ജീവിതത്തിലെ വസന്തകാലമാണ് സ്കുള്‍ ജീവിതം. ഞങ്ങള്‍ , അധ്യാപകരാണ് ലോകത്തിലെ ഏറ്റവും ഭാഗ്യം ചെയ്തവര്‍. കാരണം വിദ്യാലയമെന്ന മനോഹരതീരത്ത് പുനര്‍ജനിക്കാന്‍ ഭാഗ്യം ചെയ്തവരാണ് ഞങ്ങള്‍.... എന്റെ അധ്യായന-അധ്യാപന ദിനങ്ങളിലെ അനുഭവങ്ങള്‍ കോറിയിട്ട ചുവര്‍ചിത്രമാണ് ഈ ജാലകക്കാഴ്ച ..........................

എവര്‍ക്കും സ്വാഗതം

...........................
RSS

Saturday, January 30, 2010

ടിപീസ് മെത്തേഡ് ഫോര്‍ സെപ്പറേറ്റിങ്ങ് "ഉപ്പ്" ആന്റ് "കര്‍പ്പൂരം" ഫ്രം ഇറ്റ്സ് മിക്സ്ച്ചര്‍.

( ടി. പി. എന്നത് ആറാം ക്ലാസിലെ അഭിജിത്ത് ടിപിയെ ചുരുക്കി വിളിക്കുന്ന പേരാണ്. ഒരു അഭിജിത്ത് സുരേഷും കൂടി ക്ലാസിലുണ്ട് അതിനാല്‍ തിരച്ചറിയാന്‍ കുട്ടകള്‍ ഇനിഷ്യലും കൂട്ടിയാണ് അവരെ വിളിചിച്ചിരുന്നത്. പിന്നീട് അഭിജിത്ത് ടി.പി. ലോപിച്ച് ടി.പി ആയി. ടിപി. മിടുക്കനാണ് പക്ഷെ എഴുതുന്നകാര്യം മാത്രം പറയരുത്. വാമൊഴിയാണ് അവന് കുറച്ചെങ്കിലും വഴങ്ങുന്നത്. വരമൊഴിയില്‍ തീര്‍ത്തും മോശമാണ്... പരീക്ഷ പേപ്പര്‍ ക്ലാസില്‍ വിതരണം ചെയ്യുമ്പോള്‍ അവന് ഒരപേക്ഷയേയുള്ളു. അവന്റെ പേപ്പര്‍ ഉറക്കെ വായിക്കരുത്. ഡിസ് ലക്സിയ, ഡിസ് ഗ്രാഫിയ വിഭാഗത്തില്‍ പെട്ട എതോ ഒരു പഠനവൈകല്യം ഉണ്ടെന്നാണ് ഞങ്ങള്‍ അദ്ധ്യാപകര്‍ക്ക് തോന്നിയിട്ടുള്ളത്. എന്തായാലും അവന്റെ ഉത്തര കടലാസ് നോക്കുമ്പോള്‍ പ്രത്യേക പരിഗണന ഞങ്ങള്‍ കൊടുക്കാറുണ്ട് .അവന്റെ പേപ്പര്‍ ചിക്കി ചികഞ്ഞ് ശരികള്‍ കണ്ടെത്തുക ശ്രമകരമായിട്ടും. മിക്കവാറും കണക്കിനും സയന്‍സിനുമൊക്കെ 'എ' ഗ്രേഡും അവന്‍ നേടാറുണ്ട്. )

ടിപി സൂര്യദര്ശിനി ഉപയോഗിച്ച് സൂര്യഗ്രഹണം കാണുന്നു.....

എന്നെ ഏറെ ത്രില്ലടിപ്പിച്ച ഒരു സംഭവമാണ് ഇന്ന് പറയാന്‍ പോകുന്നത്.....

2008-09 അദ്ധ്യായന വര്‍ഷത്തിലെ ഒരു ബുധനാഴ്ച്ച. 11.30 ന്റെ ഇന്റര്‍വെല്‍ സമയത്ത് സയന്‍സ് ലാബിലിരുന്ന് ചില്ലറ സാധനങ്ങള്‍ തപ്പിയെടുക്കുകയായിരുന്നു. അടുത്ത പീരിയഡ് ആറാം ക്ലാസുകാര്‍ക്ക് സയന്‍സാണ്. പതിവുപോലെ അമ്മണി ചേച്ചി ചായയുമായി എത്തി
" ചായ തണുത്തു പോകും സാറേ....."
എന്ന പതിവു പല്ലവി..... മിക്കവാറും എന്റെ പരക്കം പാച്ചിലിനിടയില്‍ കെണിവച്ച് പിടിച്ചാണ് എന്നെ അമ്മിണി ചേച്ചി ചായ കുടിപ്പിക്കാറുള്ളത്. ഇതിനിടയില്‍ ആറാം ക്ലാസിലെ ചില ശിങ്കിടികള്‍ ലാബിന്റെ വാതിലിലുടെ ഒളിഞ്ഞുനോക്കി എന്നിട്ട് മെല്ലെ അകത്തുകടന്നു...
" സാറേ..."
" എന്നാടാ..."
"അടുത്ത പീരീയഡ് സയന്‍സാ...."
"അതുകോണ്ട് .."
"അല്ലാ... സാറ് വരുന്നില്ലേ....."
"ഇല്ല..."
"അതെന്നാ സാറേ...."
"എടാ ഞാന്‍ അങ്ങോട്ടല്ല, നിങ്ങള്‍ ഇങ്ങോട്ടാണ് വരുന്നത്......"
"എടാ...... ഇന്നും ലാബിലാടാക്ലാസ്....... "
അവന്മാര്‍ കൂവി വിളിച്ച് ക്ലാസിലേക്കോടി....
ആദ്യം എത്തിയാല്‍ മുന്‍ബഞ്ചിലിരക്കാം അതിനാണീ പരക്കം പാച്ചില്‍. 2 മിനിറ്റ് കോണ്ട് ക്ലാസിലെ 35 പേരും ലാബിനുമുന്നില്‍ ഹാജര്‍.
"എടാ... തെരക്കുണ്ടാക്കിയാല്‍ തിരിച്ച് ക്ലാസിലേക്ക് പറഞ്ഞുവിടും... ലൈന്‍ നിന്നാലേ അകത്തകയറ്റൂ......."
എല്ലാവരും വേഗം നിരയായി.
"ഉം.. കേറിക്കോ..... "
അല്പം തിരക്കൊക്കെ കൂട്ടി അവര്‍ അകത്തുകയറി.

കര്‍പ്പൂരം പെടിച്ചതും ഉപ്പുപൊടിയും പൊതിയാക്കിയത്‍ എന്റെ കയ്യിലുണ്ടായിരുന്നു. പൊതിയിലെന്താണന്നറിയാന്‍ എല്ലാവര്‍ക്കും തിടുക്കമായി. ചിലരാകട്ടെ മേശപ്പുറത്തുവച്ചിരക്കുന്ന സ്പിരിറ്റ് ലാമ്പിന്റെയും ഗ്ലാസ് ഫണലിന്റെയും അലുമിനിയം ഡിഷിന്റെയും മറ്റും മുകളിലൂടെ ദൃഷ്ടിപായിച്ചുകൊണ്ടിരുന്നു. മിശ്രിതങ്ങളെ കുറിച്ചും ലായിനികളെ കുറിച്ചും അവ വേര്‍തിരിക്കുന്ന രീതികളെ കുറിച്ചുമൊക്കെ പ്രതിപാതിക്കുന്ന പാഠമാണ് പഠിച്ചുകൊണ്ടരിക്കുന്നത്. നെല്ലും പതിരും എങ്ങനെ വേര്‍തിക്കാം, അരിയും കല്ലും എങ്ങനെ വേര്‍തിരിക്കാം, ഉപ്പുവെള്ളത്തില്‍ നിന്ന് ഉപ്പ് എങ്ങനെ വേര്‍തിരിക്കാം, ഇരുമ്പു പൊടിയും കരിപ്പൊടിയും എങ്ങനെ വേര്‍തിരിക്കാം എന്നൊക്കെ അവര്‍ ഇതിനോടകം പഠിച്ചും പരീക്ഷിച്ചുമൊക്കെ കഴിഞ്ഞു.

"എന്റെ കയ്യിലെ പൊതികളില്‍ എന്താണന്ന് പറയാമോ.....?"
"സാറേ... കുളുതാ......" കണിയുടെ കമന്റ്
"വെളുത്തനിറമാണ്...."
"ചോക്കുപൊടി...... " ആരതി പറഞ്ഞു....
"പൊടിയാണ്... ചോക്കുപോടിയല്ല..... മിക്കവാറും ഭക്ഷണത്തില്‍ ചേര്‍ക്കുന്നതാണ്......"
"ഉപ്പ്.... ഉപ്പ്..... "എല്ലാവരും ഒറ്റസ്വരത്തില്‍ വിളിച്ചു പറഞ്ഞു.
"അതെ ഈ പോതിയില്‍ ഉപ്പാണ്.... എങ്കില്‍ ഈ പൊതിയിലെന്താണ്... "
"സാറേ കുളു..... "കണി വിണ്ടും.
"ഇതും വളുത്ത പൊടിയാണാണ്....... "
"അരിപ്പോടി..."
"അല്ലാ..."
"മൈതാപ്പോടി..."
"അല്ലാ....."
"ഇനി മയക്കുമരുന്നോ മറ്റോ ആണോ... "
രണ്ടാമത്തെ ബഞ്ചിലിരുന്ന് ആരോ അടക്കം പറഞ്ഞു. അത് കേട്ടതായി ഞാന്‍ ഭാവിച്ചില്ല. കാരണം അതിന്റെ പുറകേപോയാല്‍ ക്ലാസ് മുമ്പോട്ട് പോകില്ലെന്നറിയാമായിരുന്നു. ചെറികാര്യം കിട്ടിയാല്‍ അതില്‍ പിടിച്ച് കാടുകേറാന്‍ അവന്‍മാരെ കഴിഞ്ഞിട്ടേ സ്കൂളില്‍ വേറേ ആളുള്ളു.
"ശരി ഒരു ക്ലു കൂടി തരാം ... പോതിയൊന്ന് മണത്തുനോക്കിക്കോ..."
ഒന്നാം ബഞ്ച് മുതല്‍ മണപ്പിക്കാന്‍ തുടങ്ങി. ആദ്യത്തെയാള്‍ മണത്തപ്പോള്‍ തന്നെ ഉത്തരം വിളിച്ചു പറഞ്ഞു.
"കര്‍പ്പൂരം... കര്‍പ്പൂരം..."
എങ്കിലും എല്ലാവരെയും മണപ്പിച്ചു. മണത്തവര്‍ മണത്തവര്‍ മന്ത്രിച്ചു
"ങാ.. കര്‍പ്പൂരം."
കര്‍പ്പൂരമാണന്ന് ഞാനും സമ്മതിച്ചു. രണ്ടുപോതികളും തുറന്നു കാണിച്ചു. അതിനുശേഷം രണ്ട് പോതിയിലെയും പൊടികള്‍ ഒരു ചെറിയ ബീക്കറിലിട്ട് കൂട്ടികലര്‍ത്തി.
"സാറിതെന്നാ പരിപാടിയാകാണിച്ചേ.... ഇനിയത് എങ്ങനെ തരിച്ചാക്കാനാ......." അനന്തു പറഞ്ഞു.
"അതുതന്നാ നിങ്ങള്‍ക്ക് തരാന്‍ പോകുന്ന പണി.
"ഈ മിശ്രിതത്തില്‍ നിന്ന് ഉപ്പും കര്‍പ്പൂരവും വര്‍തിരിച്ചെടുക്കണം.
ആലാചിച്ച് ഒരു വഴി കണ്ടത്തണം. നോക്കട്ടെ എത്ര ബുദ്ധിമാരും മതികളും ഈ ക്ലാസില്‍ ഉണ്ടെന്ന്. "
"ങാഹാ.. അത്രക്കയോ...എങ്കിലോരുകൈ നോക്കയിട്ടിതന്നെ കാര്യം" അരൊക്കയോ ചേര്‍ന്ന് പറഞ്ഞു.
ചിലരുടെയൊക്കെ മുഖം ചിന്തകൊണ്ട് ചുളിഞ്ഞു. പെമ്പിള്ളാര്‍ പരസ്പരം കുശുകുശുത്തു. അമല്‍ അഗില്‍ വിജയകുമാര്ന്മാരുടെ മുഖത്തെ പതിവുനിസങ്കത അപ്പോഴും തുടര്‍ന്നു ടിപിയുടെ മുഖത്ത് സ്ഥിരം കാണാറുള്ള ആ വളിച്ച ചിരി ഇന്നും തെളുഞ്ഞു. എന്തോ ഒരു കുരുട്ടുബുദ്ധി തെളിഞ്ഞു എന്നാണ് ആ ചിരിയുടെ അര്‍ത്ഥം.
"കലര്‍ന്ന വസ്തുക്കളുടെ സ്വഭാവ സവിശേതകളില്‍ ഏതെങ്കിലും ഒരു കാര്യത്തിലെങ്കിലും അവ വ്യത്യസ്ഥത പുലര്‍ത്തിയിരിക്കും അത് വച്ചുകോണ്ടാണല്ലോ അവയെ തരം തിരക്കാനുള്ള മാര്‍ഗം കണ്ടെത്തുന്നത്. ഇനി ഒന്ന് ആലോചിച്ച് നോക്കിക്കേ....."
ഉല്പദനം എന്ന രീതിയിലൂടെ വേര്‍തിരിക്കുകയായിരുന്നു എന്റെ ലക്ഷ്യം. കര്‍പ്പുരത്തിന്റെ ഒരു സവിശേഷതയാണ് ഉല്പദനം അഥവാ സബ്ളിമേഷന്‍ . കര്‍പ്പൂരം ചൂടാക്കിയാല്‍ ഉരുകി ദ്രാവകാവസ്ഥ പ്രാപിക്കുന്നതിനു പകരം പുകഞ്ഞ് നേരിട്ട് വാതകാവസ്ഥ പ്രാപിക്കും ഇങ്ങനെ ഖരാവസ്ഥയില്‍ നിന്ന് നേരിട്ട് വാതകാവസ്ഥ പ്രാപിക്കുന്നതിനെയാണ് ഉല്പദനം അഥവാ സബ്ളിമേഷന്‍ എന്ന് പറയുന്നത്. കര്‍പ്പൂരത്തിന്റെ ഈസവിശേഷത പ്രയോജനപ്പെടുത്തി ഉപ്പും കര്‍പ്പൂരവും വേര്‍തിരിക്കന്ന പരമ്പരാഗത രീതി എല്ലാവര്‍ക്കും അറിയാമല്ലോ...
ഉപ്പും കര്‍പ്പൂരവും കലര്‍ന്ന മിശ്രിതം ആദ്യം ഒരു പാത്രത്തില്‍ എടുക്കുക. ഒരു ഗ്ലാസ് ഫണല്‍ എടുത്ത് അതിന്റെ തുള പഞ്ഞികൊണ്ട് അടച്ച് മേല്‍ പറഞ്ഞ മിശ്രിതത്തെ മൂടുക. അത് ഒരു സ്റ്റാന്റില്‍ വച്ച് ഒരു സ്പിരിറ്റ് ലാമ്പ് അടിയില്‍ കത്തിച്ചുവയ്ക്കുക. ചൂടാകുമ്പോള്‍ കര്‍പ്പൂരം പുകഞ്ഞ് ആവിയായി ഗ്ലാസ് ഫണലിന്റെ ഭിത്തിയില്‍ പറ്റി പിടിക്കുന്നത് കാണാം. ഉപ്പ് പാത്രത്തിലും കിടക്കും. കര്‍പ്പൂരം ചുരണ്ടി എടുക്കുകയും ചെയ്യും.
ഇതാണ് പണ്ടുതൊട്ടേ പഠപുസ്തകങ്ങളില്‍ കൊടുത്തിട്ടുള്ള രീതി. അത് കുട്ടികളെ കോണ്ട് ചെയ്യിക്കാനാണ് ഞാനും ഉദ്ദേശിച്ചിരുന്നത്. കുട്ടികളുടെ ഭാഗത്തു നിന്ന് കൃത്യമായ ഉത്തരം പ്രതീക്ഷിച്ചല്ല ചോദ്യം ഉന്നയിച്ചത്. കുട്ടികളുടെ ചിന്തയ്ക്ക് ഒരു വ്യായാമം ആവട്ടെ എന്നു കരുതി. മാത്രമല്ല പരീക്ഷണത്തിലേക്ക് കൂട്ടികളുടെ മനസിനെ കൂട്ടികൊണ്ടുവരന്‍ കഴിയുകയും ചെയ്യും. പരിക്ഷ്കരിച്ച പാഠ്യപദ്ധതി വിഭാവനം ചെയ്യുന്നതും പ്രശ്‍നാധിഷ്ഠിത പഠനവും പ്രശ്‍നാധിഷ്ഠിത ക്ലാസ്റൂം പ്രവര്‍ത്തനങ്ങളുമാണ്. ( പഠ്യപദ്ധതിയിലെ നല്ല കാര്യങ്ങള്‍ വിസ്മരിച്ച് എല്ലാവരും മതമില്ലാത്ത ജീവന്റെ പുറകേ മാത്രം പോകുന്നു എന്നതാണ് സത്യം ; എല്ലാം 100 ശതമാനം ശരിയാണ് എന്നല്ല ഉദ്ദേശിച്ചത്.)
അതിനിടെ ആരോ ഒരാള്‍ വിളിച്ചു പറഞ്ഞു.
"കിട്ടിപോയ്...."
നന്ദുവാണ് അത് പറഞ്ഞത്.
" പറയടാ...."
" സാറെ. ഈയില്ലേ.. ഉപ്പ് കത്തത്തില്ല. കര്‍പ്പൂരം കത്തും . അതോണ്ട് നമുക്ക് ഒരു തിപ്പട്ടി ഉരച്ച് അതേലോട്ട് കാണിച്ചാ കര്‍പ്പുരം കത്തി പോയി ഉപ്പ് മാത്രം കിട്ടും. "
" കൊള്ളാം ... മിടുക്കന്‍.... പക്ഷെ .. കര്‍പ്പുരം കത്തിപോവില്ലേ..... എനിക്ക് ഉപ്പിനേക്കാള്‍ അത്യാവശ്യം കര്‍പ്പൂരമാ..... അപ്പോ എന്ത് ചെയ്യും... ? "
" അയ്യോ... കര്‍പ്പൂരവും ഉപ്പും രണ്ടും വേണോ... അതിനിപ്പോ എന്താ ചെയ്യുക..."
"സാറേ...." ടി.പിയുടെ വിളി.
"എന്താടാ... വല്ല കുരുട്ടുബുദ്ധിയും തോന്നുന്നുണ്ടോ.... "
വായില്‍ വെള്ളമൊലിപ്പിച്ചുള്ള ആ വളിച്ച ചിരി വീണ്ടും ടിപിയുടെ മഖത്ത് വരുന്നത് കണ്ട് ഞാന്‍ ചോദിച്ചു.
"അതേ.... എനിക്കൊരൈഡിയാ....."
"പറയെടാ......"
"ഈയാണങ്കിലേ....... ഉപ്പ് വെള്ളത്തിലലിയൂല്ലോ.... കര്‍പ്പൂരം അലിയൂല്ല... അപ്പൊ നമുക്ക് ഈ പൊടി എടുത്ത് വെള്ളത്തിലോട്ട് ഇടാം എന്നട്ട് എളക്കണം. അപ്പോ ഉപ്പ് അലിഞ്ഞോളും.. കര്‍പൂരം നമുക്ക് തുണിയോണ്ട് അരിച്ചെടുക്കാം. എന്നട്ട് ഉപ്പുവെള്ളം വെയിലത്ത് വച്ച് ആവിയാക്കിയാ ഉപ്പ് നമുക്ക് കിട്ടും. അങ്ങനെ രണ്ടും വേര്‍തിരിച്ച് കിട്ടൂല്ലേ സാറേ....."
ക്ലാസ് ഒന്നടങ്കം ശ്വാസം അടക്കിപ്പിടിച്ച് ടിപി പറയുന്നത് കേട്ടു.
ഒന്നാലോചിച്ച ശേഷം ഞാന്‍ പറഞ്ഞു.
"നിന്റെ ഐഡിയ കൊള്ളാല്ലോടാ...മിടുക്കന്‍ ....കാണാനൊരു ലുക്കില്ലനേയുള്ളൂ... ഒടുക്കത്തെ ബുത്തിയാണല്ലോ....".
"അതുശരിയാ...... നമുക്കൊന്ന് പരീക്ഷിച്ച്നോക്കയാലോ സാറേ...."
മറ്റുള്ളവര്‍ ടിപിക്ക് പിന്‍തുണയുമായി വന്നു.

ടിപിയുടെ ഐഡിയ കേട്ട് ഞാന്‍ ശരിക്ക് വണ്ടറടിച്ചുപോയി!

അത്തരത്തിലോരു സാദ്ധ്യതയെ കുറിച്ച് ഞാനും ചിന്തിച്ചുരുന്നില്ല. എന്തായാലും എഡിയ കൊള്ളാമെന്നെനിക്ക് തോന്നി. ചെയ്തു നോക്കി കളയാം. ടിപിയെ തന്നെ പരീക്ഷണം ചെയ്യാന്‍ വിളിച്ചു. സഹായത്തിന് ജിതിനെയും. പരീക്ഷണത്തിന് ആവശ്യമായ സാമഗ്രികള്‍ സംഘടിപ്പിക്കണമല്ലോ. ഉടന്‍ വെള്ളമെടുക്കാന്‍ കണിയെയും അമ്മിണി ചേച്ചിയോട് പറഞ്ഞ് ഒരു കഷ്ണം തുണി തരപ്പെടുത്താന്‍ അനന്തുവിനെയും ചുമതലപ്പെടുത്തി. ശരവേഗത്തില്‍ കാര്യങ്ങള്‍ നടന്നു. പരീക്ഷണം ടിപിയും ജിതിനും കൂടി നടത്തി. സംഭവം സക്സസ്. ഉപ്പു വെള്ളം വയിലത്ത് ആവിയാവാന്‍ വച്ചു. അതില്‍ നിന്ന് ഉപ്പണ്ടാകുന്നത് കാണാന്‍ ആരും അത്ര താത്പര്യം കാണ്ച്ചില്ല. കാരണം അതവര്‍ തലേന്ന് ചെയ്തുനോക്കിയിരുന്നു. എല്ലാവരും ടിപിയെ അഭിനന്ദിച്ചു.
"എന്നാല്‍ ഇതല്ലാതെ മറ്റോരു രീതിയിലും ഉപ്പും കര്‍പ്പൂരവും വേര്‍തിരിക്കാം......"
"ണിം....."
മണി മുഴങ്ങി.
എതായാലും അതൊന്ന് പറഞ്ഞുതീര്‍ക്കാം എന്നു കരുതി സംഭാഷണം നീട്ടിക്കൊണ്ടുപോയി. അതിനിടെ ബല്ലടിച്ച കാര്യം ഞങ്ങള്‍ മറന്നു. ആറാം ക്ലാസില്‍ ചെന്നപ്പോള്‍ ക്ലാസ് കാലിയായി കിടക്കുന്നതുകണ്ട ലിന്‍സി ടീച്ചര്‍ കുട്ടികളെ തിരക്കി ഒടുവില്‍ ലാബിലെത്തി ....
"നിധിന്‍ സാറേ..... പരീക്ഷണത്തരിക്കിലാണോ... ?"
"ദാ.. ഈകാര്യം കൂടി പറഞ്ഞ് നിര്‍ത്തിയേക്കാം....."
"സാറിന് വേണമങ്കില്‍ ഈ പിരീഡും എടുത്തൊ..... സാറിന് അഞ്ചാം ക്ലാസല്ലേ..... ഞാന്‍ അങ്ങോട്ടു പോക്കോള്ളാം...."
"എന്നാ ശരി ഞന്‍ ഈ പീരീഡു കൂടി എടുത്തോളാം....."
ലിന്‍സി ടീച്ചര്‍ എക്സ്പ്രസ് വേഗത്തില്‍ അഞ്ചാം ക്ലാസിലേക്ക് കുതിച്ചു... ( വേഗത എന്നത് ലിന്‍സി ടീച്ചരുടെ വ്യക്തി മുദ്രയാണ്. വേണമെങ്കില്‍ മൂന്ന് ക്ലാസു വരെ ടീച്ചര്‍‌ ഒരേ സമയം ടൈം മള്‍ട്ടിപ്ലക്സ് ചെയ്ത് കൈകാര്യം ചെയ്യും അത്ര പ്രോസസിങ്ങ് സ്പീഡാണ് ടീച്ചറുടെ സിസ്റ്റത്തിന്......)
ഞങ്ങള്‍ ക്ലാസ്‍ തുടന്നു....
ഉല്പ്പദന രീതിയിലും ഞങ്ങള്‍‌ ഉപ്പും കര്‍പ്പൂരവും വേര്‍തിരിച്ചു......
എല്ലാവരും താത്പര്യത്തോടെ പരീക്ഷണത്തില്‍ പങ്കെടുത്തു. എല്ലാം കഴിഞ്ഞപ്പോള്‍ ജിതിന്റെ വക ഒരു സംശയം..... ( പൊതുവേ അവനൊരു സംശയ രോഗിയാണ്. തോമാശ്ലീഹയുടെ അരുമശിഷ്യന്‍...... അവന്റെ രസകരമായ ഒരു സംശയത്തെ പറ്റി പന്നീടൊരിക്കല്‍ പറയാം)
"പരീക്ഷയ്ക്കെങ്ങാനും ഇത് ചോദിച്ചാല്‍ എതുരീതിയിലാ എഴുതേണ്ടത്... ടിപീടെ രീതിയിലോ.... അതൊ പുസ്തകത്തിലെ രീതിയിലോ.....?"
"അത് നിങ്ങളുടെ ഇഷ്ടത്തിന് വിട്ടു തരുന്നു....." എന്ന് പറഞ്ഞ് ഞാന്‍ ക്ലാസ് അവസാനിപ്പിച്ചു.

അപ്പോഴും എന്റെ മനസില്‍ ജിതിന്‍ പ്രയാഗിച്ച ആ വാക്ക് അലയടിച്ചുകൊണ്ടിരന്നു...... "ടീപ്പീടെ രീതി"...... ടിപീസ് മെത്തേഡ് .......ടിപീസ് മെത്തേഡ് ഫോര്‍ സെപ്പറേറ്റിങ്ങ് "ഉപ്പ്" ആന്റ് "കര്‍പ്പൂരം" ഫ്രം ഇറ്റ്സ് മിക്സ്ച്ചര്‍..............

Monday, January 4, 2010

ആദ്യ ശാസ്ത്ര മേള....

പട്ടിത്താനം സെന്‍റ് ബോണിഫസ് യുപിസ്കൂളില്‍ വച്ച നടന്ന ശാസ്ത്ര മേള. എന്‍റെ അദ്ധ്യാപന ജീവിത്തിലെ ആദ്യ ശാസ്ത്രമേള. വര്‍ക്കിങ്ങ് മോഡലായി ഞങ്ങള്‍ നിര്‍മിച്ചത് ഒരു സോളാര്‍ കോണ്സന്‍ട്രേറ്ററായിരുന്നു. ഞായറാഴ്ച്ചയില്‍ വരെ അതിന്‍റെ നിര്‍മാണത്തിനായി സ്കൂള്ല്‍ ചെന്നിരുന്നു. കുട്ടികള്‍ ഏറെ സഹകരണം ഉള്ളവരാണെന്ന് മനസിലാക്കിയ ദിവസങ്ങള്‍. സബ്ജില്ലാതല മത്സരം കഴിഞ്ഞ് ഫലം പ്രഖ്യാപിക്കുന്ന നിമിഷങ്ങള്‍ എത്തി... എല്ലാവരു ശ്വാസം അടക്കി കാത്തരിക്കുന്നു. " യു പി വിഭാഗം വര്‍ക്കിഗ് മോഡല്‍..... ഫസ്റ്റ്..... വിഷ്ണുപ്രിയ ആര്‍ നായര്‍... കൃഷ്ണ പ്രിയ എം.റ്റി. ..... ഗവ. ഹൈസ്കൂള്‍ മാഞ്ഞുര്‍..." എന്ന് മൈക്കിലുടെ മുഴങ്ങിയതും ഞങ്ങളുടെ സ്കൂളില്‍ നിന്നെത്തിയ കുട്ടിള്‍ ആര്‍ത്തുവിളിച്ചു... കുട്ടികള്‍ ചുറ്റും കൂടി... അവരുടെ ആഹ്ലാദ പ്രകടനം... മറ്റ് സ്കൂളുകളിലെ ചില അദ്ധ്യാപകര്‍ ഇതെല്ലാം ഉറ്റുനോക്കുന്നു... സന്തോഷം കോണ്ട് കണ്ണുകള്‍ തടാകമാകാതിരിക്കാന്‍ ഏറെ പണിപ്പെട്ടു.... കൃഷ്ണപ്രിയക്കും വിഷ്ണുപ്രിയക്കും ഒരോ ഷേയ്ക്ക് ഹാന്‍റ് നല്‍കി... മിടുക്കി കുട്ടികള്‍... നിസാരമായ ആ ഉപകരണം അവരുടെ വാചക കസ്രത്തില്‍ വിധികര്‍ത്താക്കള്‍ക്ക് പ്രിയപ്പെട്ടതായി...ശാസ്ത്ര മാസികയ്ക്കും (പരികല്പന) അന്ന് ഒന്നാം സ്ഥാനം ലഭിച്ചു... ജില്ലാ ശാസ്ത്രമേളയിലും അവര്‍ ഒന്നാമതായി. തൊടുപുഴയില്‍ വച്ചുനടന്ന സംസ്ഥാന ശാസ്ത്രമേളയിലും പങ്കെടുത്തു....ഒരു അദ്ധ്യാപകന്‍ എന്ന നിലയില്‍ ഏറെ അഭിമാനം തോന്നിയ ആദ്യ അനുഭവം.........
വിഷ്ണുപ്രിയയും കൃഷ്ണപ്രിയയും സംസ്ഥാന ശാസ്ത്ര മേളയില്‍പിന്നീട് പലപ്പോഴും ദര്‍പ്പങ്ങളുമായി ബന്ധപ്പെട്ട പാഠഭാഗങ്ങളില്‍ ഒരു പഠനോപകരണമായി മാറി ഈ ഉപകരണം.....