ജീവിതത്തിലെ വസന്തകാലമാണ് സ്കുള്‍ ജീവിതം. ഞങ്ങള്‍ , അധ്യാപകരാണ് ലോകത്തിലെ ഏറ്റവും ഭാഗ്യം ചെയ്തവര്‍. കാരണം വിദ്യാലയമെന്ന മനോഹരതീരത്ത് പുനര്‍ജനിക്കാന്‍ ഭാഗ്യം ചെയ്തവരാണ് ഞങ്ങള്‍.... എന്റെ അധ്യായന-അധ്യാപന ദിനങ്ങളിലെ അനുഭവങ്ങള്‍ കോറിയിട്ട ചുവര്‍ചിത്രമാണ് ഈ ജാലകക്കാഴ്ച ..........................

എവര്‍ക്കും സ്വാഗതം

...........................
RSS

Tuesday, June 26, 2012

ബഡ്ഡിങ്ങും ഗ്രാഫ്റ്റിങ്ങും പിന്നെ കുറേ നല്ല ഓര്‍മകളും

വീണ്ടും ശാസ്ത്രാധ്യാപനത്തിന്റെ വാതായനങ്ങള്‍ എനിക്ക് മുന്നുല്‍ തുറന്നു കിട്ടി. എറെ നാളായി പൂട്ടിയിട്ടിരുന്ന എന്റെ ബൂലോക ജാലകം ഇന്ന് വീണ്ടും തുറക്കുകയാണ്. പഠനത്തിനായി അവധിയെടുത്തതിനെ തുടര്‍ന്ന് മാഞ്ഞൂര്‍ സ്കൂളില്‍ നിന്നും വെച്ചൂര്‍ സ്കൂളിലേക്ക് സ്ഥലം മാറിപ്പോവേണ്ടി വന്നു. ഒപ്പം എന്റെ  ശാസ്താധ്യാപകന്റെ കുപ്പായവും ഊരേണ്ടി വന്നു. ഈ വര്‍ഷം വീടിനടുത്തുതന്നെയുള്ള കടപ്പൂര്‍ സ്കൂളിലേക്ക് സ്ഥലം മാറ്റം കിട്ടി. നല്ലവരായ സഹപ്രവര്‍ത്തകരുടെ കരുണ കൊണ്ട് എനിക്ക് ശാസ്ത്രാധ്യാപകന്റെ കുപ്പായം വീണ്ടും അണിയാറായി....

പച്ചയാം വിരിപ്പ് എന്ന 7 ാം ക്ലാസിലെ പാഠഭാഗത്തിലൂടെ ഇപ്പോള്‍ കടന്നു പോയിക്കൊണ്ടിരിക്കുകയാണ്. ഒപ്പം പഴയ ഒരുപാട് ഒര്‍മകളിലൂടെയും..... മാഞ്ഞൂര്‍ സ്കൂളില്‍ ആയിരുന്ന സമയത്ത് ഈ പാഠഭാഗം പഠിപ്പിക്കുന്ന അവസരത്തില്‍ പലപ്രശ്നങ്ങളും ഞാന്‍ നേരിട്ടു. പ്രശ്നപരിഹാരത്തിന് ഒരു പഠനയാത്ര തന്നെ സംഘടിപ്പിക്കേണ്ടി വന്നു. ആ സ്മരണകളിലേക്ക്  ഒന്നെത്തിനോക്കാന്‍ ഒരു ശ്രമം നടത്തുകയാണ്.

പച്ചയാം വിരിപ്പ് എന്ന പാഠഭാഗം കുട്ടികളെ മണ്ണിനോടും കൃഷിയോടും കൂടുതല്‍ അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സിലബസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നല്ല വിത്ത് / നടീല്‍ വസ്തുക്കള്‍ ഉത്പാദിപ്പിക്കാന്‍ സ്വീകരിക്കുന്ന വിവിധ മാര്‍ഗങ്ങളെ പറ്റി കൂടുതല്‍ അന്വേഷിക്കാനും വിവരങ്ങള്‍ ശേഖരിക്കാനും അവയില്‍ ചിലത് പരീക്ഷിച്ച് നോക്കാനുമെല്ലാം പാഠഭാഗത്ത് നിര്‍ദേശിക്കുന്നുണ്ട്. ബഡിങ്ങ്, ഗ്രാഫ്റ്റിങ്ങ്, ലെയറിങ്ങ് തുടങ്ങിയവയെ പറ്റി കൂടുതല്‍ മനസിലാക്കി അത് പരീക്ഷിച്ചു നോക്കുക എന്നത് പഠനപ്രവര്‍ത്തനത്തിന്റെ ഭാഗമായി ചെയ്യേണ്ടതുണ്ടായിരുന്നു. ടെക്സ്റ്റ് ബുക്കില്‍ നല്‍കിയിട്ടുള്ളതും  ഇന്റര്‍നെറ്റില്‍ നിന്നും ശേഖിച്ചതുമായ വിവരങ്ങള്‍ ഉപയോഗിച്ച് ചില പരീക്ഷണ നിരീക്ഷണങ്ങള്‍ നടത്താന്‍ ഞങ്ങള്‍ തീരുമാനിച്ചു.... ആദ്യം ബഡ്ഡിങ്ങു തന്നെയാവട്ടെ.... കത്തി, ബ്ലെയ്ഡ് തുടങ്ങിയ മാരകായുധങ്ങളുമായി ഒരു വ്യാഴാഴ്ച്ച രാവിലത്തെ ഇന്റര്‍വെല്ലിനു ശേഷമുള്ള സയന്‍സ് പീരിയഡ് ഞങ്ങള്‍ പുറത്ത് ചാടി.. ഏഴാംക്ലാസിന്റെ വാതുക്കല്‍ തന്നെ നില്‍ക്കുന്ന പാവം ചെമ്പരത്തി..... മാരകായുധങ്ങളുമായി അടുത്തേക്ക് വരുന്ന "കൊട്ടേഷന്‍ ടീമിനെ" കണ്ട് നടുങ്ങി..... "കൊള്ളാം ബഡ് ചെയ്യാന്‍ പറ്റിയ ചെടി" എന്നൊക്ക ആരൊക്കെയൊ പറയുന്നത് കേട്ടിട്ടാണോ അതോ ഇളം കാറ്റേറ്റിട്ടാണോ ആ ചെമ്പരത്തി ചെടിയുടെ ഇലകള്‍ നന്നായി വിറയ്കുന്നുണ്ടായിരുന്നു. ഞാന്‍ ആ വിറയ്ക്കുന്ന ഇലകളെ മെല്ലെ വകഞ്ഞ് മാറ്റി  മുകുളം ഒട്ടിച്ചു ചേര്‍ക്കാന്‍ പറ്റിയ ഒരു കമ്പ് കണ്ടെത്തി. കൂട്ടത്തിലെ പ്രധാന ദിവ്യന്മാരും അത് ശരി വച്ചു.
" സാറേ... ആ കിണറിനടുത്ത് നില്‍ക്കുന്ന കട്ട ചെമ്പരത്തീടെ മുകുളം ഇവിടെ ഒട്ടിക്കാം...." ജോയല്‍ പറഞ്ഞു.
" അതെ സാറേ അതു മതി..." ചിലര്‍ അതിനെ അനുകൂലിച്ചു.
"എന്റെ വീട്ടില്‍ രണ്ടു നിലയുള്ള ഓറഞ്ച് നിറമുള്ള ചെമ്പരത്തിയുണ്ടായിരുന്നു ... ശോ... അതായിരുന്നേല്‍ അടിപൊളിയായിരുന്നു... " ജിനു മുരാരി പരിഭവിച്ചു....

ഏതായാലും കുട്ടികളുടെ അഭിപ്രായം മാനിച്ച് ഞങ്ങള്‍ കിണറിനടുത്തേക്ക് നടന്നു. ചെമ്പരത്തിചെടിയുടെ ഇലകള്‍ മാറ്റി നോക്കിയപ്പോള്‍ വിടരാന്‍ കൊതിക്കുന്ന ധാരാളം കുഞ്ഞുമുകളങ്ങള്‍ ഞങ്ങളെ നോക്കി ചിരിക്കുന്നു. ബ്ലേഡ് ഉപയോഗിച്ച് ഒരെണ്ണം ഞാന്‍ അടര്‍ത്തിയെടുത്തു. പലര്‍ക്കും പരീക്ഷിച്ചു നോക്കാന്‍ തിടുക്കമായി. ചിലര്‍ എന്റെ കയ്യില്‍ നിന്ന് ബ്ലേഡ് വാങ്ങി ഓരോ മുകുളങ്ങള്‍ അടര്‍ത്തിയെടുത്തു. അങ്ങനെ അടര്‍ത്തിയെടുത്ത അഞ്ചാറ് മുകുളങ്ങളുമായി ഞങ്ങള്‍ പഴയ സ്ഥലത്ത് തിരിച്ചെത്തി. "എന്നെ എന്തു ചെയ്യാന്‍ പോവാ നിങ്ങള്‍?" എന്ന് ചോദിക്കുന്ന ഭാവത്തില്‍ ചെമ്പരത്തിചെടി കാറ്റില്‍ ആടി ഉലയുന്നുണ്ടായിരുന്നു. അത് വകവെക്കാതെ നേരത്തേ കണ്ടു വച്ച കമ്പില്‍ ഒരു "T" ആകൃതില്‍ ഒരു മുറിവുണ്ടാക്കി അതിനിടയിലേക്ക് ഒരു മുകുളത്തെ തിരുകിവച്ചു. നൂലുപയോഗിച്ച് ആഭാഗം കെട്ടിവച്ചു. അപ്പോഴേക്കും മറ്റ് മുകുളങ്ങളും ബഡ്ചെയ്യാന്‍ റെഡിയായി ഒരു സംഘം കാത്തിരിക്കുന്നുണ്ടായിരുന്നു. അവര്‍ക്കും അവസരം കൊടുത്തു.
എല്ലാം കഴിഞ്ഞ്, ചെയ്ത വീര കൃത്യം ദൂരെ നിന്ന് എല്ലാവരും കൂടെ നോക്കി ആസ്വദിച്ചു.
"നോക്കിക്കോ സാറെ എന്റെ ബഡിങ്ങ് പിടിക്കും."
" എന്റേം..."
" നിന്റെ കെട്ട് മുറുകീട്ടല്ല ... "
അങ്ങനെ പതിവുള്ള കശപിശ സംസാരങ്ങള്‍ക്കിടയില്‍ മണിയടി ശബ്ദം മുഴങ്ങി..
"എല്ലാ ദിവസോം നോക്കണം...... മാറ്റങ്ങള്‍ നോട്ടില്‍ കുറിച്ചേക്കണം.... ആരേം തൊടാന്‍ സമ്മതിച്ചേക്കരുത്..."
തുടങ്ങിയ നിര്‍ദേശങ്ങള്‍ നല്‍കി ഞാന്‍ സ്ഥലം വിട്ടു. കുട്ടികള്‍ പലരും അവിടെ തന്നെ നിന്ന് ചെയ്തു വച്ചിരിക്കുന്നതിനെ ഉറ്റു നോക്കി കൊണ്ടിരുന്നു.

ദിവസങ്ങള്‍ കഴിഞ്ഞു. നിരാശാജനകമായ കാഴ്ച്ചയാണ് ഞങ്ങളെ കാത്തിരുന്നത്.  ഒട്ടാന്‍ വച്ച ബഡുകള്‍ ഓരോന്നായി കരിഞ്ഞു തുടങ്ങിയിരിക്കുന്നു. ഒരോന്നു കരിയുമ്പോഴും മറ്റുള്ളവരുടെ കുത്തുവാക്കും പരിഹാസങ്ങളും കൊണ്ട് അത് ചെയ്തവരുടെ മുഖങ്ങള്‍ വാടി വന്നു. ഞാന്‍ ചെയ്ത ബഡും അങ്ങനെ ഒരു ദിവസം കരിഞ്ഞുണങ്ങിയതായി കണ്ടെത്തി.
"ദേ സാറു ചെയ്തതും കരിഞ്ഞു....  പിന്നാ ഞങ്ങളുടെ.... " രെഹിലിന്റെ ഡയലോഗ്.
കുട്ടത്തോടെ കരിഞ്ഞ ബഡുകളെ നോക്കി ക്ലാസ് ഒന്നടങ്കം നെടുവീര്‍പ്പെട്ടു.
"ഇനി ബഡ് ചെയ്യുന്നതിന് മുന്‍പ് അറിയാവുന്ന ആരോടെങ്കിലും ചോദിച്ചിട്ടേയുള്ളു. അങ്ങനെയങ്ങു തോല്‍ക്കാന്‍ പാടില്ലാല്ലോ "
അന്ന് മുഴുവന്‍ സ്കുളിലുടെ നടക്കുമ്പോള്‍ അതിനെപറ്റി തന്നയായിരുന്നു ചിന്ത. ആരോടാ ഒന്ന് ചോദിക്കുക. സഹപ്രവര്‍ത്തകരോട് ചോദിച്ചെങ്കിലും കൃത്യമായി പറഞ്ഞ് തരാന്‍ ആര്‍ക്കും കഴിഞ്ഞില്ല.
" റബ്ബര്‍ നേഴ്സറിയില്‍ ചെന്നാല്‍ നല്ല ബഡ്ഡര്‍മാരുണ്ടാവും . അവരോട് ചോദിച്ചാല്‍ ഭംഗിയായി പറഞ്ഞു തരും." ലിന്‍സി ടീച്ചര്‍ പറഞ്ഞു.
" കൊള്ളാം നല്ല ഐഡിയ. കോട്ടയം ജില്ലയിലാണോ റബര്‍ നേഴ്സറിക്ക് പഞ്ഞം? അന്വേഷിച്ചിട്ട് തന്നെ കാര്യം"
അന്ന് വൈകുന്നേരം ബൈക്കില്‍ വിട്ടിലേക്ക് പോകുന്നേരം വഴിയരികിലെല്ലാം വല്ല റബ്ബര്‍ നേഴ്സറിയുണ്ടോന്ന് നോക്കിനോക്കിയാണ് പോയത്. കുറവിലങ്ങാടെത്തിയപ്പോഴാണ്  'സയന്‍സ് വെക്കേഷന്‍ ട്രെയിനിങ്ങിന്റെ' DRG യില്‍ വച്ച് എബിസാറും ചന്ദ്രമ്മ ടീച്ചരും കോഴായിലുള്ള കോട്ടയം ജില്ലാ കൃഷിത്തോട്ടത്തെ പറ്റി പറഞ്ഞത് ഓര്‍മ വന്നത്. 5 മണിക്ക് മുമ്പ് സ്ഥലത്തെത്തിയാല്‍ കാര്യങ്ങള്‍ അന്വേഷിച്ചറിയാം. പിന്നെ ഒന്നും ആലോചിച്ചില്ല. വണ്ടി അങ്ങോട്ട് തിരിച്ചു.   5 മിനിറ്റിനുള്ളില്‍ സ്ഥലത്തെത്തി. ഓഫീസ് തപ്പി കണ്ടുപിടിച്ച് കാര്യങ്ങള്‍ അന്വേഷിച്ചു. സംഗതി വെരി സിംമ്പിള്‍. സ്കൂളിന്റ ഒരു ലെറ്റര്‍ ഹെഡില്‍ ഹെഡ് മാസ്റ്റരുടെ പേരില്‍ ഒരു അപേക്ഷ തന്നാല്‍ മതി. എന്നു വേണമെങ്കിലും കുട്ടികളെയും കൊണ്ടു വന്നോളാന്‍ അനുവാദം കിട്ടി.
" വരുന്നതിന്റെ തലേദിവസം ഒന്ന് വിളിച്ച് പറഞ്ഞേക്കാമോ? "
"അതിനെന്താ മാഡം. നമ്പര്‍ തന്നോളൂ...."
" 944......."
നമ്പറും വാങ്ങി ഉത്സാഹഭരിതനായി വീട്ടിലേക്ക് മടങ്ങി...
പിറ്റേന്ന് സ്കുളിലെത്തി കാര്യങ്ങള്‍ കുട്ടികളുമായി ചര്‍ച്ച ചെയ്തു. 20 രൂപാ വീതം പിരിക്കാന്‍ തീരുമാനിച്ചു. ബസ് ടിക്കറ്റിനുള്ള തുക  മാത്രം. കുട്ടികള്‍ ഒരു ടൂര്‍ പോകുന്നതിന്റെ ആവേശത്തിലായി. പെണ്‍കുട്ടികള്‍ ഉള്ളതല്ലേ അതുകൊണ്ട്  ലിന്‍സി ടീച്ചറെ കൂടെ കൂട്ടണം. ടീച്ചറോട് പ്രത്യേകിച്ച് ചോദിക്കേണ്ട കാര്യമില്ല. കാരണം നല്ല കാര്യങ്ങള്‍ ആരു ചെയ്താലും ടീച്ചര്‍ ഫുള്‍ സപ്പോര്‍ട്ടാണന്ന്  എനിക്കുറപ്പായിരുന്നു. പറയേണ്ട താമസം ടീച്ചര്‍ റെഡി. കാര്യങ്ങള്‍ ഹെഡ്മാസ്റ്ററായിരുന്ന ബേബി സാറിനോടും ചര്‍ച്ച ചെയ്തു. ലെറ്റര്‍ തയാറാക്കി സാറിനെ കൊണ്ട് ഒപ്പും സീലും വെപ്പിച്ചു.
അന്ന്  ആറാം പീരിയഡ് അഞ്ചാ ക്ലാസില്‍ സയന്‍സായിരുന്നു. ചെടികളുടെ വളര്‍ച്ചക്ക് ജലത്തിന് പകരമായി മറ്റെന്തെങ്കിലും ദ്രാവകം ഉപയൊഗിക്കാന്‍ കഴിയുമോ എന്ന പരീക്ഷണം നടത്തി അതിന്റെ ചില ചിത്രങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു. അപ്പോള്‍ അതു വഴി സൂബി ടീച്ചര്‍ കടന്നു വന്നു.
" സാറും കുട്യോളും കൂടി 20 രൂപാ ടൂര്‍ പോകുന്നെന്ന് പറയണത് കേട്ടല്ലോ? "
( കുട്ടികള്‍ അതിനിടെ പഠനയാത്രക്ക് 20 രൂപാ ടൂര്‍ എന്ന് ഓനമപ്പേരിട്ടിരുന്നു. )
അതെ ഈ ബുധനാഴ്ച്ച പോകും. 5 , 6 ക്ലാസുകാരുടെ കാര്യം ടീച്ചറെ ഏല്‍പ്പിക്കുന്നു.
സാര്‍ മൊബെയിലില്‍ വീഡിയോ പിടിച്ച് കഷ്ടപ്പെടണ്ട. ഞങ്ങളുടെ വീട്ടില്‍ ഒരു ഹാന്റി ക്യാം ഉണ്ട് അത്  കൊണ്ട് പൊയ്ക്കോ."
" ഹായ് അതു കൊള്ളാം. എന്നാ നാളെ തന്നെ അത് കൊണ്ടോരാമോ?"

"കൊണ്ട വന്നാലും അതിന്റെ സൂത്രപ്പണികളൊന്നും എനിക്ക് പറഞ്ഞു തരാന്‍ അറിയില്ല. വീട്ടില്‍ വന്ന് സാറിനോട് ചോദിച്ചാല്‍ അതിന്റെ ടെക്കിനിക്കൊക്കെ കാണിച്ചുതരും."


പിറ്റേന്ന് രാവിലെ തന്നെ സ്കൂളിലേക്ക് വരുന്നതിന് മുമ്പ് ടീച്ചറുടെ വീട്ടില്‍ കയറി ഹാന്‍ഡിക്യാം വാങ്ങി. വീട്ടിലെത്തിയ ഉടന്‍ അതിന്റെ പണി പഠിച്ചെടുത്തു. ചാര്‍ജ് ചെയ്ത് റെഡിയാക്കി. അങ്ങനെ കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ട് ആ സുദിനം വന്നത്തി. 8.30ന്  തന്നെ ഞങ്ങള്‍ സ്കൂളില്‍ എത്തി. 9.15 നുള്ള മേരി മാതാ ബസ്സില്‍ കയറി ഞങ്ങള്‍ കുറവിലങ്ങാടിന് യാത്രയായി.

ഇനി ഞാന്‍ അധികപ്രസംഗം നടത്തുന്നില്ല...... ഇനിയുള്ള കഥ ക്യാമറയില്‍ പകര്‍ത്തിയ ഈ ദൃശ്യങ്ങള്‍ പറയട്ടെ.........
ഫാമില്‍ എത്തിയ ഉടന്‍ കൃഷി ഓഫിസര്‍ ശ്രീ ജേക്കബ് സാര്‍ ബഡിങ്ങ്, ഗ്രാഫ്റ്റിങ്ങ്, ലെയറിങ്ങ് എന്നിവ ചെയ്യുന്ന രീതിയും അതിന്റെ പ്രാധാന്യവും ഭംഗിയായി വിവരിച്ച് തന്നു. ദാ കണ്ടു നോക്കൂ.......
പിന്നീട് അദ്ദേഹത്തിന്റെ സഹായി ഗ്രാഫ്റ്റിങ്ങ് ചെയ്യുന്നതെങ്ങെനയാണന്ന് കാണിച്ചു തന്നു.
ദാ ഇനി ബഡിങ്ങ് ചെയ്യുന്നത് എങ്ങനെയെന്ന് കാണൂ......
ഇനി ലെയറിങ്ങ് കാണാം...
കോഴാ കൃഷി ഫാമില്‍ തെങ്ങിന്‍ തൈ ഉത്പാദിപ്പിക്കുന്നതിനെ പറ്റി പറയുന്നത് ശ്രദ്ധിക്കൂ.....
ഫാമിനുള്ളില്‍ ISRO യുടെ സഹായത്തോടെ ഒരു വെതര്‍ സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതിന്റെ വിശേഷങ്ങളും ഫാമിലെ മറ്റ് കാഴ്ച്ചകളും കണ്ട് ഞങ്ങള്‍ മടങ്ങി.....

 എന്നെന്നും ഓര്‍മിക്കാന്‍ അനുഭവങ്ങള്‍ സമ്മാനിച്ച പഠനയാത്ര ...... പിന്നീടുള്ള വര്‍ഷങ്ങളില്‍ ബഡിങ്ങിലും ലെയറിങിലും പരാജയത്തിന്റെ കയ്പ്പ് അറിയേണ്ടി വന്നിട്ടില്ല....

സ്കൂളില്‍ ചെയ്ത ബഡിങ്ങിന്റെ ചില ചിത്രങ്ങള്‍ ഇതാ....


അതിനിടെ ഒരു ദിവസം ഒരു മിടുക്കി അവള്‍ വീട്ടില്‍ വച്ച് ലെയറിങ്ങ് നടത്തിയതിന്റെ തെളിവുമായി വന്നു.
അതിനെ ഞങ്ങള്‍ ക്ലാസിനു മുന്നിലെ മുറ്റത്ത് നട്ട് പിടിപ്പിച്ചു.

കടപ്പുര് സ്കൂളിലും ഇക്കൊല്ലം പരീക്ഷണം ആവര്‍ത്തിച്ചു......

ഈ പരീക്ഷണവും വിജയമാവും എന്ന പ്രതീക്ഷയോടെ.........................

                                                                                                  പ്രൂഫ് റീഡിങ്ങ് : ചൂവി.