ജീവിതത്തിലെ വസന്തകാലമാണ് സ്കുള്‍ ജീവിതം. ഞങ്ങള്‍ , അധ്യാപകരാണ് ലോകത്തിലെ ഏറ്റവും ഭാഗ്യം ചെയ്തവര്‍. കാരണം വിദ്യാലയമെന്ന മനോഹരതീരത്ത് പുനര്‍ജനിക്കാന്‍ ഭാഗ്യം ചെയ്തവരാണ് ഞങ്ങള്‍.... എന്റെ അധ്യായന-അധ്യാപന ദിനങ്ങളിലെ അനുഭവങ്ങള്‍ കോറിയിട്ട ചുവര്‍ചിത്രമാണ് ഈ ജാലകക്കാഴ്ച ..........................

എവര്‍ക്കും സ്വാഗതം

...........................
RSS

Monday, July 12, 2010

ആദ്യമായി എടുത്ത ക്ലാസിന്റെ സ്മരണകളിലേക്ക്........

വളരെ ഗൃഹാദുരത്വം ഉണര്‍ത്തുന്ന സമരണകളിലേക്ക് അതിരാവിലെ തന്നെ ഈ പോസ്റ്റ് എന്നെ തള്ളി വിട്ടു. എന്റെ ആദ്യത്തെ ക്ലാസ്.... ഒരിക്കലും മറക്കാനാവില്ല ആ അനുഭവം. ഒരുപക്ഷെ ആ അനുഭവം എനിക്കു പകര്‍ന്ന ഊര്‍ജമാവണം എന്നെ ഇന്നും മുന്നോട്ട് നയിക്കുന്നത്.

+2 ആവസാന പരീക്ഷകള്‍ അടുക്കാറായപ്പോള്‍ തന്നെ ടിടിസി ക്ക് ചേരുന്നതിനെ പറ്റി വീട്ടില്‍ ചര്‍ച്ചതുടങ്ങിയിരുന്നു. ഒരിക്കലും എന്‍ട്രന്‍സ് എഴുതാന്‍ എന്നെ ആരും പ്രേരിപ്പിച്ചിട്ടില്ല. എന്തോ, ഒരു തൊഴില്‍ എന്ന നിലക്ക് എഞ്ചിനിയറിഗ് എന്നെ ഒരിക്കലും മോഹിപ്പിച്ചിട്ടില്ല. എന്നെ അടുത്തറിയാവുന്ന പലരും എന്നോട് പറഞ്ഞിട്ടുണ്ട് ഞാന്‍ എഞ്ചിനിയറിംഗിന് പോകുന്നതായിരുന്നു നല്ലത്. അപ്പച്ചന്‍ എന്നോട് പറഞ്ഞു "2 വര്‍ഷം നീ എന്റെ ആഗ്രഹത്തിന് വേണ്ടി എങ്കിലും ടിടിസിക്ക് പോ.... അതുകഴിഞ്ഞ് എന്തു കോഴ്സ് വേണമെങ്കിലും നിന്നെ പഠിപ്പിക്കാം." ഞാന്‍ അനുസരിച്ചു. അനുസരിക്കാന്‍ വേണ്ടി ചെയ്തതോന്നുമല്ല ഞാനും അത് ഇഷ്ടപ്പെട്ടിരുന്നു.
ആസമയത്ത് ചേട്ടനും ടിടിസിക്ക് പഠിച്ചുകോണ്ടിരിക്കുകയായിരുന്നു. ഡിപിഇപി പാഠ്യ പദ്ധതി നടപ്പാക്കി കൊണ്ടിരുന്ന കാലമായിരുന്നു. ആദ്യ കോഴ്സിന് പങ്കെടുത്തു വന്ന അപ്പച്ചന്‍ ഇത് ഒരു ഉട്ടോപ്യന്‍ ആശയമാണന്നും യഥാര്‍ത്ഥ ക്ലാസ് മുറികളില്‍ പ്രാവര്‍ത്തികമാക്കാന്‍ പറ്റുന്ന ഒന്നല്ല എന്നും അഭിപ്രായപ്പെട്ടു. എന്നാല്‍ ക്ലാസ് മുറിയല്‍ ഇവ പരീക്ഷിച്ചപ്പോള്‍ ഉണ്ടായ അനുഭവം അപ്പച്ചനെ ആവേശം കൊള്ളിച്ചു. ഈ പുതിയ രീതിയുടെ ഒരു ആരാധകനും പ്രചാരകനുമാക്കി മാറ്റി എന്ന് പറയുന്നതാണ് ഉചിതം എന്ന് തോന്നുന്നു. ഈ പ്രവര്‍ത്തങ്ങള്‍ എല്ലാം തന്നയാണ് അപ്പച്ചന്റെ ക്ലസ്മുറികളില്‍ പണ്ടും നടന്നിരുന്ന്, ഡിപിഇപി വന്നപ്പോള്‍ അതിന്റെ കൂടെ കുറച്ച് സ്നേഹവും കളികളും കൂടി ചാലിച്ചു എന്നാണ് അപ്പച്ചന്റെ അഭിപ്രായം. കുട്ടികളുടെ എണ്ണക്കുറവു മൂലം അപ്പച്ചന് പ്രൊട്ടക്ഷന്‍ കിട്ടി വെളിയത്തുനാട് ഗവ.യുപിസ്കൂളില്‍ പഠിപ്പിക്കുന്ന കാലത്താണ് ഡിപിഇപി നടപ്പാക്കിയത്. വേക്കന്‍സി വന്നപ്പോള്‍ തിരിച്ച് പഴയ സ്കൂളില്‍‌ എത്തി. തിരിച്ചെത്തിയത് വലിയ മാറ്റങ്ങളുമായാണ്. കുട്ടികളെ തല്ലിയാണങ്കിലും പഠിപ്പിക്കണം എന്ന വാശിക്കാരനായ അധ്യാപകന്‍ എന്നതില്‍ നിന്ന് കുട്ടികളെ സ്നേഹിച്ച് അവരോട് കൂട്ടുകൂടി അവരുടെ കുസൃതികളില്‍ അവരോടൊപ്പം ചേര്‍ന്ന് പഠനപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന അധ്യാപകനിലേക്ക്..... റിട്ടയര്‍മെന്റിന്റെ അവസരത്തില്‍ അതെ പറ്റി പൂര്‍വ വിദ്യാര്‍ത്ഥി കൂടിയായ പിടിഎ പ്രസിഡന്റ് പ്രസംഗിച്ചത് ഏറെ വികാര നിര്‍ഭരമായാണ്. സാറിനെ പേടിച്ച് പാഠങ്ങള്‍ പഠിച്ചിരുന്ന താന്‍ സാറ്നെ സ്നേഹിച്ച് പഠങ്ങള്‍ പഠിക്കുന്ന തന്റെ കുട്ടിയെ കണ്ട് അത്ഭുതം കൂറിയ വിവരം അദ്ദേഹം പ്രസംഗിച്ചപ്പോള്‍ ഞാനും വല്ലാതെ വികാരാധീനനായിപ്പോയി.
എന്നും വീട്ടില്‍ വരുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ അപ്പച്ചന് പറയാനുണ്ടാകും. എല്ലാത്തിനും ഞാനായാരുന്നു കേള്‍വിക്കാരന്‍. അതായിരിക്കും എനിക്ക് അധ്യാപന മേഖലയില്‍ താത്പര്യം തോന്നിച്ചത്.
എന്റെ വല്യപ്പന്‍ ഒരു സ്കൂള്‍ പ്യൂണായിരുന്നു. മക്കളെ എല്ലാം അധ്യാപകരാക്കുക എന്നത് അദ്ദേഹത്തിന്റെ വാശിയായിരുന്നു. 5 മക്കളെയും അധ്യപരാക്കി ആ വാശി നിറവേറ്റുകും ചെയ്തു. 2 പേരൊഴികെ, മക്കളുടെ മക്കളും അധ്യാപനവഴിക്കാണ് തിരിഞ്ഞത്.
------------------
2001-'03 ടിടിസി ബാച്ചിലാണ് പെരുമ്പാവൂരിനടുത്തുള്ള കുറുപ്പംപടിയില്‍ സ്ഥിതിചെയ്യുന്ന ഡയറ്റ്-എറണാകുളം എന്ന സ്ഥാപനത്തിലെത്തുന്നത്. (ചേട്ടന് നിര്‍ബന്ധമായിരിന്നു ടിടിസി പഠിക്കുന്നെങ്കില്‍ ഡയറ്റില്‍ പഠിക്കണം എന്ന്. ഒരു മാനേജ്മെന്‍റ് ടിടിഐ യില്‍ ചേട്ടന്‍ അപ്പോള്‍ രണ്ടാംവര്‍ഷ ടിടിസി പഠിക്കുകയായിരുന്നു.) എന്റെ ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്തി ആ സ്ഥാപനം. അങ്ങോട്ട് കടന്നുചെല്ലുമ്പോള്‍ +2 കഴിഞ്ഞ ഒരു പീറച്ചെക്കനായിരുന്നു ഞാന്‍. വൈജ്ഞാനികവും വൈകാരികവുമായി ഒരുപാട് എന്ന മറ്റിയെടുത്തത് ഡയറ്റാണ്. ആ ഓര്‍മകള്‍ പങ്കുവയ്ക്കാന്‍ ബ്ലോഗ് പോസ്റ്റുകളോ കമന്റുകളോ മതിയാവില്ല.  കാടുകയറാതെ എന്റെ ആദ്യ ക്ലാസ്റൂം അനുഭവത്തിലേക്ക് കടക്കാം.

ക്ലാസ് തുടങ്ങി ദിവസങ്ങള്‍ കഴിഞ്ഞു. തര്‍ക്കങ്ങളും ചര്‍ച്ചകളുമായി ക്ലാസ് മുന്നോട്ട് പോയി. ഈ ചര്‍ച്ചകളും തര്‍ക്കങ്ങളുമാണ് സത്യത്തില്‍ കാഴ്ച്ചപാപടുകള്‍ രൂപീകരിക്കുന്നതില്‍ ഏറെ സഹായകരമായത്. തര്‍ക്കിക്കാന്‍ ഞങ്ങള്‍ക്ക് പൂര്‍ണസ്വാതന്ത്യം അധ്യാപകര്‍ തന്നിരുന്നു. 21 അധ്യാപകരാണ് ഞങ്ങള്‍ക്ക് ഉണ്ടായിരുന്നത്. 2 പേര്‍ ഒന്നിച്ചുമൊക്കെ ക്ലാസെടുക്കാന്‍ വരുമായിരുന്നു. ടീം ടീച്ചിഗ് എന്തെന്ന് നേരിട്ട് മനസിലാക്കിയത് അങ്ങനെയാണ്. ക്ലാസിലെ തര്‍ക്കങ്ങള്‍ കേട്ട് അതിലേ കടന്നു പോകുന്ന അധ്യാപര്‍ ക്ലാസില്‍ കടന്ന് വന്ന് ചര്‍ച്ചകളില്‍ പങ്കെടുക്കുമായിരുന്നു. ഞങ്ങള്‍ ആ ദിവസങ്ങള്‍ ഒരുപാട് ആസ്വദിച്ചാണ് ക്ലാസുകളില്‍ ഇരുന്നിരുന്നത്. കൂടെ ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ അവയുടെ അവതരണങ്ങള്‍..... എല്ലാവരും മത്സരബുദ്ധിയോടെയാണ് ഇവയെകണ്ടിരുന്നത്.
അങ്ങനെ ക്ലാസുകള്‍ നല്ല രസകരമായി മുന്നോട്ട് പോയ്കൊണ്ടിരിന്ന അവസരത്തിലാണ് ക്രിട്ടിസിസം ക്ലാസ് എന്ന പദം ക്ലാസില്‍ ഉയര്‍ന്നത്. ജെയിംസ് സാറാണ് അതും കൊണ്ട് ക്ലാസിലെത്തിയത്. ഒരു അധ്യാപകവിദ്യാര്‍ത്ഥി ക്ലാസ് എടുക്കും മറ്റുള്ളവരും ടീച്ചര്‍ എഡുക്കേറ്ററും അത് ചുറ്റുമിരുന്ന് നിരീക്ഷിച്ച് കുറവുകള്‍ കണ്ടെത്തും. അതിനുശേഷം ക്ലാസ് അവലോകനം നടക്കും. ഇതാണ് ക്രിട്ടിസിസം ക്ലാസ്. കുറവ് കണ്ടെത്തി പറയലാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന ഒരു ധാരണ പലര്‍ക്കും ഉണ്ടായി. എന്നാല്‍ ജെയിംസ് സാര്‍ അത് തിരുത്തി.
"കുറവുകണ്ടെത്തി, അത് ഏങ്ങനെ ഇല്ലാതാക്കാമായിരുന്നു എന്ന ക്രയാത്മകമായ നിര്‍ദേശമാണ്  പറയേണ്ടത്. അത് ക്ലാസെടുക്കുന്നവര്‍ക്കും കാണുന്നവര്‍ക്കും ഗുണം ചെയ്യും. 2 വിഷയങ്ങളുടെ ക്ലാസുകളാണ് എടുക്കേണ്ടത്. എല്ലാവിഷത്തിനും തുല്യ എണ്ണം ക്ലാസുകള്‍ ഉണ്ടാകണം. എങ്ങനെ വിഭജിക്കണം എന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം." സാര്‍ പറഞ്ഞു.
ഏത് ക്ലാസ് എടുക്കണമെന്ന് നറുക്കിട്ട് തീരുമാനിക്കാം എന്നായി ഞങ്ങള്‍. അങ്ങനെ നറുക്കിട്ടു. എനിക്ക് കിട്ടിയത് സയന്‍സും കണക്കും. എനിക്ക് വളരെ സന്തോഷമായി. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വിഷയങ്ങള്‍...
"അതാത് വിഷയങ്ങള്‍ക്കുള്ള 2 മോഡല്‍ ക്ലാസുകള്‍ വിഷയം കൈകാര്യം ചെയ്യുന്ന അധ്യാപര്‍ എടുക്കും അതിനു ശേഷം നിങ്ങള്‍ ക്ലാസെടുക്കണം. എന്റെ ക്ലാസ് നാളെ ഉണ്ടാകും"
ഇത്രയും പറഞ്ഞ് ജെയിംസ് സാര്‍ പോയി. ഞങ്ങള്‍ തന്നെ എടുക്കേണ്ട തിയതിയും ടൈംടേബിളും തയ്യറാക്കി ചുവരില്‍ ഒട്ടിച്ചു.
ആ ആഴ്ച്ച തന്നെ കണക്കിന്റെ മോഡല് ക്ലാസ് നടന്നു. എടുത്തത് പൊന്നമ്മ ടീച്ചര്‍. ആ ക്ലാസ് എന്നെ വല്ലാതെ ആകര്‍ഷിച്ചു. 'ആവര്‍ത്തന വ്യവകലനത്തിലൂടെ ഹരണം' അതായിരുന്നു ക്ലാസിന്റെ വിഷയം. സത്യത്തില്‍ എന്നെ ആകര്‍ഷിച്ചത് കുട്ടികളോടുള്ള ടീച്ചറിന്റെ സമീപനമായിരുന്നു. 4-)ഠ തരത്തിലെ കുട്ടികളായായിരുന്നു. അവരിലേക്ക് ടിച്ചര്‍ ഇറങ്ങിച്ചെല്ലുകയായിരുന്നു. മാതൃവാത്സല്യത്തോടെയുള്ള ടീച്ചറിന്റെ ഇടപെടല്‍ എന്നെ അത്ഭുതപ്പെടുത്തി.
ഉച്ച തിരിഞ്ഞായിരുന്നു ആ ക്ലാസിന്റെ അവലോകനം. ഒപ്പം ജയ ടീച്ചറും ഉണ്ടായിരുന്നു. ആ ക്ലാസിനെ ഒരു ക്രിട്ടിസിസം ക്ലാസായി കണ്ട് അഭിപ്രായം പങ്കുവയ്ക്കാന്‍ ടീച്ചര്‍ അവശ്യപ്പെട്ടു.
(മിക്ക അധ്യാപരും അങ്ങനെ പറയാറുണ്ട്. സാറുമ്മാരാണ്, ഞങ്ങള്‍ക്ക് തെറ്റൊന്നും പറ്റില്ല ഇനി പറ്റിയാല്‍ തന്നെ അത് ചോദ്യം ചെയ്യാന്‍ വരണ്ട എന്ന മനോഭാവം തീര്‍ത്തും ഇല്ലായിരുന്നു ഞങ്ങളുടെ അധ്യാപകര്‍ക്ക്. തെറ്റു ചുണ്ടിക്കാണിക്കുന്നത് അവര്‍ പ്രോത്സാഹിപ്പിച്ചിരുന്നു. അതാണ് അവരോടുള്ള എറ്റവും വലിയ ബഹുമാനവും) 
അവലോകനത്തിനു ശേഷം ടീച്ചര്‍ പറഞ്ഞു
"തിങ്കളാഴ്ച്ച ഒരാള്‍ ക്രിട്ടിസിസം ക്ലാസ് എടുക്കണം ആരെടുക്കും? ടൈംടേബിളോന്നും നോക്കണ്ട. ആര്‍ക്കും എടുക്കാം."
എല്ലാവരും അങ്ങോട്ടും ഇങ്ങൊട്ടും നോക്കി. ആ നിശബ്ദതയെ കീറി മുറിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു.
"ഞാന്‍ എടുത്തോളം ടീച്ചര്‍. ഏതാണ് ശേഷി." (അന്ന് പാഠ്യപദ്ധതി പ്രസ്താവനയെന്നും ശേഷിയെന്നുമെല്ലാമായിരുന്നു ഒരോ ആശയങ്ങളെയും വിളിച്ചിരുന്നത്). എന്തും വരട്ടെ എന്നുകരുതി ഞാന്‍ അതേറ്റെടുത്തു. അപ്പച്ചന്‍ വീട്ടിലുള്ളതായിരുന്നു എന്റെ ധൈര്യം. ക്ലാസ് മനോഹരമാക്കാന്‍ വേണ്ട പൊടികൈകളൊക്കെ പറഞ്ഞു തരാന്‍ അപ്പച്ചനെ കഴിഞ്ഞിട്ടേ വേറെ ആളുള്ളു.ആ മികച്ച  അധ്യാപകന്റെ മകനാകാന്‍ കഴിഞ്ഞതില്‍ എനിക്ക് അഭിമാനമാണെന്നും.
"നിധിന്‍... എന്നെകണ്ടിട്ടേ പോകാവൂ... എതാണെടുക്കേണ്ടതെന്ന് പറയാം." പൊന്നമ്മടീച്ചര്‍ പറഞ്ഞു.
ചര്‍ച്ച കഴിഞ്ഞ് എല്ലാവരും കൂടി ഞങ്ങളുടെ കൃഷിത്തോട്ടത്തിലേക്ക് പോയി. വെള്ളം ഒഴിക്കലും  കളപറിക്കലും മറ്റും തുടങ്ങി. അതിനിടെ എന്റെ ജോലി ഗ്രൂപ്പിലെ മറ്റുള്ളവരെ ഏല്‍പ്പ്ച്ചിട്ട് ഞാന്‍ ടീച്ചറെ കാണാന്‍ പോയി.
പൊന്നമ്മടീച്ചറും ജയടീച്ചറും സ്റ്റാഫ്റൂമിലുണ്ടായിരുന്നു. ഹാന്റ് ബുക്ക് എടുത്ത് എടുക്കേണ്ട ഭാഗം കാണിച്ചുതന്നു. ഭിന്ന സംഖ്യകളില്‍ വലുതേത് ചെറുതേത് എന്ന് കണ്ടെത്തുക അവയെ ആരോഹണ അവരോഹണക്രമത്തില്‍ ക്രമീകരിക്കുക. ഇതായിരുന്നു ശേഷി.
ടീച്ചര്‍‌ ചില മാര്‍ഗനിര്‍ദേശങ്ങളൊക്കെ തന്നു. അന്ന് വെള്ളിയാഴ്ച്ചയായിരുന്നു. ക്ലാസ് സമയം കഴിഞ്ഞു. ഞാന്‍ വീട്ടിലേക്ക് പോകാന്‍ ബസ്റ്റോപ്പിലെത്തി ബസ് വന്നതും കയറിയതും യാത്രചെയ്തതും ഒന്നും എന്റെ ബോധതലത്തിലില്ലായിരുന്നു. പതിവുവഴികളിലൂടെ ഒരു പ്രയാണം.... മനസില്‍ നിറയെ ക്ലാസിനെ പറ്റിയുള്ള ചിന്തയായിരുന്നു. വീട്ടിലെത്തി അപ്പച്ചനെ കണ്ട് കാര്യം പറഞ്ഞു.
"നീ സ്വന്തമായി ഒരു മാന്വല്‍ എഴുതിനോക്ക് എന്നിട്ട് നമുക്ക് നോക്കാം." അപ്പച്ചന്‍ പറഞ്ഞു.
ഞാന്‍ ചില പ്രവര്‍ത്തനങ്ങളൊക്കെ തയാറാക്കി അപ്പച്ചനെ കാണിച്ചു. അന്ന് രാത്രി തന്നെ ഞങ്ങള്‍ നല്ലൊരു ടീച്ചിംഗ് മാന്വല്‍ തയാറാക്കി. പല തര്‍ക്കങ്ങളും ചില്ലറ പിണക്കങ്ങളും മെല്ലാം അതിനിടെ നടന്നു. ആശയപരമായ ചില തര്‍ക്കങ്ങള്‍ ഞങ്ങള്‍ക്കിടയില്‍ പതിവാണ്. ശനിയാഴ്ച്ച രാവിലെ ടൌണില്‍ പോയി ചാര്‍ട്ടും ക്ലാസിന് ആവശ്യമായ ചിത്രങ്ങളുമെല്ലാം വാങ്ങിച്ചു. ചാര്‍ട്ടും കാര്‍ഡുകളും മറ്റ് പഠനോപകരണങ്ങളും എല്ലാം തയ്യാറാക്കി. അതിനിടെ ചില്ലറ മാറ്റങ്ങളും തിരുത്തലുകളുമെല്ലാം മാന്വലില്‍ വരുത്തി.
ഞാന്‍ ആ രണ്ടു ദിസവും പല തവണ ഞാന്‍ വീട്ടിലെ മേശക്കും കസേരക്കും പുറത്തെ ചെടികള്‍ക്കും വേണ്ടി ക്ലാസെടുത്തു.
തിങ്കളാഴ്ച്ച രാവിലെ അപ്പച്ചനോട് യാത്രപറഞ്ഞ് ഇറങ്ങി... അന്ന് നേരത്തേ തന്നെ ഡയറ്റിലെത്തി . ടീച്ചര്‍ വരാനുള്ള കാത്തിരിപ്പ് ........ കൂട്ടുകാരുമായി ചില്ലറ കുശലങ്ങളെക്കെ പറഞ്ഞ് ക്ലാസ് വരന്തയില്‍ നിന്നു. ചാര്‍ട്ടും മറ്റും അവരെ കാണിച്ചു. ഉള്ളിലെ ടെന്ഷന്‍ ഞാന്‍മാത്രം അറിഞ്ഞു...... ടീച്ചര്‍ വരാന്‍ അന്ന് വൈകി. ഞാന്‍ ആകെ പരിഭ്രമത്തിലായി. ടീച്ചര്‍ വന്ന വഴി ഓടിച്ചെന്നു കണ്ടു. മാന്വല്‍ ഓടിച്ചിട്ടു നോക്കിയിട്ട് കുഴപ്പമില്ല, ടെന്ഷനൊന്നും വേണ്ട ധൈര്യമായി ക്ലാസെടുത്തോ... എന്ന് പറഞ്ഞു.
സമയം സമാഗതമായി. എല്ലാവരും മുകളിലത്തെ ഹാളില്‍ ഒത്തുകൂടി. ബിനേഷ് ലാബ് സ്കൂളില്‍ ചെന്ന് കുട്ടികളെ കൂട്ടി കൊണ്ടുവരാന്‍ പോയി. എന്റെ ഹൃദയമിടപ്പ് വര്‍ധിച്ചു. മുഖം വല്ലാതെ മാറി..... ടെന്‍ഷന്‍......
കുട്ടികളെത്തി ക്ലാസ് ആരംഭിക്കാനുള്ള നിര്‍ദേശം കിട്ടി. സത്യത്തില്‍ ഏല്ലാവരും ഭയപ്പെട്ടു എന്റെ ടെന്‍ഷന്‍ കണ്ടിട്ട്. എന്നാല്‍ സംഭവിച്ചത് മറിച്ചായിരുന്നു. കുട്ടികളുടെ മുന്നിലേക്കെത്തിയതും ഞാന്‍ അറിയാതെ കൂളായി. പൊന്നമ്മടീച്ചര്‍ കുട്ടികളോട് കാണിച്ച ആ ശൈലി ഞാന്‍‌ പെട്ടന്ന് എന്നിലേക്ക് ആവാഹിച്ചു. കുട്ടികള്‍ എന്നോട് നന്നായി സഹകരിച്ചു. അവശ്യ പൂര്‍ശേഷികളുടെ പരിശോധന നടത്താനുള്ള പ്രവര്‍ത്തനം കഴിഞ്ഞപ്പോള്‍ തന്നെ കുട്ടികള്‍ മിടുക്കരാണെന്ന് എനിക്ക് മനസിലായി. അത് എന്നെ കൂടുതല്‍ ആവേശം കൊള്ളിച്ചു. ആശയ രൂപീകരണ പ്രവര്‍ത്തനം ഭംഗിയായി നിര്‍വഹിക്കാന്‍ കഴിഞ്ഞു. എല്ലാ ഗ്രൂപ്പുകാരും നന്നായി പ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. ആശയം ഉറപ്പിക്കാനുള്ള പ്രവര്‍ത്തനവും മൂല്യനിര്‍ണയ പ്രവര്‍ത്തനവും ഭംഗിയായി നടന്നു. കുട്ടികള്‍ എന്നോട് നന്നായി സഹകരിച്ചു അതായിരുന്നു എന്റെ വിജയം. 
ഒരു പെരുമഴ പെയ്തു തോര്‍ന്ന പ്രതീതി. കുട്ടികള്‍ പോയി, ഒരു നിമിഷം ഞാന്‍ മുഖം പൊത്തിയിരുന്നു.

ചര്‍ച്ച തുടങ്ങി ആദ്യത്തെ ക്രിട്ടിസിസം വന്നു.... അത് പൊന്നമ്മടീച്ചറും ജയടീച്ചറും ചേര്‍ന്നായിരുന്നു പറഞ്ഞത്.
"കണ്‍ക്രാജുലേഷ്ന്‍ നിധിന്‍ ... "
"ക്ലാസ് വളരെ നന്നായി...... മുഖത്തെ ടെന്‍ഷന്‍ കണ്ടപ്പൊള്‍ ഞങ്ങള്‍ പേടിച്ചു പോയി ആകെ കുഴപ്പമാക്കുമെന്ന്.... എന്തായാലും ടെന്‍ഷന്‍ അടിക്കുന്നത് ചിലപ്പോള്‍ നല്ലതിനായിരിക്കും എന്ന് മനസിലായി. ഒരുപാട് ഹോംവര്‍ക്ക് ചെയ്തിട്ടാണ് ക്ലാസെടുത്തത് എന്ന് മനസിലായി കുട്ടിളോടുള്ള ഇടപെടലും വളരെ നന്നായി....."
എന്റെ കണ്ണുനിറഞ്ഞുപോയി. ഒരു അധ്യാപക വിദ്യാര്‍ത്ഥിക്ക്  ഇതില്‍പരം എന്താണ് വേണ്ടത്. അപ്പച്ചനെ ഒരുനിമിഷം മനസില്‍ സ്മരിച്ചു.
ആ ക്ലാസ് എനിക്ക് ഇന്നും മറക്കാന്‍ കഴിയുന്നില്ല. അക്കൊല്ലം ജില്ലാതല അധ്യാപന മത്സരത്തിന് എന്നെ തെരഞ്ഞെടുത്തയച്ചതും ആ ക്ലാസിന്റെ പിന്‍ബലത്തിലാണ്. ഒരു ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി ആദ്യമായാണ് ഈ സ്ഥാപനത്തെ പ്രതിനിധീകരിച്ച് അധ്യാപന മത്സരത്തിന് പങ്കടുക്കുന്നത് എന്ന് ടീച്ചര്‍ എന്നോട് പറഞ്ഞു. അവര്‍ എന്നിലര്‍പ്പിച്ച വിശ്വാസം ഞാന്‍ വെറുതെയാക്കിയില്ല. മട്ടാഞ്ചേരി ടി.ഡി.ഹൈസ്കൂളില്‍ ജില്ലാ കലോത്സവത്തിനൊപ്പം നടത്തിയ അധ്യാപന മത്സരത്തില്‍ സയന്‍സിന് ഞാന്‍ എ ഗ്രേഡോടെ ഒന്നാം സമ്മാനം നേടി. അതിന്റെ പിന്നിലുമുണ്ട് ഒരുപാട് അനുഭവങ്ങള്‍. അത് പിന്നീടൊരിക്കല്‍ പറയാം.

എങ്കിലും എന്റെ ജീവിതത്തില്‍ ഏറ്റവും വിലപ്പെട്ടത് എന്ന് ഞാന്‍ കരുതുന്ന സമ്മാനം ആ ക്രിട്ടിസിസം ക്ലാസിനിനോടുവില്‍ എന്റെ ടിച്ചര്‍മാര്‍ എന്നോട് പറഞ്ഞ ആ നല്ല വാക്കുകളാണ്. അധ്യാപന ജീവിതത്തില്‍ എനിക്ക് എറ്റവുമധികം ഊര്‍ജം പകരുന്നതും ആ വാക്കുകളാണ്.