ജീവിതത്തിലെ വസന്തകാലമാണ് സ്കുള്‍ ജീവിതം. ഞങ്ങള്‍ , അധ്യാപകരാണ് ലോകത്തിലെ ഏറ്റവും ഭാഗ്യം ചെയ്തവര്‍. കാരണം വിദ്യാലയമെന്ന മനോഹരതീരത്ത് പുനര്‍ജനിക്കാന്‍ ഭാഗ്യം ചെയ്തവരാണ് ഞങ്ങള്‍.... എന്റെ അധ്യായന-അധ്യാപന ദിനങ്ങളിലെ അനുഭവങ്ങള്‍ കോറിയിട്ട ചുവര്‍ചിത്രമാണ് ഈ ജാലകക്കാഴ്ച ..........................

എവര്‍ക്കും സ്വാഗതം

...........................
RSS

Sunday, May 9, 2010

ആരാണ് ഭൂമിയുടെ യഥാര്‍‍‍ത്ഥ അവകാശികള്‍ ??

നമുക്കു ചുറ്റും ഒന്ന് കണ്ണോടിച്ചു നോക്കൂ.... എന്തെല്ലാം കാഴ്ച്ചകളാണ് ........ പക്ഷികള്‍, മൃഗങ്ങള്‍, കുഞ്ഞുറുമ്പുകള്‍, പുല്‍മേടുകള്‍, വന്‍മരങ്ങള്‍, തുടങ്ങി ജീവന്‍ തുടിക്കുന്ന കഴ്ച്ച്കളുടെ നിര അങ്ങനെ നീണ്ടു പോകുന്നു...... ഇവയെല്ലാം ചേര്‍ന്ന് നമ്മുടെ ഈ ഭൂമിയെ അണിയിച്ചൊരുക്കി സുന്ദരിയാക്കിയിരിക്കുന്നു. ഇത്ര മനോഹരമായ ഒരു ഗ്രഹം പ്രപഞ്ചത്തില്‍ വേറേ ഉണ്ടോ ആവോ...? 

ആരാണ്  ഭൂമിയുടെ അവകാശികള്‍ ? - ബഷീര്‍ ഈ ചോദ്യം മലയാളിമനസുകളോടു ചോദിച്ചിട്ട് പതിറ്റാണ്ടുകള്‍ കഴിഞ്ഞു.... എലികളും വവ്വാലുകളും തുടങ്ങി ഈ ലോകത്തെ സകല ചരാചരങ്ങളും ഭൂമിയുടെ അവകാശികളാണന്ന സന്ദേശം സരസമായ ഭഷയില്‍  ഭൂമിയുടെ അവകാശികള്‍ എന്ന കഥയിലൂടെ  മലയാള സാഹിത്യത്തിലെ ആ സുല്‍ത്താന്‍ നമ്മോട് പറഞ്ഞു തന്നു.

ആറാം ക്ലാസുകാരുടെ ശാസ്ത്ര പാഠഭാഗത്തിലും ഈ ആശയം  മുന്നോട്ടു വയ്ക്കുന്നുണ്ട്. ആവാസവ്യവസ്ഥ, ആഹാര ശൃംഘല, ഉത്പാദകര്‍-ഉപഭോക്താക്കള്‍ -വിഘാടകര്‍ തുടങ്ങയ ആശയങ്ങള്‍ വിശദീകരിക്കുന്ന പാഠഭാഗത്തിലാണ് ഈ ചേദ്യം ഉന്നയിക്കപ്പെടുന്നത്. ജീവീയ അജീവീയ ഘടകങ്ങളുടെ പാരസ്പര്യം, സംതുലിതാവസ്ഥ കാത്തുസുക്ഷിക്കാനുള്ള പ്രകൃതിയുടെ തന്ത്രങ്ങള്‍,പ്രകൃതിയിലെ വിവിധതരം ചാക്രികതകള്‍, ഇവയെല്ലാം തിരിച്ചറിയുമ്പോഴാണ് ഏതോ ഒരതുല്യ കലാകാരന്റെ കരവിരുത് നാം മനസിലാക്കുന്നത്. പ്രകൃതിയെ സ്നേഹിക്കുന്ന, പരിപാലിക്കുന്ന ഒരു തലമുറയെ വളര്‍ത്തിയെടുക്കേണ്ടത്  നാമോരോരുത്തരുടെയും ഉത്തരവാദിത്തമാണ്. പ്രകൃതിയെ സ്നേഹിക്കണമെങ്കില്‍ പ്രകൃതിയുടെ സൌന്ദര്യം ആസ്വദിക്കാന്‍ കഴിയണം. ഈ ലക്ഷ്യത്തിലേക്കുള്ള ഒരു ചൂണ്ടു പലകയാണ് ഈ പാഠം.

ഈ പോസ്റ്റില്‍ ഞാന്‍ പങ്കുവയ്ക്കുന്നത് ഒരു കാഴ്ച്ചയാണ്... ഞങ്ങള്‍ ആറാം ക്ലാസുകാര്‍ കണ്ട ഒരു അത്ഭുത കാഴ്ച്ച... ഒരു തുള്ളി വെള്ളത്തില്‍ കണ്ട അത്ഭുത കാഴ്ച്ച....
വെള്ളത്തുള്ളിയിലെ കൂട്ടുകാര്‍ എന്ന ഈ പ്രവര്‍ത്തനത്തിലുടെ സൂക്ഷ്മ ദര്‍ശിനിയിലുടെ ഒരു വെള്ളത്തുള്ളി നിരീക്ഷിക്കുക എന്നതാണ് ഞങ്ങള്‍ ലക്ഷ്യമിട്ടത്‍. പ്രവര്‍ത്തനത്തെ പറ്റി ചര്‍ച്ച ചെയ്തപ്പോള്‍ തന്നെ ചെയ്തു നോക്കാന്‍ എല്ലാവര്‍ക്കും ദൃതിയായി. ഞാന്‍ പറഞ്ഞു ഇന്നു തന്നെ ചെയ്യന്‍ പറ്റുന്ന ഒന്നല്ല അത്. സൂക്ഷ്മജീവികളെ കാണണമെങ്കില്‍ കുളത്തിലെ വെള്ളമെടുത്ത് ഒരാഴ്ച്ച വൈക്കോലിട്ട് ചീയിച്ചിട്ടു വേണം മൈക്രോസ്കോപ്പിലൂടെ നോക്കാന്‍. അത് അവര്‍ക്ക് സ്വീകാര്യമായിരുന്നില്ല.
" ഒരാഴ്ച്ച കഴിയുമ്പോള്‍ നമുക്ക് നോക്കാം, എങ്കിലും ഇന്ന് വെറുതേ ഒന്ന് നോക്കാം സാറേ.... പ്ലീസ്..... "  അവരുടെ വാശിക്ക് ഞാന്‍ കീഴടങ്ങി.... നാലഞ്ച് ശിങ്കിടികളേം കൂട്ടി ഞാന്‍ ലാബിലേക്ക് പോയി. അവിടെ ഉണ്ടായിരുന്ന മൈക്രോസ്കാപ്പുകളില്‍ 4 എണ്ണം എടുത്തു കൊണ്ട് വന്നു. ഒപ്പം കുറച്ച് സ്ലൈഡുകളും. ക്ലാസില്‍ നാല് സ്ഥലത്ത് അവ സ്ഥാപിച്ചു. കുട്ടുകളിക്ക് അതിലൂടെ നോക്കാന്‍ തിടുക്കമായി. കുട്ടികളല്ലേ എത്രകണ്ടാലും ഇതൊന്നും മതിയാവില്ല. ഇത്തവണ അവരെ കൊണ്ട് മൈക്രോസ്കൊപ്പ് സ്വയം കൈകാര്യം ചെയ്യാന്‍ പഠിപ്പിക്കാന്‍ ഞാന്‍ തീരുമാനിച്ചു. കുട്ടികളെ 4 ഗ്രൂപ്പുകളാക്കി ഒരോഗ്രൂപ്പുകാരെയും പ്രകാശം ക്രമീകരിക്കുന്ന രീതി, ഫോക്കസ് ചെയ്യുന്ന രീതി തുടങ്ങിയവ പരിശീലിപ്പിച്ചു. ലാബില്‍ നിന്ന് കൊണ്ടുവന്ന പ്രിപ്പേയര്‍ഡ് സ്ലൈഡുകള്‍ കാണിച്ചു. എല്ലാ സൈഡുകളും അവര്‍ മാറിമാറി കണ്ടു. അപ്പോഴേക്കും ക്ലാസിന്റെ സമയം കഴിഞ്ഞു. കുളത്തിലെ വെള്ളം വൈക്കോലിട്ട് ചീച്ച് 'സെറ്റപ്പാക്കി' കൊണ്ടുവരാമെന്ന് ജിതിന്‍ ഏറ്റു.

ഒരാഴ്ച്ച കഴിഞ്ഞു. ജിതിന്‍ ഏറ്റകാര്യം അവന്‍ സെറ്റപ്പാക്കിയിരുന്നു. ഞാന്‍ സൂളില്‍ എത്തിയപ്പേള്‍ തന്നെ ന്യൂസ് റിപ്പോര്‍ട്ടര്‍മാര്‍ എത്തി വിരങ്ങള്‍ ബോധിപ്പിച്ചു. " സാറേ... ദേ ജിതിന്‍ മറ്റേ സാധനം സെറ്റപ്പാക്കി കൊണ്ടോന്നിട്ടുണ്ട്.... കെട്ട മണമാസാറേ..... ക്ലാസില്‍ വച്ചട്ടുണ്ട് ... കൊണ്ടോരട്ടെ...."
"വേണ്ട ഞാന്‍ അങ്ങോട്ട് വരാം."
ഞങ്ങള്‍ ക്ലാസിലേക്ക് പോയി. എന്താ കാര്യമെന്നറിയാന്‍ മറ്റു ക്ലാസുകാരും തടിച്ചുകൂടി. കൊണ്ടു വന്ന വെള്ളം ഞാന്‍ പരിശോധിച്ചു. സംഗതി സത്യമാ.... കെട്ട മണം....
അഞ്ചാം ക്ലാസുകാരുടെ മുന്നില്‍ ഷൈന്‍ ചെയ്യാന്‍ ജയസൂര്യ പറഞ്ഞു. "കൊച്ചു പിള്ളാരൊന്നും ഇവിടെ നില്‍ക്കണ്ട, ഇവിടെ ഭയങ്കര പരീക്ഷണമാ.... ചെലപ്പോപൊട്ടി ത്തെറിക്കും....." 
ഏഴാം ക്ലാസിലെ രെഹിലിന് അതുകേട്ട് സഹിച്ചില്ല. 
" ഡാ ഡാ ഡാ ഞങ്ങളിതെക്കെ കണ്ടിട്ടാട്ടോ ഏഴിലെത്തിയത്....."
എല്ലാ വരേം ക്ലാസില്‍ പറഞ്ഞ് വിട്ടിട്ട് ഞാന്‍ രംഗം വിട്ടു....

മൂന്നാമത്തെ പീരീഡ് ഞാന്‍ ആറാം ക്ലാസിലെത്തി. 
"എന്തിനാ സാറേ ഈ വെള്ളത്തില്‍ ഇങ്ങനെ വൈക്കോലിട്ട് ചീക്കണത്...."
ഞാന്‍ എന്തെങ്കിലുമൊന്ന് പറയുന്നതിന് മുമ്പുതന്നെ അജിത്തിന്റെ ചോദ്യം വന്നു....
"ഈ സൂക്ഷ്മജിവികള്‍ വൈക്കോല്‍ തിന്ന് വണ്ണം വച്ചാലേ മൈസ്ക്രോകോപ്പിലൂടെ നോക്കിയാ കാണാന്‍ പറ്റൂ..... അതിനാടാ...."
ജിതിന്‍ അതിന് മറുപടി നല്‍കി....
അവന്‍ പറഞ്ഞത് ഏതാണ്ട് ശരിയായിരുന്നു... എനിക്ക് സന്തോഷം തോന്നി.
യഥാര്‍ത്ഥത്തില്‍  വൈക്കോല്‍ ഒരു കള്‍ച്ചര്‍ മീഡിയമാണ്. സൂക്ഷ്മജീവികള്‍ക്ക് പോഷണം ലഭിച്ച് എണ്ണത്തില്‍ പെരുകാന്‍ പറ്റിയ ഒരു മാധ്യമം. ചീഞ്ഞ മണം തന്നെ അതിനൊരു തെളിവാണ്. ഈകാര്യങ്ങളൊക്കെ ചര്‍ച്ച ചെയ്തതിനു ശേഷം  ഞങ്ങള്‍ ആ വെള്ളത്തില്‍ നിന്ന് ഒരു തുള്ളി എടുത്ത് മൈക്രോസ്കോപ്പിലൂടെ നോക്കി.

അപ്പോള്‍ കണ്ട  കാഴ്ച്ച  ഇതാ....
 
(മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയത്)
ഇനി പറയൂ ആരാണ് ഭൂമിയുടെ യഥാര്‍‍‍ത്ഥ അവകാശികള്‍ ??

Sunday, May 2, 2010

ഒരു ക്ലാസ്റൂം പ്രവര്‍ത്തനത്തിന്റെ സ്മരണകളിലേക്ക് .....

 ക്ലാസ് റൂം പ്രവത്തനങ്ങള്‍ക്കിടെ ചിലപ്പോള്‍ അവയുടെ ചിത്രങ്ങള്‍ ഞാന്‍ പകര്‍ത്താറുണ്ട് .മിക്കവാറും ക്ലസ്റ്റര്‍ മീറ്റിങ്ങുകളില്‍ ക്ലാസ്റൂം അനുഭവങ്ങള്‍ പങ്കുവയ്ക്കേണ്ടി വരുമ്പോള്‍  ഈ ചിത്രങ്ങളും എനിക്ക് മിക്കപ്പോഴും തുണയേകാറുണ്ട്.
കഴിഞ്ഞ വര്‍ഷം മൂന്നാം ക്ലാസില്‍ നടത്തിയ ഒരു ക്ലാസ് റൂം പ്രവര്‍ത്തനത്തിടെ ഞാന്‍ ചില ചിത്രങ്ങള്‍ എടുത്തു. 
അവയിലേക്ക്........

വസ്ത്രങ്ങളെ സംബന്ധിക്കുന്ന ഒരു പാഠഭാഗം പഠിപ്പിച്ചുകോണ്ടിരിക്കുന്നു. എല്ലാ തരം വസ്ത്രങ്ങളും ഒരേ ഗുണം ഉള്ളവയല്ല എന്നതായിരുന്നു പ്രധാനആശയം. കോട്ടന്‍ തുണിയാണോ പോളിസ്റ്റര്‍ തുണിയാണോ കൂടുതല്‍ ജലം വലിച്ചെടുക്കാന്‍ കഴിവുള്ളത്? അതിനുത്തരം കണ്ടെത്തുകയായിരുന്നു ആ ക്ലാസിന്റെ ലക്ഷ്യം.


അമ്മു അച്ചന് വെള്ളം കൊണ്ടു കൊടുക്കാന്‍ ഓടുന്നതിനിടെ വാതില്‍ പടിയില്‍ തട്ടി വീണു. മുറിയില്‍ മുഴുവനും വെള്ളമായി. അമ്മ തുടക്കാന്‍ തണിയുമായി വന്നു. അപ്പേഴേക്കും കയ്യില്‍ കിട്ടിയ ഒരു തുണി കൊണ്ട് അമ്മു തുടക്കാന്‍ തുടങ്ങിയിരുന്നു. " പോളിസ്റ്റര്‍ തുണി കോണ്ടാണോ മോളേ വെള്ളം തുടയ്ക്കുന്നത്. ശരിക്ക് വെള്ളം പോകണമെങ്കില്‍ ഈ കോട്ടന്‍ തുണി കൊണ്ട് തുടക്കൂ....." അമ്മ പറഞ്ഞു.  "അങ്ങനെയോന്നുമില്ലമ്മേ.... ഇതായാലും മതി.... "അമ്മുവിന്റെ മറുപടി. 

ആരു പഞ്ഞതാണ് ശരി? 

കുട്ടികളുടെ പ്രതികരണം സമ്മിശ്രമായിരുന്നു.
ഏതാണ് ശരി എന്ന് എങ്ങനെ കണ്ടെത്താം ഒരു വഴി പറയാമോ... എന്തൊക്കെ സാധനങ്ങള്‍ ‍വേണം
കുട്ടികള്‍ ആലോചനതുടങ്ങി..... ചര്‍ച്ചയ്കൊടുവില്‍ തീരുമാനമായി.
രണ്ട് ഗ്ലാസില്‍ ഒരേ അളവില്‍ വെള്ള മെടുക്കുക. ഒരേ വലിപ്പമുള്ള  പോളിസ്റ്റര്‍ തുണിയും കോട്ടന്‍ തുണിയുമെടുത്ത് അതില്‍ മുക്കിവയ്ക്കുക. കുറച്ച് സമയത്തിന്ശേഷം അവ എടുത്തു മാറ്റുക. ഗ്ലാസ്ല്‍ ശേഷിക്കുന്ന വെള്ളത്തിന്റെ അളവ് നോക്കുക.


പോളിസ്റ്റര്‍ തുണിയാണോ കൂടുതല്‍ വള്ളം വലിച്ചെടുക്കുക. അനുകൂലിക്കുന്നവര്‍ ആരോക്കെ?

 സ്നേഹ മാത്രം അനുകൂലിച്ചു...

കോട്ടന്‍ തുണിക്കനുകൂലമായിരുന്നു മറ്റെല്ലാവരും....

എങ്കിലിനി പരീക്ഷണമാകാം
കോട്ടന്‍ തുണി കൂടുതല്‍ വള്ളം വലച്ചെടുത്തു. അമ്മുവിനോട് അമ്മ പറഞ്ഞത് ശരിയാണ് കുട്ടികള്‍ പറഞ്ഞു. ഒപ്പം പോളിസ്റ്ററിനെ അനുകൂലിച്ച സ്നേഹയുടെ നേരേ തിരഞ്ഞ് മറ്റുള്ളവര്‍ എന്തോക്കെയോ ഗോഷ്ടികള്‍ കാണിച്ചു. കുട്ടികളല്ലേ .....അവരുടെ തമാശകള്‍.... അത് കണ്ടില്ലന്ന് വച്ചു....


ഒരു തുടര്‍പ്രവര്‍ത്തനം കൂടി... പക്ഷികളുടെ തൂവല്‍ അവയുടെ വസ്ത്രം ആണല്ലോ.... ആ വസ്ത്രം വെള്ളത്തോട് എങ്ങനെ പ്രതികരിക്കും.