ചില്ല. കുറച്ച് മഷി കൂടതലായി പുറത്തു വരന്നുണ്ടോ എന്നൊരു സംശയം മാത്രം.  ആ മാജിക്ക് ചേട്ടനെയും കാണിച്ചുകൊടുത്തു. സ്കൂളില്‍ കൊണ്ടു പോയി കൂട്ടുകാരേയും കാണിച്ചുകൊടുത്തു. ആ കുഴല്‍ ഞാന്‍ വളരെക്കാലം സൂക്ഷിച്ചു വച്ചു.
 കാപ്പിലറി റൈസ്

പിന്നീടെപ്പോഴോ അത് കാണാതെ പോയി. ചിലപ്പൊ എന്റെ 'ആക്രിപ്പെട്ടി'യില്‍ സൂക്ഷ്മമായി ഒന്നു തെരഞ്ഞാലത് കിട്ടുമായിരിക്കും. എനിക്ക് കിട്ടുന്ന ലൊട്ട് ലൊടുക്ക് സാധനങ്ങള്‍ എല്ലാം പെറുക്കിയിടുന്ന പെട്ടയാണ് ഈ 'ആക്രിപ്പെട്ടി'. ആ കാലം മുതല്‍ക്കുള്ള പല സാധനങ്ങളും- കാന്തങ്ങള്‍, നട്ടുകള്‍, കേടായ ഇലക്ടോണിക് ഉപകരണങ്ങളുടെ ഭാഗങ്ങള്‍ (ചിലത് ഞാന്‍ കേടാക്കിയവയാണ് കേട്ടോ), കളിപ്പാട്ടങ്ങളുടെ ഭാഗങ്ങള്‍ അങ്ങനെ പോകുന്നു ആക്രിപ്പെട്ടിയില്‍ സൂക്ഷിക്കുന്ന സാധനങ്ങളുടെ ലിസ്റ്റ്. ചേട്ടനാണ് അതിന് ആക്രിപ്പെട്ടി എന്ന് പേരു ചമച്ചത്.
 
 
 എന്റെ ചില ആക്രിപ്പെട്ടികള്‍
----------------------------------------------------------------------------------------------------
    കാലം എല്ലാ പതിബന്ധങ്ങളെയും തട്ടി തെറിപ്പിച്ചങ്ങനെ മുന്നേറി. ഞാന്‍     ഒന്‍പതാം കലാസിന്റെ കട്ടിളപ്പടിയും താണ്ടി മുന്നോട്ട് കടന്നു. അപ്പോഴേക്കും മാന്നാനത്തെ സെന്റ് എഫ്രേംസ് സൂളിലിലക്ക് എന്നെ പറിച്ചു നട്ടു. താമസം സെന്റ് അലോഷ്യസ് ബോര്‍ഡിങ്ങിലും. ചേട്ടന്റെ സെമിനാരിയില്‍ പോക്ക് അമ്മച്ചിയുടെ അസുഖം യാത്രാ ബുദ്ധിമുട്ട് അങ്ങയെ അതിന്റെ കാരണങ്ങള്‍ പലതായിരുന്നു. വാടാന്‍ കൂട്ടാക്കാതെ അവിടെയും ഞാന്‍ എന്റെ വേരുകള്‍ പടര്‍ത്തി. പ്രത്ത്യേകിച്ച്  ലക്ഷ്യങ്ങളോ കാഴ്ച്ചപ്പാടുകളോ ഒന്നും എനിക്കില്ലായിരുന്നു. പഠിച്ച് പഠിച്ച് എങ്ങുമെത്തണമെന്ന ചിന്തകളും ഇല്ലായിരുന്നു അക്കാലത്ത്. പഠിപ്പിക്കുന്ന കാര്യം ഇഷ്ടപ്പട്ടാല്‍ അതിന്റെ പിന്നാലെ അല്പനേരം ചിന്തയെ അഴിച്ചുവിടും. ഇഷ്ടമില്ലാത്തവ പഠിക്കാന്‍ മെനക്കെടാറില്ല. പരീക്ഷ വരുമ്പോള്‍ എന്തെങ്കുമൊക്കെ പഠിച്ചൊപ്പിക്കും. അതില്‍ കവിഞ്ഞൊരു പഠനമൊന്നും ഇല്ല. അതുകൊണ്ട് കൊട്ടപ്പടി മാര്‍ക്കൊന്നും കിട്ടിയിരുന്നില്ല. എല്ലാത്തിനേം പ്രായോഗിക തലത്തില്‍ നോക്കിക്കാണാന്‍ ഇഷ്ടപ്പട്ടിരുന്നത് കൊണ്ട് അത്തരത്തില്‍ ബന്ധങ്ങള്‍ കണ്ടെത്താന്‍ കഴിയാതിരുന്നത് പലതും മനസില്‍ തട്ടിയില്ല എന്നതാണ് സത്യം.
    അങ്ങനെയിരിക്കേ ആ പഴയ പരീക്ഷണം ക്ലാസ് മുറിയിലേക്ക്.... 'കൊഹെഷന്‍' 'അഡ്ഹെഷന്‍' തുടങ്ങിയ കഠിന പദങ്ങളുടെ അകംമ്പടിയോടെ അവന്‍ കടന്നു വന്നു. "കേശികത്വം" . ജോഷി സാറാണ് ഇതെല്ലാം പറഞ്ഞ് ഞങ്ങളെ ഭയപ്പെടുത്താന്‍ ശ്രമിച്ചത്. കാര്യം പറഞ്ഞു വന്നപ്പോളല്ലേ മനസിലായത്, ഇത് നമ്മുടെ ഹീറോപ്പേനയുടെ കുഴല്‍ പറഞ്ഞുതന്ന രഹസ്യമല്ലേ. ആ സംഭവ പരമ്പര ചലചിത്ര രൂപേണ  മനസില്‍ തെളിഞ്ഞു. സാറു പറഞ്ഞ കാര്യങ്ങള്‍ ശരിക്ക് മനസില്‍ പതിഞ്ഞു. വിളക്കില്‍ എങ്ങനെയാണ് എണ്ണ മുകളിലേക്ക് കയറുന്നത്, കിളച്ചിട്ടാല്‍ മണ്ണിന്റെ ജലാംശം നഷ്ടപ്പെടാതെ സംരക്ഷിക്കാം തുടങ്ങിയ കാര്യങ്ങളൊക്കെ പകലുപോലെ വ്യക്തമായി. പഴയ ആ അനുഭത്തിന്റെ വില ഞാന്‍ തിരച്ചറിഞ്ഞു. ചില അനുഭവങ്ങള്‍ അങ്ങനെയാണ് അതിന്റെ ഓര്‍മകള്‍ നമ്മെ വിടാതെ പിന്‍തുടര്‍ന്നുകൊണ്ടേയിരിക്കും.
   ഒന്‍പതാം ക്ലാസിലെ പുതയ ഭൌതികശാസ്ത്ര പുസ്തകത്തിലും ഈ പഠഭാഗം ഉണ്ട്. കേശികത്വത്തിന്റെ ശാസ്ത്രീയ വശങ്ങള്‍ മനസിലാക്കണമെന്നുണ്ടെങ്കില്‍ ആ പുസ്തകം ഇവിടുന്ന് ഡൌണ്‍ലോഡ് ചെയ്ത് വായിക്കുക. പുതിയ പുസ്തകത്തില്‍ എത്ര രസകരമായിട്ടാണ് ആ കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്. പുതിയ പാഠ്യപദ്ധതിയുടെ ഈ കാലഘട്ടത്തില്‍ സ്കൂളില്‍ പഠിക്കാന്‍ കഴിയാത്തത് ഒരു വലിയ നഷ്ടം തന്നയാണ്. 
------------------------------------------------------------------------------------------------------
    കാലം വീണ്ടും ഒരു സ്റ്റേഷനിലും നിര്‍ത്താതെ ചൂളം വിളിച്ച് മുന്നാട്ടോടി. ഞാന്‍ +2 വിലകപ്പെട്ടു. അവിടെയുമെത്തി ഈ കേശികത്വം. 'കാപ്പിലറി ആക്ഷന്‍' എന്ന ആംഗലേയ കുപ്പായവുമണിഞ്ഞായിരുന്നു അവന്റെ വരവ്. കൂടുതല്‍ അടുത്തറിഞ്ഞപ്പോഴാണ് കേശികത്വം രണ്ടു രരത്തിലുണ്ട് എന്ന് മനസിലായത്. കേശിക ഉയര്‍ച്ചയും കേശിക താഴ്ച്ചയും. അവയെ പറ്റി വിശദീകരിച്ച് കാടുകയറുന്നില്ല. ശാസ്തീയ വശങ്ങള്‍‌ മനസിലാക്കാന്‍ ഈവിടെ ക്ലിക്ക് ചെയ്യുക.അന്നും ഈ സംഭവ പരമ്പര മനസില്‍ ആടി തിമിര്‍ത്തു.


കാര്യങ്ങളെ അര്‍തഥ പൂര്‍ണമായി മനസിലാക്കാന്‍ ജീവിതാനുഭവങ്ങള്‍ ഒരുപാട് സഹായിക്കും. കാണാനും കേള്‍ക്കാനും തൊടാനും അനുഭവിക്കാനും കഴിയുന്ന കാര്യങ്ങള്‍ കൂടുതല്‍ ആഴത്തില്‍ മനസിലാക്കാനും ഒര്‍മയില്‍ തങ്ങിനില്‍ക്കാനും സഹായിക്കും.  നിത്യ ജീവിതത്തിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനാനുള്ള മാര്‍ഗങ്ങള്‍ രൂപീകരിക്കാനും ആ അനുഭവങ്ങള്‍ നമുക്ക് കൂട്ടായി വരും.

പിന്‍കുറിപ്പ്:
ചാക്രിക ആരോഹണ രീതി (സ്പൈറല്‍ അപ്രൊച്ച്) എന്താണെന്ന് ടിടിസി ക്ലാസില്‍ പഠിച്ചത് ഓര്‍മ വരുന്നു. ഒരേ കാര്യം കുട്ടി പല ക്ലാസുകളില്‍ പഠിക്കുന്നുണ്ട്. ഓരോ ക്ലാസിലും കുട്ടി നേടുന്ന അറിവിന്റെ വ്യാപ്തി കൂടികൂടി വരും. മനശാസ്ത്രപരമായ ഈ രിതിയാണ് ചാക്രിക ആരോഹണ രീതി. പാഠ്യ പദ്ധതി തയ്യാറാക്കുമ്പോള്‍ ഈ രീതി അവലമ്പിക്കുന്നുണ്ട്. എന്റെ ഈ അനുഭവങ്ങള്‍ ചാക്രിക ആരോഹണ രീതിയെ അടിവരയിടുന്നു എന്നൊരു തോന്നല്‍.

16 comments:

  1. ഇനിയും പരീക്ഷണങ്ങൾ തുടരട്ടെ, ആശംസകൾ,

    ReplyDelete
  2. good, keep writing..., then add this blg in jalakam

    ReplyDelete
  3. പരീക്ഷങ്ങള്‍ ഇഷ്ടപ്പെട്ടു... പണ്ട് ഞാന്‍ അതുപോലെ നടത്തിയ ചില പരീക്ഷണങ്ങള്‍ ഓര്‍മവന്നു. അന്ന് ലേബര്‍ ഇന്ത്യ ഇല ആല്ബര്ട്ട് ഐന്‍സ്റീന്‍ ന്റെ കഥ വായിച്ച് അദ്ദേഹത്തെപോലെ ആകണം എന്ന് കരുതി 'കണ്ടുപിടിത്തങ്ങള്‍' നടത്താന്‍ നടന്നിരുന്നു. ഒരിക്കല്‍ ഒരു പഴയ സ്റ്റീല്‍ കിണ്ണത്തില്‍ പ്ലാസ്ടിക്കും മെഴുകും ഇട്ട് ഉരുക്കി ഒരു പുതിയ 'വസ്തു' കണ്ടുപിടിച്ചതായി വിചാരിച്ച് നടന്നു കുറേക്കാലം........

    ReplyDelete
  4. ക്ലാസ് ടീച്ചറായ ഗോപിസാര്‍ പറയുന്നത് " അവന്റെ ചന്തി മാത്രമേ ബഞ്ചില്‍ അനങ്ങാതിരിക്കൂ.... ബാക്കിയെല്ലാഭാഗവും എപ്പോഴും ചലിച്ചുകൊണ്ടിരിക്കും." ഇതും നല്ലൊരു പരീഷണമാണ്

    ReplyDelete
  5. Same as my story ;-)

    -Science Uncle
    www.scienceuncle.com

    ReplyDelete
  6. Read life experiences; wishing U better experiences in pedagogy & life

    ReplyDelete
  7. പഠിക്കുന്ന കാലത്തേ 'മിടുക്കനായിരുന്നല്ലേ'....?!! :)

    ReplyDelete
  8. Awesome! Excellent & Calibrated.
    You have really high PE. How fast you convert it into KE will decide the velocity at which you earn fame and success!

    Start a youtube channel too, where you can post your exeperiments

    ReplyDelete
  9. nice memories sir... really, i too mis de new way of educational system. pand vinjana uthsavangalkkaayi kathirikkarundayirunnu.... we missed it !!!! :(

    ReplyDelete
  10. ആശംസകള്‍...
    ധാരാളം എഴുതുക. അതുപോലെ തന്നെ വായിക്കുക.

    ReplyDelete
  11. നന്നായി എഴുതി.
    താഴ്‌ന്ന നിലത്തെ നീരോടൂ എന്ന അമ്മച്ചിയുടെ ഉപദേശം എത്ര അര്‍ത്ഥവത്താണ്..
    സ്കൂള്‍ കഥകള്‍ വളരെ സ്വാഭാവികമായിട്ടുണ്ട്.
    ഇത്തരം അന്വേഷണ ത്വര ഇന്നത്തെ കുട്ടികള്‍ക്കുണ്ടോ ആവോ?
    'മന്ദ ബുത്തി' പ്രയോഗം അസ്സലായി..
    :)

    ReplyDelete
  12. ഇപ്പോഴാണ്‌ ഇത് വായിക്കാന്‍ കഴിഞ്ഞത്.വളരെ അര്‍ത്ഥവത്തായി തോന്നി.ഇവിടെ (ജപ്പാനില്‍)എന്റെ കുട്ടികള്‍ പഠിക്കുന്ന സ്കൂളിലെ രീതിയും ഇത് തന്നെ ആണ്.കണ്ടു,തൊട്ടു,അനുഭവിച്ചു,പഠിക്കുക എന്നത് വലിയ കാര്യം ആണ്.

    ReplyDelete
  13. മാഷേ... അതു ശരി.. അപ്പോള്‍ സ്കൂള്‍ ദിനങ്ങള്‍ എതാണ്ട് എല്ലാവരും ഇങ്ങിനെയൊക്കെത്തന്നെയാണല്ലേ?

    ReplyDelete
  14. CASINO | The Grand Dunes Resort and Casino - KTM Hub
    › 2021/09/17 › 당진 출장샵 CASINO › 2021/09/17 평택 출장샵 › CASINO Casino. 777 Casino Way - Hollywood. South 거제 출장안마 Lake Tahoe, NV 인천광역 출장샵 89449. 서귀포 출장마사지 Directions · (702) 385-9696. Call Now · More Info. Hours, Accepts Credit Cards, Accepts

    ReplyDelete