ജീവിതത്തിലെ വസന്തകാലമാണ് സ്കുള്‍ ജീവിതം. ഞങ്ങള്‍ , അധ്യാപകരാണ് ലോകത്തിലെ ഏറ്റവും ഭാഗ്യം ചെയ്തവര്‍. കാരണം വിദ്യാലയമെന്ന മനോഹരതീരത്ത് പുനര്‍ജനിക്കാന്‍ ഭാഗ്യം ചെയ്തവരാണ് ഞങ്ങള്‍.... എന്റെ അധ്യായന-അധ്യാപന ദിനങ്ങളിലെ അനുഭവങ്ങള്‍ കോറിയിട്ട ചുവര്‍ചിത്രമാണ് ഈ ജാലകക്കാഴ്ച ..........................

എവര്‍ക്കും സ്വാഗതം

...........................
RSS

Tuesday, September 16, 2014

ഒരു സോഫ്റ്റ്‍വെയർ ജനിക്കുന്നു.........


        വശ്യമാണ് കണ്ടുപിടുത്തങ്ങളുടെ മാതാവ് എന്നാരോ പണ്ടേ പറഞ്ഞു വച്ചിട്ടുണ്ട്. ഞാനൊരു പ്രൊഫഷണല്‍ സോഫ്ട്‍വെയര്‍ ഡെവലപ്പറോ ടാലന്റഡ് പ്രോഗ്രാമറോ ഒന്നുമല്ല. കേവലം ഒരു പ്രൈമറി അധ്യാപകന്‍. ഒരുപാട് കാലമായി ഞാന്‍ മനസില്‍ കൊണ്ടു നടന്ന ഒരു സോഫ്ട്‍വെയര്‍ സ്വപ്നം ഇന്ന് യാഥാത്ഥ്യമായിരിക്കുകയാണ് -ഒരു ഫോള്‍ഡറില്‍ സൂക്ഷിച്ചിരിക്കുന്ന ഫോട്ടോകളിലെ മുഖങ്ങള്‍ കണ്ടെത്തി അവയെ പ്രത്യേകം പ്രത്യേകമായി നാം ആഗ്രഹിക്കുന്ന വലുപ്പത്തിലേക്ക് ക്രമപ്പെടുത്തി സേവ് ചെയ്യാന്‍ കഴിവുള്ള FaceCropper എന്ന സോഫ്ട്‌വെയര്‍. ഇങ്ങനെ ഒരു ഫ്രീ സോഫ്ട്‍വെയര്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ പലപ്പോഴും ആഗ്രഹിച്ചുപോയിട്ടുണ്ട്. അജ്ഞനായ ഈയുള്ളവന്‍ പ്രജ്ഞനെന്ന് ഭാവിച്ച് രചിച്ച ഈ 'സോഫ്ട്‍വെയര്‍ഗാഥ' ബ്ലോഗുലകത്തോട് വിളിച്ചു പറയാന്‍ വെമ്പല്‍ കൊണ്ട് നടക്കാന്‍ തുടങ്ങിയിട്ട് ഏറെനാളായി. ഇന്നിത് മാലോകര്‍ക്ക് പ്രയോജനപ്പെടാന്‍ വേണ്ടി ഇന്റര്‍നെറ്റിന്റെ സിരകളിലൂടെ സ്വതന്ത്രമായി ഒഴുകാന്‍ അനുവദിക്കുമ്പോള്‍ ഉള്ളില്‍ അലയടിക്കുന്ന സന്തോഷം എനിക്ക് പറഞ്ഞറിയിക്കാവുന്നതിനുമപ്പുറമാണ്. FaceCropper എന്ന എന്റെ ആദ്യസോഫ്ട്‍വെയര്‍ കണ്‍മണിയുടെ ജനനത്തിനു പിന്നിലെ കഥയാണിത്.

Tuesday, August 14, 2012

സ്വാതന്ത്യദിനാഘോഷം: വെച്ചൂര്‍ സ്കൂള്‍ സ്മരണകളില്‍ നിന്നും ഒരേട്......

മാഞ്ഞൂര്‍ സൂളില്‍ നിന്നും വെച്ചുര്‍ സ്കളിലേക്കെത്തുമ്പോള്‍ മനസില്‍ ഒരുപാട് ആശങ്കകള്‍ ഉണ്ടായിരുന്നു. എല്ലാരും എന്നോട് കൂട്ടു കൂടുമോ? എന്തങ്കിലും ക്രിയാത്മകമായി ചെയ്യാനുള്ള പ്രേരണ തരുമോ? എന്നെല്ലാം. സ്കൂളില്‍ ജോയിന്‍ ചെയ്ത് ദിവസങ്ങള്‍ കഴിഞ്ഞു. എന്റെ മനസിലെ കാര്‍മേഘം മെല്ലെ മെല്ലെ നീങ്ങാന്‍ തുടങ്ങി. ഓരോ കാര്യങ്ങള്‍ക്കും എന്നയും അവര്‍ കൂട്ടി തുടങ്ങി. കമ്പൂട്ടറിനോടുള്ള എന്റെ താത്പര്യം എവിടുന്നൊക്കെയോ വെച്ചൂര്‍ സ്കൂളിലെ സഹ പ്രവര്‍ത്തകര്‍ ഇതിനോടകം മനസിലാക്കിയിരുന്നു. അങ്ങനെ കമ്പ്യുട്ടര്‍ സംബന്ധിച്ച കാര്യങ്ങള്‍ക്കെല്ലാം എന്റെ കൂടി ഉപദേശം തേടിത്തുടങ്ങി. അങ്ങനെ ഞാനും അവരിലൊരാളായി എന്നൊരു തോന്നല്‍ എന്നിലും വളര്‍ന്നു. അത് എന്റ ആവേശം വര്‍ദ്ധിപ്പിച്ചു. അങ്ങനെയിരിക്കെ സ്വാതന്ത്യദിനാഘോഷത്തെ പറ്റി ആലോചിക്കാന്‍ ഒരു സ്റ്റാഫ് മീറ്റിംഗ് വിളിച്ച് കൂട്ടി. ഘോഷയാത്ര, മധുര പലഹാര വിതരണം തുടങ്ങിയ കാര്യങ്ങളിലൊക്കെ തീരുമാനങ്ങള്‍ പെട്ടെന്നെടുത്തു. മീറ്റിങ്ങ് പിരിച്ച് വിടാന്‍ തുടങ്ങുമ്പോഴാണ് സീനിയര്‍ അസിസ്റ്റന്റായ കനകമണിയമ്മാള്‍ ടീച്ചര്‍ ഒരു നിര്‍ ദേശം മുന്നോട്ട് വച്ചത്. ടീച്ചര്‍ ഹൈസ്കൂളിലെ സോഷ്യല്‍ സയന്‍സ് അധ്യാപിക കൂടിയാണ്.

"നിധിന്‍ സാറേ.... സ്വാതന്ത്യ സമര ചരിത്രത്ത പറ്റി ഒരു സ്ലൈഡ് ഷോ ഉണ്ടാക്കി കുട്ടികളെ കാണിച്ചാലോ?"

എന്റെ നെറ്റി ചുളിഞ്ഞു..... പണിയായല്ലോ എന്ന് മനസിലോര്‍ത്തു. ചെയ്യാനുള്ള മടിയല്ല. ഈ വിഷയത്തിലുള്ള എന്റെ വിവരക്കുറവാണ് എന്നെ അലട്ടിയത്. SSLC പരീക്ഷയ്ക്ക് ഹിസ്റ്ററിക്ക് കിട്ടയമാര്‍ക്ക് 25 ആണ്.

"എനിക്ക് വല്യ വിവരമില്ലാത്ത മേഖലയാണ്. സംഭവങ്ങളും മറ്റും കൃത്യമായി എഴുതി തയ്യാറാക്കിയാല്‍ സാങ്കേതിക കാര്യങ്ങളൊക്കെ ഞാന്‍ ചെയ്യാം."

അങ്ങനെ എന്നെ സഹായിക്കാന്‍ യു.പി. യിലെ സാമൂഹ്യശാസ്ത്ര അധ്യാപികയായ ഗിരിജ ടീച്ചറെ  യോഗം ഭരമേല്‍പ്പിച്ചു. അന്നൊരു വ്യാഴാഴ്ച്ചയായിരുന്നു. അടുത്ത തിങ്കളാഴ്ച്ച സ്വാതന്ത്യ ദിനമാണ്.  ഒട്ടും സമയമില്ല.
അന്ന് ഉച്ചക്ക് ഉണ്ണാനിരുന്നപ്പോള്‍ ഈ വിഷയം ചര്‍ച്ചക്ക് വന്നു. ഉണ്ണുമ്പോള്‍ ഒരു എസ്. ആര്‍. ജി. ഞങ്ങള്‍ക്ക് പതിവാണ്. പ്രത്യേകിച്ച് അജണ്ട ഒന്നുമില്ലാത്ത ഒരു അനൗദ്യോഗിക യോഗം. സ്ലൈഡ്ഷോ ഒരു ഗംഭിര പരിപാടിയാക്കി മാറ്റണം എന്ന്  എല്ലാവരും അഭിപ്രായപ്പെട്ടു. ഒരു പ്രസ്റ്റീജ് ഇഷ്യു ആയി ഞാനും ഇത് ഏറ്റെടുത്തു. അങ്ങനെ കേവലം ഒരു സ്ലൈഡ് ഷോ എന്നത് മാറ്റി ഒരു ഡോക്യമെന്ററി ആക്കാമെന്ന് ഞങ്ങള്‍ തീരുമാനിച്ചു. ഒരു സ്ക്രിപറ്റ് എഴുതാന്‍ ഗിരിജടീച്ചറോട് ഞങ്ങള്‍ പറഞ്ഞു.

പിറ്റേന്ന്  ഗിരിജടീച്ചര്‍ പ്രാധാന സംഭവങ്ങള്‍ കോര്‍ത്തിണക്കി ഒരു ചെറിയ സ്ക്രിപ്റ്റ്  തയാറാക്കി കൊണ്ടു വന്നു. ഞാന്‍ അത് വായിച്ചു. എന്റെ മനസില്‍ ഉദ്ദേശിച്ചപോലായില്ല. എല്ലാരും വന്നു. ഇനിയൊരു ദിവസമില്ല. ഇന്നൊരു ദിവസം ക്ലാസില്‍ പോയില്ലേലും വേണ്ടില്ല നല്ലൊരു സ്ക്രിപ്റ്റ്  തയ്യാറാക്കിയേ പറ്റൂ എന്നായി എല്ലാവരും. അങ്ങനെ ഞാനും വിജിത്ത് സാറും ഗിരിജടീച്ചറും മിനിടീച്ചറും സൂജാത ടീച്ചറും കൂടി ഒത്തു പിടിക്കാന്‍ തീരുമാനിച്ചു. മറ്റളവര്‍ ഞങ്ങളുടെ ക്ലാസു കൂടി കൈകാര്യം ചെയ്യാമെന്നേറ്റു. സ്റ്റാഫ് റൂമില്‍ ചര്‍ച്ചകള്‍ കനത്തു. വിജിത്ത് സാറിന്റെ പരന്ന വായനയിലൂടെ നേടിയെടുത്ത അറിവുകള്‍ ചര്‍ച്ചക്ക് കൊഴുപ്പേകി. സ്ക്രിപ്റ്റിലെ വാക്യങ്ങള്‍ ഒരോരുത്തരായി സംഭാവന ചെയ്തു. മറ്റുള്ളവര്‍ അത് പോളിഷ് ചെയ്ത് കൂടുതല്‍ ഭംഗിയാക്കി. മിനിടീച്ചര്‍ മനോഹരമായ കൈപ്പടയില്‍ അവ കടലാസിലേക്ക് പകര്‍ത്തി. അങ്ങനെ വൈകുന്നേരമായപ്പോഴേക്കും ഞങ്ങള്‍ക്ക് തൃപ്തികരമായ ഒരു സ്ക്രിപ്റ്റ്  റെഡിയായി. കനകമണി ടീച്ചറെകൊണ്ട്  സ്ക്രിപ്പിലെ ഉള്ളടക്കം സൂപ്പര്‍ ചെക്ക് ചെയ്യിച്ചു. ഭാഷാ പരമായ അപാകതകള്‍ വിജയകുമാര്‍ സാര്‍ തിരുത്തി തന്നു. അപ്പോഴേക്കും നാലുമണിയായി. ബെല്ലടിച്ചു. കുട്ടികള്‍ പോയി. സ്കൂള്‍ നിശബ്ദമായി. ഞാനും വിജിത്ത് സാറും കൂടി കമ്പ്യൂട്ടര്‍ ലാബിലെത്തി. സ്ക്രിപ്റ്റ് വിശദമായി ഒന്നുകൂടി വായിച്ചു. വിജിത്ത് സാറിന്റെ ഘനഗംഭീര സ്വരത്തില്‍ തന്നെ ശബ്ദം ലേഘനം ചെയ്യാന്‍ തീരുമാനിച്ചു. വിജിത്ത് സാര്‍ കട്ടിയില്‍ ഒന്ന് ചുമച്ച് സ്വരം ശരിയാക്കി. റെക്കോര്‍ഡിങ്ങ് തുടങ്ങി. തെറ്റിയും തിരുത്തിയും ഇന്റോനേഷന്‍ മാറ്റിയുമൊക്കെ ഒരുപാട് ക്ലിപ്പുകളായി റെക്കോര്‍ഡിങ്ങ് പൂര്‍ത്തിയാക്കി. മറ്റെല്ലാവരുടെയും ജോലി കഴിഞ്ഞു. ഇനിയുള്ള പണി ഞാന്‍ ഒറ്റക്ക്. ഡിജിറ്റലും അല്ലാത്തതുമായ എല്ലാ രേഖകളുമായി ഞാന്‍ വിട്ടിലേക്ക് തിരിച്ചു.

ഓരോ സന്ദര്‍ഭത്തിനും പറ്റിയ ചിത്രങ്ങളും വീഡീയോകളും ബാക്ക്ഗ്രൗണ്ട് സ്കോറും കണ്ടത്തലായിരുന്നു ഏറെ ശ്രമകരമായ ജോലി. കിട്ടിയ ഡിജിറ്റല്‍ ഇന്‍ഫോര്‍മേഷനുകളെല്ലാം ഇനം തിരിച്ച് ഫോള്‍ഡറിലാക്കി. പിന്നെ എഡിറ്റിങ്ങ് തുടങ്ങി. ശേഖരിച്ച ഡിജിറ്റല്‍ ഇന്‍ഫോര്‍മേഷനുകള്‍ക്കൊപ്പം 2 ദിവസത്തെ ഉറക്കവും കമ്പ്യൂട്ടിറില്‍ ഹോമകുണ്ഡം ഒരുക്കി അതില്‍ ദഹിപ്പിച്ചു. ഒടുവില്‍ ആ ഹോമകുണ്ഡത്തില്‍ നിന്ന് 15 മിനിട്ട് ദൈര്‍ഘ്യമുള്ള ഒരു വീഡിയോ ഉദിച്ചുവന്നു.
ഇതാ.......... കണ്ട് നോക്കൂ.....................

പ്രിയ വായനക്കാരേ.......  നിങ്ങളുടെ കമന്റുകളാണ് എന്റെ ഊര്‍ജം ...... ക്രിയാത്മകമായ അഭിപ്രായങ്ങള്‍ കുറിക്കാന്‍ മറക്കല്ലേ..........

പ്രൂഫ് റീഡിങ്ങ് : ചൂവി.

Tuesday, June 26, 2012

ബഡ്ഡിങ്ങും ഗ്രാഫ്റ്റിങ്ങും പിന്നെ കുറേ നല്ല ഓര്‍മകളും

വീണ്ടും ശാസ്ത്രാധ്യാപനത്തിന്റെ വാതായനങ്ങള്‍ എനിക്ക് മുന്നുല്‍ തുറന്നു കിട്ടി. എറെ നാളായി പൂട്ടിയിട്ടിരുന്ന എന്റെ ബൂലോക ജാലകം ഇന്ന് വീണ്ടും തുറക്കുകയാണ്. പഠനത്തിനായി അവധിയെടുത്തതിനെ തുടര്‍ന്ന് മാഞ്ഞൂര്‍ സ്കൂളില്‍ നിന്നും വെച്ചൂര്‍ സ്കൂളിലേക്ക് സ്ഥലം മാറിപ്പോവേണ്ടി വന്നു. ഒപ്പം എന്റെ  ശാസ്താധ്യാപകന്റെ കുപ്പായവും ഊരേണ്ടി വന്നു. ഈ വര്‍ഷം വീടിനടുത്തുതന്നെയുള്ള കടപ്പൂര്‍ സ്കൂളിലേക്ക് സ്ഥലം മാറ്റം കിട്ടി. നല്ലവരായ സഹപ്രവര്‍ത്തകരുടെ കരുണ കൊണ്ട് എനിക്ക് ശാസ്ത്രാധ്യാപകന്റെ കുപ്പായം വീണ്ടും അണിയാറായി....

പച്ചയാം വിരിപ്പ് എന്ന 7 ാം ക്ലാസിലെ പാഠഭാഗത്തിലൂടെ ഇപ്പോള്‍ കടന്നു പോയിക്കൊണ്ടിരിക്കുകയാണ്. ഒപ്പം പഴയ ഒരുപാട് ഒര്‍മകളിലൂടെയും..... മാഞ്ഞൂര്‍ സ്കൂളില്‍ ആയിരുന്ന സമയത്ത് ഈ പാഠഭാഗം പഠിപ്പിക്കുന്ന അവസരത്തില്‍ പലപ്രശ്നങ്ങളും ഞാന്‍ നേരിട്ടു. പ്രശ്നപരിഹാരത്തിന് ഒരു പഠനയാത്ര തന്നെ സംഘടിപ്പിക്കേണ്ടി വന്നു. ആ സ്മരണകളിലേക്ക്  ഒന്നെത്തിനോക്കാന്‍ ഒരു ശ്രമം നടത്തുകയാണ്.

പച്ചയാം വിരിപ്പ് എന്ന പാഠഭാഗം കുട്ടികളെ മണ്ണിനോടും കൃഷിയോടും കൂടുതല്‍ അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സിലബസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നല്ല വിത്ത് / നടീല്‍ വസ്തുക്കള്‍ ഉത്പാദിപ്പിക്കാന്‍ സ്വീകരിക്കുന്ന വിവിധ മാര്‍ഗങ്ങളെ പറ്റി കൂടുതല്‍ അന്വേഷിക്കാനും വിവരങ്ങള്‍ ശേഖരിക്കാനും അവയില്‍ ചിലത് പരീക്ഷിച്ച് നോക്കാനുമെല്ലാം പാഠഭാഗത്ത് നിര്‍ദേശിക്കുന്നുണ്ട്. ബഡിങ്ങ്, ഗ്രാഫ്റ്റിങ്ങ്, ലെയറിങ്ങ് തുടങ്ങിയവയെ പറ്റി കൂടുതല്‍ മനസിലാക്കി അത് പരീക്ഷിച്ചു നോക്കുക എന്നത് പഠനപ്രവര്‍ത്തനത്തിന്റെ ഭാഗമായി ചെയ്യേണ്ടതുണ്ടായിരുന്നു. ടെക്സ്റ്റ് ബുക്കില്‍ നല്‍കിയിട്ടുള്ളതും  ഇന്റര്‍നെറ്റില്‍ നിന്നും ശേഖിച്ചതുമായ വിവരങ്ങള്‍ ഉപയോഗിച്ച് ചില പരീക്ഷണ നിരീക്ഷണങ്ങള്‍ നടത്താന്‍ ഞങ്ങള്‍ തീരുമാനിച്ചു.... ആദ്യം ബഡ്ഡിങ്ങു തന്നെയാവട്ടെ.... കത്തി, ബ്ലെയ്ഡ് തുടങ്ങിയ മാരകായുധങ്ങളുമായി ഒരു വ്യാഴാഴ്ച്ച രാവിലത്തെ ഇന്റര്‍വെല്ലിനു ശേഷമുള്ള സയന്‍സ് പീരിയഡ് ഞങ്ങള്‍ പുറത്ത് ചാടി.. ഏഴാംക്ലാസിന്റെ വാതുക്കല്‍ തന്നെ നില്‍ക്കുന്ന പാവം ചെമ്പരത്തി..... മാരകായുധങ്ങളുമായി അടുത്തേക്ക് വരുന്ന "കൊട്ടേഷന്‍ ടീമിനെ" കണ്ട് നടുങ്ങി..... "കൊള്ളാം ബഡ് ചെയ്യാന്‍ പറ്റിയ ചെടി" എന്നൊക്ക ആരൊക്കെയൊ പറയുന്നത് കേട്ടിട്ടാണോ അതോ ഇളം കാറ്റേറ്റിട്ടാണോ ആ ചെമ്പരത്തി ചെടിയുടെ ഇലകള്‍ നന്നായി വിറയ്കുന്നുണ്ടായിരുന്നു. ഞാന്‍ ആ വിറയ്ക്കുന്ന ഇലകളെ മെല്ലെ വകഞ്ഞ് മാറ്റി  മുകുളം ഒട്ടിച്ചു ചേര്‍ക്കാന്‍ പറ്റിയ ഒരു കമ്പ് കണ്ടെത്തി. കൂട്ടത്തിലെ പ്രധാന ദിവ്യന്മാരും അത് ശരി വച്ചു.
" സാറേ... ആ കിണറിനടുത്ത് നില്‍ക്കുന്ന കട്ട ചെമ്പരത്തീടെ മുകുളം ഇവിടെ ഒട്ടിക്കാം...." ജോയല്‍ പറഞ്ഞു.
" അതെ സാറേ അതു മതി..." ചിലര്‍ അതിനെ അനുകൂലിച്ചു.
"എന്റെ വീട്ടില്‍ രണ്ടു നിലയുള്ള ഓറഞ്ച് നിറമുള്ള ചെമ്പരത്തിയുണ്ടായിരുന്നു ... ശോ... അതായിരുന്നേല്‍ അടിപൊളിയായിരുന്നു... " ജിനു മുരാരി പരിഭവിച്ചു....

ഏതായാലും കുട്ടികളുടെ അഭിപ്രായം മാനിച്ച് ഞങ്ങള്‍ കിണറിനടുത്തേക്ക് നടന്നു. ചെമ്പരത്തിചെടിയുടെ ഇലകള്‍ മാറ്റി നോക്കിയപ്പോള്‍ വിടരാന്‍ കൊതിക്കുന്ന ധാരാളം കുഞ്ഞുമുകളങ്ങള്‍ ഞങ്ങളെ നോക്കി ചിരിക്കുന്നു. ബ്ലേഡ് ഉപയോഗിച്ച് ഒരെണ്ണം ഞാന്‍ അടര്‍ത്തിയെടുത്തു. പലര്‍ക്കും പരീക്ഷിച്ചു നോക്കാന്‍ തിടുക്കമായി. ചിലര്‍ എന്റെ കയ്യില്‍ നിന്ന് ബ്ലേഡ് വാങ്ങി ഓരോ മുകുളങ്ങള്‍ അടര്‍ത്തിയെടുത്തു. അങ്ങനെ അടര്‍ത്തിയെടുത്ത അഞ്ചാറ് മുകുളങ്ങളുമായി ഞങ്ങള്‍ പഴയ സ്ഥലത്ത് തിരിച്ചെത്തി. "എന്നെ എന്തു ചെയ്യാന്‍ പോവാ നിങ്ങള്‍?" എന്ന് ചോദിക്കുന്ന ഭാവത്തില്‍ ചെമ്പരത്തിചെടി കാറ്റില്‍ ആടി ഉലയുന്നുണ്ടായിരുന്നു. അത് വകവെക്കാതെ നേരത്തേ കണ്ടു വച്ച കമ്പില്‍ ഒരു "T" ആകൃതില്‍ ഒരു മുറിവുണ്ടാക്കി അതിനിടയിലേക്ക് ഒരു മുകുളത്തെ തിരുകിവച്ചു. നൂലുപയോഗിച്ച് ആഭാഗം കെട്ടിവച്ചു. അപ്പോഴേക്കും മറ്റ് മുകുളങ്ങളും ബഡ്ചെയ്യാന്‍ റെഡിയായി ഒരു സംഘം കാത്തിരിക്കുന്നുണ്ടായിരുന്നു. അവര്‍ക്കും അവസരം കൊടുത്തു.
എല്ലാം കഴിഞ്ഞ്, ചെയ്ത വീര കൃത്യം ദൂരെ നിന്ന് എല്ലാവരും കൂടെ നോക്കി ആസ്വദിച്ചു.
"നോക്കിക്കോ സാറെ എന്റെ ബഡിങ്ങ് പിടിക്കും."
" എന്റേം..."
" നിന്റെ കെട്ട് മുറുകീട്ടല്ല ... "
അങ്ങനെ പതിവുള്ള കശപിശ സംസാരങ്ങള്‍ക്കിടയില്‍ മണിയടി ശബ്ദം മുഴങ്ങി..
"എല്ലാ ദിവസോം നോക്കണം...... മാറ്റങ്ങള്‍ നോട്ടില്‍ കുറിച്ചേക്കണം.... ആരേം തൊടാന്‍ സമ്മതിച്ചേക്കരുത്..."
തുടങ്ങിയ നിര്‍ദേശങ്ങള്‍ നല്‍കി ഞാന്‍ സ്ഥലം വിട്ടു. കുട്ടികള്‍ പലരും അവിടെ തന്നെ നിന്ന് ചെയ്തു വച്ചിരിക്കുന്നതിനെ ഉറ്റു നോക്കി കൊണ്ടിരുന്നു.

ദിവസങ്ങള്‍ കഴിഞ്ഞു. നിരാശാജനകമായ കാഴ്ച്ചയാണ് ഞങ്ങളെ കാത്തിരുന്നത്.  ഒട്ടാന്‍ വച്ച ബഡുകള്‍ ഓരോന്നായി കരിഞ്ഞു തുടങ്ങിയിരിക്കുന്നു. ഒരോന്നു കരിയുമ്പോഴും മറ്റുള്ളവരുടെ കുത്തുവാക്കും പരിഹാസങ്ങളും കൊണ്ട് അത് ചെയ്തവരുടെ മുഖങ്ങള്‍ വാടി വന്നു. ഞാന്‍ ചെയ്ത ബഡും അങ്ങനെ ഒരു ദിവസം കരിഞ്ഞുണങ്ങിയതായി കണ്ടെത്തി.
"ദേ സാറു ചെയ്തതും കരിഞ്ഞു....  പിന്നാ ഞങ്ങളുടെ.... " രെഹിലിന്റെ ഡയലോഗ്.
കുട്ടത്തോടെ കരിഞ്ഞ ബഡുകളെ നോക്കി ക്ലാസ് ഒന്നടങ്കം നെടുവീര്‍പ്പെട്ടു.
"ഇനി ബഡ് ചെയ്യുന്നതിന് മുന്‍പ് അറിയാവുന്ന ആരോടെങ്കിലും ചോദിച്ചിട്ടേയുള്ളു. അങ്ങനെയങ്ങു തോല്‍ക്കാന്‍ പാടില്ലാല്ലോ "
അന്ന് മുഴുവന്‍ സ്കുളിലുടെ നടക്കുമ്പോള്‍ അതിനെപറ്റി തന്നയായിരുന്നു ചിന്ത. ആരോടാ ഒന്ന് ചോദിക്കുക. സഹപ്രവര്‍ത്തകരോട് ചോദിച്ചെങ്കിലും കൃത്യമായി പറഞ്ഞ് തരാന്‍ ആര്‍ക്കും കഴിഞ്ഞില്ല.
" റബ്ബര്‍ നേഴ്സറിയില്‍ ചെന്നാല്‍ നല്ല ബഡ്ഡര്‍മാരുണ്ടാവും . അവരോട് ചോദിച്ചാല്‍ ഭംഗിയായി പറഞ്ഞു തരും." ലിന്‍സി ടീച്ചര്‍ പറഞ്ഞു.
" കൊള്ളാം നല്ല ഐഡിയ. കോട്ടയം ജില്ലയിലാണോ റബര്‍ നേഴ്സറിക്ക് പഞ്ഞം? അന്വേഷിച്ചിട്ട് തന്നെ കാര്യം"
അന്ന് വൈകുന്നേരം ബൈക്കില്‍ വിട്ടിലേക്ക് പോകുന്നേരം വഴിയരികിലെല്ലാം വല്ല റബ്ബര്‍ നേഴ്സറിയുണ്ടോന്ന് നോക്കിനോക്കിയാണ് പോയത്. കുറവിലങ്ങാടെത്തിയപ്പോഴാണ്  'സയന്‍സ് വെക്കേഷന്‍ ട്രെയിനിങ്ങിന്റെ' DRG യില്‍ വച്ച് എബിസാറും ചന്ദ്രമ്മ ടീച്ചരും കോഴായിലുള്ള കോട്ടയം ജില്ലാ കൃഷിത്തോട്ടത്തെ പറ്റി പറഞ്ഞത് ഓര്‍മ വന്നത്. 5 മണിക്ക് മുമ്പ് സ്ഥലത്തെത്തിയാല്‍ കാര്യങ്ങള്‍ അന്വേഷിച്ചറിയാം. പിന്നെ ഒന്നും ആലോചിച്ചില്ല. വണ്ടി അങ്ങോട്ട് തിരിച്ചു.   5 മിനിറ്റിനുള്ളില്‍ സ്ഥലത്തെത്തി. ഓഫീസ് തപ്പി കണ്ടുപിടിച്ച് കാര്യങ്ങള്‍ അന്വേഷിച്ചു. സംഗതി വെരി സിംമ്പിള്‍. സ്കൂളിന്റ ഒരു ലെറ്റര്‍ ഹെഡില്‍ ഹെഡ് മാസ്റ്റരുടെ പേരില്‍ ഒരു അപേക്ഷ തന്നാല്‍ മതി. എന്നു വേണമെങ്കിലും കുട്ടികളെയും കൊണ്ടു വന്നോളാന്‍ അനുവാദം കിട്ടി.
" വരുന്നതിന്റെ തലേദിവസം ഒന്ന് വിളിച്ച് പറഞ്ഞേക്കാമോ? "
"അതിനെന്താ മാഡം. നമ്പര്‍ തന്നോളൂ...."
" 944......."
നമ്പറും വാങ്ങി ഉത്സാഹഭരിതനായി വീട്ടിലേക്ക് മടങ്ങി...
പിറ്റേന്ന് സ്കുളിലെത്തി കാര്യങ്ങള്‍ കുട്ടികളുമായി ചര്‍ച്ച ചെയ്തു. 20 രൂപാ വീതം പിരിക്കാന്‍ തീരുമാനിച്ചു. ബസ് ടിക്കറ്റിനുള്ള തുക  മാത്രം. കുട്ടികള്‍ ഒരു ടൂര്‍ പോകുന്നതിന്റെ ആവേശത്തിലായി. പെണ്‍കുട്ടികള്‍ ഉള്ളതല്ലേ അതുകൊണ്ട്  ലിന്‍സി ടീച്ചറെ കൂടെ കൂട്ടണം. ടീച്ചറോട് പ്രത്യേകിച്ച് ചോദിക്കേണ്ട കാര്യമില്ല. കാരണം നല്ല കാര്യങ്ങള്‍ ആരു ചെയ്താലും ടീച്ചര്‍ ഫുള്‍ സപ്പോര്‍ട്ടാണന്ന്  എനിക്കുറപ്പായിരുന്നു. പറയേണ്ട താമസം ടീച്ചര്‍ റെഡി. കാര്യങ്ങള്‍ ഹെഡ്മാസ്റ്ററായിരുന്ന ബേബി സാറിനോടും ചര്‍ച്ച ചെയ്തു. ലെറ്റര്‍ തയാറാക്കി സാറിനെ കൊണ്ട് ഒപ്പും സീലും വെപ്പിച്ചു.
അന്ന്  ആറാം പീരിയഡ് അഞ്ചാ ക്ലാസില്‍ സയന്‍സായിരുന്നു. ചെടികളുടെ വളര്‍ച്ചക്ക് ജലത്തിന് പകരമായി മറ്റെന്തെങ്കിലും ദ്രാവകം ഉപയൊഗിക്കാന്‍ കഴിയുമോ എന്ന പരീക്ഷണം നടത്തി അതിന്റെ ചില ചിത്രങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു. അപ്പോള്‍ അതു വഴി സൂബി ടീച്ചര്‍ കടന്നു വന്നു.
" സാറും കുട്യോളും കൂടി 20 രൂപാ ടൂര്‍ പോകുന്നെന്ന് പറയണത് കേട്ടല്ലോ? "
( കുട്ടികള്‍ അതിനിടെ പഠനയാത്രക്ക് 20 രൂപാ ടൂര്‍ എന്ന് ഓനമപ്പേരിട്ടിരുന്നു. )
അതെ ഈ ബുധനാഴ്ച്ച പോകും. 5 , 6 ക്ലാസുകാരുടെ കാര്യം ടീച്ചറെ ഏല്‍പ്പിക്കുന്നു.
സാര്‍ മൊബെയിലില്‍ വീഡിയോ പിടിച്ച് കഷ്ടപ്പെടണ്ട. ഞങ്ങളുടെ വീട്ടില്‍ ഒരു ഹാന്റി ക്യാം ഉണ്ട് അത്  കൊണ്ട് പൊയ്ക്കോ."
" ഹായ് അതു കൊള്ളാം. എന്നാ നാളെ തന്നെ അത് കൊണ്ടോരാമോ?"

"കൊണ്ട വന്നാലും അതിന്റെ സൂത്രപ്പണികളൊന്നും എനിക്ക് പറഞ്ഞു തരാന്‍ അറിയില്ല. വീട്ടില്‍ വന്ന് സാറിനോട് ചോദിച്ചാല്‍ അതിന്റെ ടെക്കിനിക്കൊക്കെ കാണിച്ചുതരും."


പിറ്റേന്ന് രാവിലെ തന്നെ സ്കൂളിലേക്ക് വരുന്നതിന് മുമ്പ് ടീച്ചറുടെ വീട്ടില്‍ കയറി ഹാന്‍ഡിക്യാം വാങ്ങി. വീട്ടിലെത്തിയ ഉടന്‍ അതിന്റെ പണി പഠിച്ചെടുത്തു. ചാര്‍ജ് ചെയ്ത് റെഡിയാക്കി. അങ്ങനെ കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ട് ആ സുദിനം വന്നത്തി. 8.30ന്  തന്നെ ഞങ്ങള്‍ സ്കൂളില്‍ എത്തി. 9.15 നുള്ള മേരി മാതാ ബസ്സില്‍ കയറി ഞങ്ങള്‍ കുറവിലങ്ങാടിന് യാത്രയായി.

ഇനി ഞാന്‍ അധികപ്രസംഗം നടത്തുന്നില്ല...... ഇനിയുള്ള കഥ ക്യാമറയില്‍ പകര്‍ത്തിയ ഈ ദൃശ്യങ്ങള്‍ പറയട്ടെ.........




ഫാമില്‍ എത്തിയ ഉടന്‍ കൃഷി ഓഫിസര്‍ ശ്രീ ജേക്കബ് സാര്‍ ബഡിങ്ങ്, ഗ്രാഫ്റ്റിങ്ങ്, ലെയറിങ്ങ് എന്നിവ ചെയ്യുന്ന രീതിയും അതിന്റെ പ്രാധാന്യവും ഭംഗിയായി വിവരിച്ച് തന്നു. ദാ കണ്ടു നോക്കൂ.......
പിന്നീട് അദ്ദേഹത്തിന്റെ സഹായി ഗ്രാഫ്റ്റിങ്ങ് ചെയ്യുന്നതെങ്ങെനയാണന്ന് കാണിച്ചു തന്നു.
ദാ ഇനി ബഡിങ്ങ് ചെയ്യുന്നത് എങ്ങനെയെന്ന് കാണൂ......
ഇനി ലെയറിങ്ങ് കാണാം...
കോഴാ കൃഷി ഫാമില്‍ തെങ്ങിന്‍ തൈ ഉത്പാദിപ്പിക്കുന്നതിനെ പറ്റി പറയുന്നത് ശ്രദ്ധിക്കൂ.....
ഫാമിനുള്ളില്‍ ISRO യുടെ സഹായത്തോടെ ഒരു വെതര്‍ സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതിന്റെ വിശേഷങ്ങളും ഫാമിലെ മറ്റ് കാഴ്ച്ചകളും കണ്ട് ഞങ്ങള്‍ മടങ്ങി.....

 എന്നെന്നും ഓര്‍മിക്കാന്‍ അനുഭവങ്ങള്‍ സമ്മാനിച്ച പഠനയാത്ര ...... പിന്നീടുള്ള വര്‍ഷങ്ങളില്‍ ബഡിങ്ങിലും ലെയറിങിലും പരാജയത്തിന്റെ കയ്പ്പ് അറിയേണ്ടി വന്നിട്ടില്ല....

സ്കൂളില്‍ ചെയ്ത ബഡിങ്ങിന്റെ ചില ചിത്രങ്ങള്‍ ഇതാ....


അതിനിടെ ഒരു ദിവസം ഒരു മിടുക്കി അവള്‍ വീട്ടില്‍ വച്ച് ലെയറിങ്ങ് നടത്തിയതിന്റെ തെളിവുമായി വന്നു.
അതിനെ ഞങ്ങള്‍ ക്ലാസിനു മുന്നിലെ മുറ്റത്ത് നട്ട് പിടിപ്പിച്ചു.

കടപ്പുര് സ്കൂളിലും ഇക്കൊല്ലം പരീക്ഷണം ആവര്‍ത്തിച്ചു......

ഈ പരീക്ഷണവും വിജയമാവും എന്ന പ്രതീക്ഷയോടെ.........................

                                                                                                  പ്രൂഫ് റീഡിങ്ങ് : ചൂവി.
 

Saturday, March 26, 2011

ആക്ഷന്‍ റിസേര്‍ച്ച്

അധ്യാപര്‍ ക്ലാസ്മുറികളില്‍ പല പ്രശങ്ങളും നേരിടേണ്ടി വരാറുണ്ട്. ഇത്തരം പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം കണ്ടെത്താനുള്ള ശാസ്ത്രീയ രീതിയാണ് ആക്ഷന്‍ റിസേര്‍ച്ച്. 2008-2009 അധ്യായന വര്‍ഷത്തില്‍ കോട്ടയം ഡയറ്റിന്റെ മേല്‍നോട്ടത്തില്‍ ഞാന്‍ അത്തരം ഒരു  ആക്ഷന്‍ റിസേര്‍ച്ച് ചെയ്യകയുണ്ടായി. അതിന്റെ വശദാംശങ്ങള്‍ ഇവിടെ പങ്കുവയ്ക്കുന്നു. പ്രിയ വായനക്കാര്‍ തെറ്റുകള്‍ ചുണ്ടിക്കാട്ടി പ്രോത്സാഹിപ്പിക്കുമല്ലോ......

ഫുള്‍സ്ക്രീനായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക



Tuesday, September 7, 2010

ഓര്‍മച്ചെപ്പിലെ ചില മുത്തുകള്‍ : അല്പം ശാസ്ത്രവും.

    പരീക്ഷണങ്ങള്‍ എന്നും എനിക്ക് ഹരം പകരുന്നവയാണ്. തൊട്ടും കണ്ടും അനുഭവിച്ചും കാര്യങ്ങള്‍ മനസിലാക്കുന്നതിന്റെ സുഖം മറ്റൊന്നിനും കിട്ടില്ല.
സംശയങ്ങള്‍...., അന്വേഷണങ്ങളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത് അതാണ്. കുട്ടിക്കാലം മുതല്‍ക്കേ  സംശയങ്ങള്‍ക്ക് പുറകേ അലയാന്‍ ഞാന്‍ ഇഷ്ടപ്പെട്ടിരുന്നു. കണ്ണില്‍ കാണുന്നതിപറ്റിയെല്ലാം സംശയം ചോദിച്ചു നടന്നിരുന്ന കാലം. ഒന്നാം ക്ലലാസില്‍ പഠിക്കുമ്പോള്‍ തോന്നിയ ഒരു സംശയത്തിന് വ്യക്തമായ ഒരു ഉത്തരം എനിക്ക് കിട്ടിയത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. എന്റെ ഒര്‍മയിലെ ആദ്യ പരീക്ഷണത്തിലേക്ക് എന്നെ നയിച്ചതും അതായിരുന്നു. ഓര്‍മച്ചെപ്പില്‍ നിന്നും ചില മുത്തുകള്‍ പെറുക്കിയെടുക്കാന്‍ ഒരു ശ്രമം നടത്തുകയാണ്....





എന്റെ ആദ്യ വിദ്യാലയം
(2010 മാര്‍ച്ചില്‍ മാഞ്ഞൂര്‍ സ്കൂളില്‍നിന്നും സഹപ്രവര്‍ത്തകര്‍ക്കൊപ്പം അതിരപ്പിള്ളിയിലേക്ക്  ഉല്ലാസയാത്ര പോയപ്പോള്‍ എടുത്ത ചിത്രങ്ങള്‍)

    കാലടി പ്ലാന്റേഷന്‍ ഹൈസ്കൂളിലാണ് ഞാന്‍ എന്റെ ഹരിശ്രീ കുറിച്ചത് -അപ്പച്ചന്‍ പഠിപ്പിച്ചിരുന്ന സ്കൂള്‍. അമ്മച്ചി ജോലിചെയ്തിരുന്ന ആശുപത്രിയുടെ അടുത്തുള്ള ക്വാര്‍ട്ടേഴ്സിലായിരുന്നു അന്ന് താമസിച്ചിരുന്നത്.  അന്നൊക്കെ രാത്രിയില്‍ കറണ്ട് പോകുന്നത് പതിവായിരുന്നു. വിളക്ക് കത്തിച്ചു വച്ചായിരുന്ന രാത്രിയിലെ കളിചിരിയൊക്കെ. സീലിങ്ങിലെ കൊളുത്തില്‍ തൂക്കിയിട്ടിരുന്ന ഒരു റാന്തല്‍ വിളക്ക് അന്നുണ്ടായിരുന്നു. ചില്ല് തുടയ്ക്കാനും മണ്ണെണ്ണ ഒഴിക്കാനും താഴെയിറക്കുമ്പേഴാണ് അതിലൊന്ന് തൊടാന്‍ പറ്റുക. കട്ടിലിന്റെ കാലില്‍ കയറി നിന്ന് അതില്‍ തൊടാന്‍ ശ്രമിക്കുന്നതും അക്കാലത്തെ ഒരു വിനോദമായിരുന്നു. കുപ്പിയുടെ അടപ്പ് തുളച്ച് തുണി ചുരുട്ടി തിരിയിട്ടവയായിരുന്നു മറ്റ് വിളക്കുകള്‍. പലയിടത്തായി അവ അങ്ങനെ കത്തിച്ചു വച്ചിരിക്കും. വിളക്കിനടുത്തിരുന്നുള്ള കളി എനിക്ക് വളരെ ഇഷ്ടമായിരുന്നു. പേപ്പര്‍ കത്തിക്കക, കരി പിടിപ്പിക്കുക അങ്ങനെ നീളുന്നു വിനോദങ്ങള്‍. എന്റെ കളികണ്ട് അമ്മച്ചിയുടെ അമ്മ (ഞാനും അമ്മയെന്നാണ് വിളിക്കുന്നത്) എനിക്കോരു പേരിട്ടു. "വിളക്കേപ്രാണി...."

     കറണ്ടില്ലാതിരുന്ന ഒരു ദിവസം ഞങ്ങള്‍ എല്ലാവരും കൂടി അത്താഴമെല്ലാം കഴിഞ്ഞ് തറയില്‍ ഒരു പായും വിരിച്ച് ഇരുന്നും കിടന്നുമെല്ലാം കൊച്ചു വര്‍ത്തമാനങ്ങള്‍ പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. മേശപ്പുറത്തിരുന്ന് ഒരു വിളക്ക് കത്തുന്നുണ്ട്. മുകളില്‍ റാന്തലും തൂങ്ങിയാടുന്നുണ്ട്. വര്‍ത്തമാനങ്ങള്‍ മുറുകുന്നതിനിടെ എന്റെ ഒച്ചയൊന്നും കേള്‍ക്കാതായപ്പോള്‍ അപ്പച്ചന്‍ ചോദിച്ചു.
" കുഞ്ഞിയേ... നീ ഉറങ്ങിയോ....?"
ഞാന്‍ വിളക്കിനെ നോക്കി അല്പം ചിന്തയിലായിരുന്നു. അപ്പച്ചന്റെ ആ വിളി ചിന്തയെ സംശയമാക്കി, ചോദ്യ രൂപത്തില്‍ അത് പുത്തേക്ക് വന്നു ..........
" ഇല്ല... അപ്പച്ചാ........
ഒരു സംശയം...."
"എന്താ?"
"ഈ വെളക്കിന്റാത്തെ മണ്ണെണ്ണ എങ്ങനാ മോളിലോട്ട് കേറണത് വെള്ളമൊക്കെ തഴോട്ടല്ലേ ഒഴുകണത്? "
അതുമായി ബന്ധമുള്ള പല കാഴ്ച്ചകളും അനുഭവങ്ങളും എന്റെ മനസില്‍ ചിത്രങ്ങളായി വന്ന് പോയിക്കൊണ്ടിരുന്നു. കൂട്ടുകാരുമായി വഴക്കുണ്ടാക്കി വരുമ്പോള്‍ അമ്മ പറയാറുള്ള സ്ഥിരം പല്ലവി ആദ്യം മനസില്‍ വന്നു.
 " മോനേ... താണനിലത്തേ നീരോടൂ.... നീയൊന്ന് താന്നു കൊടുത്ത് നോക്കൂ... എല്ലാ വരും നിന്റെയടുത്തേക്ക് താനേ വന്നോളും."
അതു പറയുമ്പോഴൊക്കെ വീടിനടുത്തുകൂടെ  ഒഴുകുന്ന  തോടിന്റെ ചിത്രവും മഴപെയ്യുമ്പോള്‍ റോഡിലെ ഇറക്കത്തിലൂടെ കുത്തിയൊഴുകുന്ന ചെളിവെള്ളത്തിന്റെ ചിത്രവും മനസില്‍ തെളിയാറുണ്ട്. അതുപോലെ അമ്മച്ചിയുടെ ആശുപത്രിക്ക് അടുത്തുള്ള ആ കൂറ്റന്‍ വാട്ടര്‍ ടാങ്ക് നിറയുമ്പോള്‍ ശക്തിയില്‍ താഴേക്ക് വീഴുന്ന വെള്ളത്തിന്റെ ചിത്രം.... അങ്ങെന പലതും. "എന്നിട്ടും എന്താ ഈ വിളക്കില്‍ മണ്ണെണ്ണ മോളിലോട്ട് കയറുന്നത്?" മുകളിലേക്കൊഴുകുന്ന വെള്ളം എവിടെയും കണ്ടിട്ടില്ല. സംശയത്തിന്റെ കാരണം അതായിരുന്നു.
അല്പം ചിന്തിച്ച് അപ്പച്ചന്‍ പറഞ്ഞു.
"തുണിയിലൂടെ വെള്ളത്തിനും എണ്ണയ്ക്കുമെല്ലാം മുകളിലേക്ക് കയറാന്‍ പറ്റും. അതിനൊരു പേരു പറയും. എന്താണന്ന് ഒര്‍ക്കുന്നില്ല. രാജന്‍ സാറിനോട് ചോദിച്ചിട്ടു പറയാം."
എന്തായാലും എനിക്ക് അത് അങ്ങോട്ട് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. വീണ്ടും എന്തൊക്കെയോ ചോദിച്ചു. അപ്പച്ചന്‍ എന്തൊക്കയോ പറഞ്ഞു തന്നു. ഒന്നും മനസിലായില്ല. അതെപറ്റി ആലോചിച്ചിരുന്ന് ഒടുവില്‍ ഉറങ്ങിപ്പോയി.......

    രാവിലെ എഴുന്നേറ്റപ്പോള്‍ എല്ലാം മറന്നിരുന്നു. രാവിലത്തെ പതിവു കലാപരിപാടികളിലേക്ക് അമ്മച്ചി എന്നെ വിളിച്ചുണര്‍ത്തി. മടി പടിച്ചുറങ്ങുന്നതിന്റെ രസച്ചരട് അങ്ങനെ പൊട്ടി. പിന്നെ സ്കൂളിലേക്കു പോകുന്നതിന്റെ തിരക്കായി. മണിയടിക്കാറാകുമ്പോള്‍ ഇറങ്ങിയാ മതി. അത്ര അടുത്താണ് സ്കൂള്. പുതിയ കുസൃതിതരങ്ങള്‍ ഒപ്പിക്കാനായി അന്നും പതിവു പോലെ സ്കൂളിലേക്ക്........
    11.30. ഇന്റര്‍ വെല്‍ മണി മുഴങ്ങി. പതിവു കോട്ടാ കുടിക്കാന്‍ സ്റ്റാഫ്റൂമിലെത്തി. അമ്മച്ചി ആ സമയമാകുമ്പോഴേക്കും എങ്ങനെയെങ്കിലും ഒരു ഫ്ലാസ്കില്‍ ചൂടുപാല്‍ അവിടെ എത്തിച്ചിട്ടുണ്ടാകും ( പിന്നീടെപ്പൊഴോ അഭിമാനബോധം ഉടലെടുത്തപ്പോള്‍ വാശി പടിച്ച് ആ പരിപാടി നിര്‍ത്തിച്ചു.) എന്നെ കണ്ടപ്പോള്‍ തന്നെ അപ്പച്ചന്‍ രാജന്‍ സാറിനോട് പറഞ്ഞു
"ദാ സംശയക്കാരന്‍... ഒന്ന് സംശയം തീര്‍ത്തു കൊടുത്തേക്ക് ..."
അപ്പോഴാണ് ആ സംശയത്തിന്റെ കാര്യം ഞാന്‍ ഓര്‍ത്തത്. പാല് കുടിക്കുന്നതിനിടെ രാജന്‍ സാറ് അതിനെ പറ്റി വിശദീകരിച്ചുതന്നു. "കേശികത്വം - അതാണ് മണ്ണെണ്ണയെ മുകളിലെത്തിക്കുന്നത്. ചെറിയ കുഴലെടുത്ത് കുത്തനെ വള്ളത്തില്‍ മുട്ടിച്ച് നോക്കിയാല്‍ വള്ളം അല്പം മുകളിലേക്ക് കയറുന്നതു കാണാം. പരീക്ഷണം ചെയ്തു നോക്കിയാല്‍ മനസിലാകും."
എനിക്ക് കാര്യമായി ഒന്നും മനസിലായില്ല. കുഴല് വെള്ളത്തില്‍ മുക്കി നോക്കണം എന്നത് മാത്രം മനസിലായി. അതിന്റെ വലുപ്പത്തെ കുറിച്ചോ നീളത്തെ കുറിച്ചേ ഒന്നും മനസില്‍ കയറിയതേയില്ല. അതിനുള്ള ബോധമൊന്നും അക്കാലത്ത് ഇല്ലായിരുന്നു. (ഇന്നും ഉണ്ടോ എന്ന് ടെസ്റ്റ് ചെയ്താലറിയാം.) രാജന്‍സാറിനോടും ഞാന്‍ എന്തൊക്കെയോ സംശയങ്ങള്‍ ചോദിച്ചു. എന്തൊക്കെയോ സാര്‍ പറഞ്ഞു തന്നു. അതൊന്നും മനസിലാവാഞ്ഞതിനാലാവണം ഒന്നും ഓര്‍ക്കുന്നില്ല. എല്ലാം കേട്ട് ഞാന്‍ തലകുലുക്കി. പാലുകുടി കഴിഞ്ഞപ്പോഴേക്കും ബെല്ലടിച്ചു. വേഗം ക്ലാസിലേക്കോടി. ഗോപി സാര്‍ വരുന്നതിനുമുന്പ് ക്ലാസിലെത്തി എന്തെങ്കിലും കുരുത്തകേട് ഒപ്പിക്കാനുള്ളതാണ്. കുരുത്തക്കേടിന് ഞാന്‍ വളരെ ഫേമസാണ്. ക്ലാസ് ടീച്ചറായ ഗോപിസാര്‍ പറയുന്നത് " അവന്റെ ചന്തി മാത്രമേ ബഞ്ചില്‍ അനങ്ങാതിരിക്കൂ.... ബാക്കിയെല്ലാഭാഗവും എപ്പോഴും ചലിച്ചുകൊണ്ടിരിക്കും."
    അങ്ങനെ ദിവസങ്ങള്‍ കടന്നു പോയി. നല്ല മഴയുള്ള ഒരു ശനിയാഴ്ച്ച വന്നു ചേര്‍ന്നു. കളിക്കാന്‍ പുറത്തിറങ്ങാന്‍ പറ്റാത്തതു കൊണ്ട് മഴയെ പഴിക്കുമെങ്കിലും മഴ വലിയ ഇഷമായിരുന്നു. കാരണം മഴ കുറയുമ്പോള്‍ ചില വ്യത്യസ്ഥമായ കളികള്‍ക്ക് സാധ്യതകള്‍ തെളിയും. മഴയത്ത് മുറ്റത്തും പരിസരങ്ങളിലുമുള്ള കുഴികളില്‍ വെള്ളം നിറയും. പാറക്കുളവും നിറയും. തവളകളുടെയും വാല്‍മാക്രികളുടെയും പുറകേ പോകാം. പാറക്കുളും നിറഞ്ഞൊഴുകി റോഡരികില്‍ ചെറിയ തോടുകള്‍ രൂപം കൊള്ളും. അവിടെയെല്ലാം കളികള്‍ക്ക് സാധ്യതകള്‍ ഉണ്ട്. മഴ കുറയുമ്പോള്‍ വള്ളങ്ങള്‍ ഉണ്ടാക്കി എല്ലാവരും പുറത്തിറങ്ങും. കടലാസു വള്ളങ്ങള്‍ക്ക് പുറമേ സോപ്പുപെട്ടിവള്ളങ്ങള്‍ പൊങ്ങുതടിവള്ളങ്ങള്‍ എല്ലാമുണ്ടാകും. ഈ വളളങ്ങളുടെ ഉടമസ്ഥര്‍ തമ്മിലുള്ള മത്സരമാണ് പിന്നീടങ്ങോട്ട്. എല്ലാ വള്ളങ്ങളും ഒഴുകുന്ന വെള്ളത്തില്‍ നിരത്തി നിര്‍ത്തും ഒരാള്‍ "ഒണ്‍ യോര്‍ മാര്‍ക്ക്... സെറ്റ് ....." എന്ന സ്ലോകം ചൊല്ലും. ചൂളം വിളി കേള്‍ക്കുമ്പോള്‍ എല്ലാവരും വള്ളങ്ങള്‍ക്ക് ഒഴുകാനുള്ള സ്വാതന്ത്ര്യം കൊടുക്കും എന്നട്ട് ആരുടെ വള്ളമാണ് ആദ്യം ഫിനിഷിംഗ് പോയന്റില്‍ എത്തുക എന്നറിയാന്‍ പുറകേ ഓടും വിജയിയെ കാത്തിരിക്കുന്നത് വന്‍പിച്ച സമ്മാനങ്ങളാണല്ലോ! - പച്ചില ട്രോഫി, പൂച്ചെണ്ട് ഷീല്‍ഡ് തുടങ്ങിയവ. കിട്ടയ ട്രോഫികളും ഷീല്‍ഡുകളും കരിഞ്ഞു  പോയാലും സൂക്ഷിച്ച് വെയ്ക്കുന്നതും പതിവാണ്.

    ആ കളികള്‍ മടുത്ത് വീട്ടിലെത്തി. വള്ളങ്ങളെല്ലാം വീടിനടുത്തുള്ള ചെറിയ വെള്ളക്കുഴിയില്‍ പാര്‍ക്ക് ചെയ്തു.
"ഇനിയിപ്പോ ന്താചെയ്യാ?"
അങ്ങനെ ആലോചിച്ചിരിക്കുമ്പോഴാണ് രാജന്‍ സാര്‍ പറഞ്ഞ പരീക്ഷണത്തെ പറ്റി ഓര്‍ത്തത്. ഹായ്.... പുയൊരു കേസുകെട്ട് കിട്ടിയതിന്റെ സന്തോഷത്തൊടെ അകത്തേക്ക് ഓടി. ഒരു കുഴല്‍ സംഘടിപ്പിക്കണമല്ലോ.... സ്റ്റോറിലും അടുക്കളയിലും മേശയക്കകത്തുമെല്ലാം നോക്കി. ഒന്നും കിട്ടിയില്ല. പെന്‍സിലായിരുന്നു അക്കാലത്തെ പ്രധാന ആയുധം. പേനയുണ്ടായിരുന്നെങ്കില്‍  കുഴലൊപ്പിക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ലായിരുന്നു. അപ്പച്ചന്റെ പേനകള്‍ കാണാന്‍ കിട്ടാറില്ല. കാരണം അതിന്റെ പരിപ്പിളക്കാന്‍ ഞാനുണ്ടല്ലോ. അങ്ങനെ പരിപ്പിളകി അകാലചരമം പ്രാപിച്ച എത്രയോ ഉപകരണങ്ങള്‍ - കാല്‍കുലേറ്ററുകള്‍, കളിപ്പാട്ടങ്ങള്‍ അങ്ങനെയങ്ങനെ...... ഓര്‍മ്പോള്‍ തന്നെ കുളിരു കോരുന്നു കൈ കുരുകുരുക്കുന്നു. അതാവും എന്റെ കണ്‍വട്ടത്ത്  വരാന്‍ പേനകള്‍ മടിക്കുന്നത്.
അങ്ങനെ കുഴലൊന്നും കിട്ടാതെ വഷണ്ണനായി വീടിന്റെ ഉമ്മറപ്പടിയില്‍ കുത്തിയിരിപ്പ് തുടങ്ങി. പരീക്ഷിക്കാന്‍മുട്ടീട്ട് ഇരിക്കാനും വയ്യ. അങ്ങനെയിരിക്കുമ്പോഴാണ് മുറ്റത്ത് ചെടി നനയ്ക്കുന്ന ഹോസ് കണ്ടത്. കിട്ടിപ്പോയ്. കുഴല് കിട്ടിപ്പോയ്. മുറ്റത്തേക്ക് ചാടിയിറങ്ങി ഹോസ് കയ്യിലെടുത്തു. എന്തൊരു നീളം ഇത്രെം വേണ്ട. മുറിച്ചാലോ..? ഞാന്‍ അങ്ങോട്ടുമിങ്ങോട്ടും നോക്കി. പരിസരത്തെങ്ങും ആരുമില്ല. നേരേ അടുക്കളയിലേക്കോടി. അമ്മച്ചി എന്തോ പണിത്തിരക്കിലാണ്. ഒച്ചയുണ്ടാക്കാതെ കത്തി എടുത്തു. അത് അമ്മച്ചികണ്ടു.
"എന്തിനാടാ കത്തി. "
"ഒന്നുമില്ലമ്മേ... "
"എടാ അവിടെയുമിവിടെയും വെട്ടി കൈമുറിക്കരുത്."
"ഇല്ലമ്മേ......" എന്ന് പറഞ്ഞ് പുറത്തേക്കോടി.
ഞന്‍ പണി തുടങ്ങി. മുറിക്കാന്‍ തുടങ്ങിയപ്പോഴാണ് അതത്ര എളുപ്പമല്ലെന്ന് മനസിലായത്. ഇതുകണ്ട ചേട്ടന്‍ എന്റെ അടുത്ത് വന്നു.
"എന്തിനാടാ അത് മുറിക്കുന്നത്. "
"ഒരു സൂത്രത്തിനാ. മുറിച്ചു തന്നാ കാണിച്ചു തരാം. "
സൂത്രം എന്ന് കേട്ടപ്പോ ചേട്ടന്‍ വീണു.
(അങ്ങനെ എത്ര എത്ര സൂത്രങ്ങള്‍. ഒര്‍ത്തു ചിരക്കാന്‍ പലതുമുണ്ട്.)
"ഉം. കത്തിയിങ്ങു താ..."
വെട്ടിയും കണ്ടിച്ചും ഒരു വിധത്തില്‍ ചേട്ടന്‍ ഒരു കഷ്ണം മുറിച്ചെടുത്തു. കുഴലുകിട്ടയപാടേ ഞാനോടി ആ വെള്ളക്കുഴിക്കടുത്തേക്ക്.
"നിക്കടാ ഞാനും വരുന്നു". ചേട്ടനും പുറകേയോടി.
"എന്ത് സൂത്രമാടാ.. വേഗം കാണിക്ക്.."
"ദേ നോക്കിക്കോ ഞാന്‍ ഈ കുഴലിന്റെ ഈയറ്റം വെള്ളത്തില്‍ മുക്കാമ്പോവാ.....
അപ്പോ വെള്ളം മോളിലോട്ട് കേറിവരും. "
അങ്ങനെ ആകാംഷയോടെ ഞാന്‍ ആ കുഴലിന്റെ ഒരറ്റം വള്ളത്തില്‍ മുക്കി
......."ഠോ".......
ഒന്നും സംഭവിച്ചില്ല.
ഞാന്‍ വിചാരിച്ചു വെള്ളം പൊങ്ങിവന്ന് കുഴലിന്റെ മുകളിലെത്തുമെന്ന്.
"ഛേ... കുന്തം.... അവന്റെ ഒരു പൊട്ട പരീക്ഷണം എന്റെ കയ്യും കളഞ്ഞ് ഞാന്‍ കൊഴല് മുറച്ചത് വെറുതേയായി.......
ഒരു മന്തബുത്തി ശാസ്ത്രജ്ഞന്‍..... "( ഈ വിളി പിന്നീട് പലപ്പോഴായി ഞാന്‍ കേട്ടിട്ടുണ്ട് )
ചേട്ടന്‍ പോയി. ഞാന്‍ വീണ്ടും പരീക്ഷണം തുടര്‍ന്നു. കുഴലിന്റെ മറ്റെ അറ്റത്തുകൂടി ഞാന്‍ ഒരു കണ്ണ് ചേര്‍ത്തു വച്ച് നോക്കി. കുറച്ചെങ്കിലും വെള്ളം പൊങ്ങിയിട്ടുണ്ടെങ്കിലോ?
ഇല്ല. ഒന്നും കാണുന്നില്ല. കൂരിരുട്ടുമാത്രം. എന്റെ ഒളിഞ്ഞു നോട്ടം കണ്ടിട്ടാവും, ആ ചെളിവെള്ളപ്പരപ്പില്‍ കണ്ണുമാത്രം പുറത്തുകാണിച്ച് ഒരു മാക്രിക്കുട്ടന്‍ എന്നെ തന്നെ നോക്കി നില്‍ക്കുന്നു ‍! അവന്റെ പല്ല് വെള്ളത്തിനടിയിലാണ്. ഒരുപക്ഷേ അവന്‍‌ എന്നെ കളിയാക്കി ചിരിക്കുന്നുണ്ടാവും. അലവലാതി. അവനെ കൊഞ്ഞനംകുത്തി കാട്ടി ഞാന്‍ പരീക്ഷണം അവസാനിപ്പിച്ചു. അപ്പേഴേക്കും വീട്ടിലെ അടുക്കളയില്‍ നിന്ന് ചാള വറക്കണ മണവും പേറി വന്ന ഒരു മന്ദമാരുതന്‍ എന്റെ മൂക്കില്‍ വന്ന് ബ്രേക്കിട്ടു. ഹാവൂ.... നല്ല വിശപ്പ്.
"അമ്മച്ചീ...... വെശക്കണ്....... "
ഇതിനെയാണ് വിശപ്പിന്റെ വിളി എന്ന് പറയുന്നത്. ഞാന്‍ വീട്ടിലേക്കോടി. 


അതോടെ ആ പരീക്ഷണം മറന്നു. പിന്നീടെപ്പോഴോ രാജന്‍ സാറിനോട് ഇതെ പറ്റി ചോദിച്ചപ്പോള്‍ തീര്‍ത്തും വണ്ണം കുറഞ്ഞ കുഴലാണ് ഉപയോഗിക്കേണ്ടിയിരുന്നത് എന്ന് മനസിലായി. പിന്നെ ചെയ്തു നോക്കണമെന്നു കരുതിയെങ്കിലും മറ്റ് കുരുത്തക്കേടുകള്‍ കണ്ടെത്താനുള്ള ഗവേഷണങ്ങള്‍ക്കിടയില്‍ അത് മറന്നു.
----------------------------------------------------------------------------------------------------
    വര്‍ഷങ്ങള്‍ കടന്നുപോയി. ഞാന്‍ അഞ്ചാം ക്ലാസുകാരനായി. അപ്പോഴേക്കും താമസം അങ്കമാലിയിലേക്ക് മാറ്റിയിരുന്നു. സെന്റ് ജോസഫ്സ് ഹൈസ്കൂളായിരുന്നു പിന്നീടുള്ള ലീലാവിലാസങ്ങള്‍. കന്യാസ്ത്രിയമ്മമാര്‍ നടത്തുന്ന സ്കൂളാണ്, നല്ല തല്ലുകിട്ടും എന്നൊക്കെ പറഞ്ഞു കേട്ടിട്ടുള്ളതിനാല്‍ വലിയ പേടിയൊടെയാണ് സ്കൂളിലേക്ക് കടന്നു ചെന്നത്. എന്തിനൊക്കയാ തല്ലു കിട്ടുക എന്നറിയില്ല. അതിനാല്‍ പതിവു കുരുത്തക്കേടുകള്‍ കാട്ടാന്‍ പേടിക്കണം. അതായിരുന്നു അന്നത്തെ അവസ്ഥ. ശാസ്ത്രത്തോട് എന്നെ കൂടുതല്‍ അടുപ്പിച്ച ജാന്സി ടീച്ചറും ഭൌതിക ശാസ്ത്രത്തോട് എന്ന കൂടുതല്‍ അടുപ്പിച്ച ലില്ലി പോള്‍ സിസ്റ്ററും ഈ സകൂളിലെ അധ്യാപകരാണ്. അന്നത്തെ സയന്‍സ്ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ ഞാന്‍ ഒരുപാട് ആസ്വദിച്ചിരുന്നു.
    അങ്ങനെയിരിക്കെ ആരോ എനിക്കൊരു ഹീറോപേന തന്നു. പഴയതാണെങ്കിലും കുഴപ്പമില്ലാതെ എഴുതാം. ഉപയോഗിക്കാതിരുന്ന് മഷി കട്ടപിടിച്ചതിന്റെ ചില കുഴപ്പങ്ങള്‍ കാണുന്നുണ്ട്. സാരമില്ല ശരിയാക്കിയെടുക്കാം എന്നു കരുതി.
 

അങ്ങനെ അവനെ ഒപ്പറേഷന്‍ തീയറ്ററിലെത്തിച്ചു. ഡോക്ടറും നേഴ്സും എല്ലാം ഞാന്‍ തന്നെ. ഒരു പാത്രം വെള്ളവുമായി തീയറ്ററിനകത്തുകയറി കതകടച്ചു. ആരേലും കണ്ടാ കുഴപ്പമാ. ഞാന്‍ അതിന്റെ പരിപ്പിളക്കുവാണെന്ന് പറഞ്ഞ് വഴക്കുപറയും. എന്തിനാ അതിന് അവസരം കൊടുക്കുന്നത്?
   ഓപ്പറേഷന്‍ തുടങ്ങി. ഒരോ പാര്‍ട്സായി അവനെ അഴിച്ച് ആദ്യം വെള്ളത്തിലിട്ടു. പിന്നെ നന്നായി കഴുകി വൃത്തിയാക്കി. നിബ്ബിന്റെ ഭാഗം വലിച്ചൂരിയപ്പോഴാണ് ഒരു കുഴല്‍ പ്രത്യക്ഷപ്പെട്ടത്. ഒരു നേര്‍ത്തകുഴല്‍. ആ കുഴല്‍ എനിക്കിഷ്ടപ്പെട്ടു. തിരിച്ചും മറിച്ചും അതിനെ നോക്കി. അപ്പോഴാണ് അതിനുള്ളില്‍ ഒരറ്റത്തായി കുറച്ച് വെള്ളം ഇരിക്കുന്നത് കണ്ടത്. തിരിച്ചിട്ടും മറിച്ചിട്ടും അതു താഴേക്ക് വീഴുന്നില്ല. കുഴലിനകത്ത് എന്തെങ്കിലും വസ്തു ഇരുന്ന് അടഞ്ഞിട്ടുണ്ടാകുമെന്ന് കരുതി ശക്തിയായി ഒന്നൂതി.
"ഫൂ......"
    വെള്ളം തെറിച്ചുപോയി. വീണ്ടും അത് വെള്ളത്തലിട്ട് കഴുകി. വീണ്ടും പഴയ അവസ്ഥ. അല്പം വെള്ളം മാത്രം പോണില്ല. ഇതെന്തുകഥ? പലവട്ടം ശ്രമിച്ചിട്ടും അതുതന്നെ ഫലം. ട്യൂബിന്റെ ഒരറ്റം വെള്ളത്തിലോന്ന് തോട്ടുനൊക്കി. ആ അദ്ഭുതം സംഭവിച്ചു. ട്യൂബിലൂടെ വെള്ളം പാത്രത്തിലെ വെള്ളത്തിന്റെ നിരപ്പില്‍ നിന്ന് ഒരല്പം ഉയര്‍ന്നു. ആ പഴയ പരീക്ഷണത്തിന്റെ ഒര്‍മകള്‍ മനസില്‍ നിറഞ്ഞു. സന്തോഷം അടക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ ആ പരീക്ഷണം വിജയം കണ്ടു. അതും അപ്രതീക്ഷിതമായി. ആരോടും പറയാന്‍ പറ്റാതെ ഞാന്‍ വീര്‍പ്പുമുട്ടി. പറയാന്‍ പുറത്തിറങ്ങാല്‍ എന്റെ ഓപ്പറേന്‍ കഥ പുറത്താവുമല്ലോ...
ഊരിയടുത്ത പാര്‍ട്സ് പഴയപടി വയ്ക്കാന്‍ പറ്റുമോ എന്ന് എനിക്ക് അപ്പോഴും നിശ്ചയമില്ലായിരുന്നു. എന്തായാലും ആ ചെറിയ കുഴല്‍ ഒഴിവാക്കി പേന റീഅസംമ്പിള്‍ ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചു. അങ്ങനെ ചെയ്തിട്ടും പേനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കുഴപ്പമൊന്നും സംഭവിച്ചില്ല. കുറച്ച് മഷി കൂടതലായി പുറത്തു വരന്നുണ്ടോ എന്നൊരു സംശയം മാത്രം.  ആ മാജിക്ക് ചേട്ടനെയും കാണിച്ചുകൊടുത്തു. സ്കൂളില്‍ കൊണ്ടു പോയി കൂട്ടുകാരേയും കാണിച്ചുകൊടുത്തു. ആ കുഴല്‍ ഞാന്‍ വളരെക്കാലം സൂക്ഷിച്ചു വച്ചു.
 കാപ്പിലറി റൈസ്

പിന്നീടെപ്പോഴോ അത് കാണാതെ പോയി. ചിലപ്പൊ എന്റെ 'ആക്രിപ്പെട്ടി'യില്‍ സൂക്ഷ്മമായി ഒന്നു തെരഞ്ഞാലത് കിട്ടുമായിരിക്കും. എനിക്ക് കിട്ടുന്ന ലൊട്ട് ലൊടുക്ക് സാധനങ്ങള്‍ എല്ലാം പെറുക്കിയിടുന്ന പെട്ടയാണ് ഈ 'ആക്രിപ്പെട്ടി'. ആ കാലം മുതല്‍ക്കുള്ള പല സാധനങ്ങളും- കാന്തങ്ങള്‍, നട്ടുകള്‍, കേടായ ഇലക്ടോണിക് ഉപകരണങ്ങളുടെ ഭാഗങ്ങള്‍ (ചിലത് ഞാന്‍ കേടാക്കിയവയാണ് കേട്ടോ), കളിപ്പാട്ടങ്ങളുടെ ഭാഗങ്ങള്‍ അങ്ങനെ പോകുന്നു ആക്രിപ്പെട്ടിയില്‍ സൂക്ഷിക്കുന്ന സാധനങ്ങളുടെ ലിസ്റ്റ്. ചേട്ടനാണ് അതിന് ആക്രിപ്പെട്ടി എന്ന് പേരു ചമച്ചത്.
 
 
 എന്റെ ചില ആക്രിപ്പെട്ടികള്‍
----------------------------------------------------------------------------------------------------
    കാലം എല്ലാ പതിബന്ധങ്ങളെയും തട്ടി തെറിപ്പിച്ചങ്ങനെ മുന്നേറി. ഞാന്‍     ഒന്‍പതാം കലാസിന്റെ കട്ടിളപ്പടിയും താണ്ടി മുന്നോട്ട് കടന്നു. അപ്പോഴേക്കും മാന്നാനത്തെ സെന്റ് എഫ്രേംസ് സൂളിലിലക്ക് എന്നെ പറിച്ചു നട്ടു. താമസം സെന്റ് അലോഷ്യസ് ബോര്‍ഡിങ്ങിലും. ചേട്ടന്റെ സെമിനാരിയില്‍ പോക്ക് അമ്മച്ചിയുടെ അസുഖം യാത്രാ ബുദ്ധിമുട്ട് അങ്ങയെ അതിന്റെ കാരണങ്ങള്‍ പലതായിരുന്നു. വാടാന്‍ കൂട്ടാക്കാതെ അവിടെയും ഞാന്‍ എന്റെ വേരുകള്‍ പടര്‍ത്തി. പ്രത്ത്യേകിച്ച്  ലക്ഷ്യങ്ങളോ കാഴ്ച്ചപ്പാടുകളോ ഒന്നും എനിക്കില്ലായിരുന്നു. പഠിച്ച് പഠിച്ച് എങ്ങുമെത്തണമെന്ന ചിന്തകളും ഇല്ലായിരുന്നു അക്കാലത്ത്. പഠിപ്പിക്കുന്ന കാര്യം ഇഷ്ടപ്പട്ടാല്‍ അതിന്റെ പിന്നാലെ അല്പനേരം ചിന്തയെ അഴിച്ചുവിടും. ഇഷ്ടമില്ലാത്തവ പഠിക്കാന്‍ മെനക്കെടാറില്ല. പരീക്ഷ വരുമ്പോള്‍ എന്തെങ്കുമൊക്കെ പഠിച്ചൊപ്പിക്കും. അതില്‍ കവിഞ്ഞൊരു പഠനമൊന്നും ഇല്ല. അതുകൊണ്ട് കൊട്ടപ്പടി മാര്‍ക്കൊന്നും കിട്ടിയിരുന്നില്ല. എല്ലാത്തിനേം പ്രായോഗിക തലത്തില്‍ നോക്കിക്കാണാന്‍ ഇഷ്ടപ്പട്ടിരുന്നത് കൊണ്ട് അത്തരത്തില്‍ ബന്ധങ്ങള്‍ കണ്ടെത്താന്‍ കഴിയാതിരുന്നത് പലതും മനസില്‍ തട്ടിയില്ല എന്നതാണ് സത്യം.
    അങ്ങനെയിരിക്കേ ആ പഴയ പരീക്ഷണം ക്ലാസ് മുറിയിലേക്ക്.... 'കൊഹെഷന്‍' 'അഡ്ഹെഷന്‍' തുടങ്ങിയ കഠിന പദങ്ങളുടെ അകംമ്പടിയോടെ അവന്‍ കടന്നു വന്നു. "കേശികത്വം" . ജോഷി സാറാണ് ഇതെല്ലാം പറഞ്ഞ് ഞങ്ങളെ ഭയപ്പെടുത്താന്‍ ശ്രമിച്ചത്. കാര്യം പറഞ്ഞു വന്നപ്പോളല്ലേ മനസിലായത്, ഇത് നമ്മുടെ ഹീറോപ്പേനയുടെ കുഴല്‍ പറഞ്ഞുതന്ന രഹസ്യമല്ലേ. ആ സംഭവ പരമ്പര ചലചിത്ര രൂപേണ  മനസില്‍ തെളിഞ്ഞു. സാറു പറഞ്ഞ കാര്യങ്ങള്‍ ശരിക്ക് മനസില്‍ പതിഞ്ഞു. വിളക്കില്‍ എങ്ങനെയാണ് എണ്ണ മുകളിലേക്ക് കയറുന്നത്, കിളച്ചിട്ടാല്‍ മണ്ണിന്റെ ജലാംശം നഷ്ടപ്പെടാതെ സംരക്ഷിക്കാം തുടങ്ങിയ കാര്യങ്ങളൊക്കെ പകലുപോലെ വ്യക്തമായി. പഴയ ആ അനുഭത്തിന്റെ വില ഞാന്‍ തിരച്ചറിഞ്ഞു. ചില അനുഭവങ്ങള്‍ അങ്ങനെയാണ് അതിന്റെ ഓര്‍മകള്‍ നമ്മെ വിടാതെ പിന്‍തുടര്‍ന്നുകൊണ്ടേയിരിക്കും.
   ഒന്‍പതാം ക്ലാസിലെ പുതയ ഭൌതികശാസ്ത്ര പുസ്തകത്തിലും ഈ പഠഭാഗം ഉണ്ട്. കേശികത്വത്തിന്റെ ശാസ്ത്രീയ വശങ്ങള്‍ മനസിലാക്കണമെന്നുണ്ടെങ്കില്‍ ആ പുസ്തകം ഇവിടുന്ന് ഡൌണ്‍ലോഡ് ചെയ്ത് വായിക്കുക. പുതിയ പുസ്തകത്തില്‍ എത്ര രസകരമായിട്ടാണ് ആ കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്. പുതിയ പാഠ്യപദ്ധതിയുടെ ഈ കാലഘട്ടത്തില്‍ സ്കൂളില്‍ പഠിക്കാന്‍ കഴിയാത്തത് ഒരു വലിയ നഷ്ടം തന്നയാണ്. 
------------------------------------------------------------------------------------------------------
    കാലം വീണ്ടും ഒരു സ്റ്റേഷനിലും നിര്‍ത്താതെ ചൂളം വിളിച്ച് മുന്നാട്ടോടി. ഞാന്‍ +2 വിലകപ്പെട്ടു. അവിടെയുമെത്തി ഈ കേശികത്വം. 'കാപ്പിലറി ആക്ഷന്‍' എന്ന ആംഗലേയ കുപ്പായവുമണിഞ്ഞായിരുന്നു അവന്റെ വരവ്. കൂടുതല്‍ അടുത്തറിഞ്ഞപ്പോഴാണ് കേശികത്വം രണ്ടു രരത്തിലുണ്ട് എന്ന് മനസിലായത്. കേശിക ഉയര്‍ച്ചയും കേശിക താഴ്ച്ചയും. അവയെ പറ്റി വിശദീകരിച്ച് കാടുകയറുന്നില്ല. ശാസ്തീയ വശങ്ങള്‍‌ മനസിലാക്കാന്‍ ഈവിടെ ക്ലിക്ക് ചെയ്യുക.അന്നും ഈ സംഭവ പരമ്പര മനസില്‍ ആടി തിമിര്‍ത്തു.


കാര്യങ്ങളെ അര്‍തഥ പൂര്‍ണമായി മനസിലാക്കാന്‍ ജീവിതാനുഭവങ്ങള്‍ ഒരുപാട് സഹായിക്കും. കാണാനും കേള്‍ക്കാനും തൊടാനും അനുഭവിക്കാനും കഴിയുന്ന കാര്യങ്ങള്‍ കൂടുതല്‍ ആഴത്തില്‍ മനസിലാക്കാനും ഒര്‍മയില്‍ തങ്ങിനില്‍ക്കാനും സഹായിക്കും.  നിത്യ ജീവിതത്തിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനാനുള്ള മാര്‍ഗങ്ങള്‍ രൂപീകരിക്കാനും ആ അനുഭവങ്ങള്‍ നമുക്ക് കൂട്ടായി വരും.

പിന്‍കുറിപ്പ്:
ചാക്രിക ആരോഹണ രീതി (സ്പൈറല്‍ അപ്രൊച്ച്) എന്താണെന്ന് ടിടിസി ക്ലാസില്‍ പഠിച്ചത് ഓര്‍മ വരുന്നു. ഒരേ കാര്യം കുട്ടി പല ക്ലാസുകളില്‍ പഠിക്കുന്നുണ്ട്. ഓരോ ക്ലാസിലും കുട്ടി നേടുന്ന അറിവിന്റെ വ്യാപ്തി കൂടികൂടി വരും. മനശാസ്ത്രപരമായ ഈ രിതിയാണ് ചാക്രിക ആരോഹണ രീതി. പാഠ്യ പദ്ധതി തയ്യാറാക്കുമ്പോള്‍ ഈ രീതി അവലമ്പിക്കുന്നുണ്ട്. എന്റെ ഈ അനുഭവങ്ങള്‍ ചാക്രിക ആരോഹണ രീതിയെ അടിവരയിടുന്നു എന്നൊരു തോന്നല്‍.

Monday, July 12, 2010

ആദ്യമായി എടുത്ത ക്ലാസിന്റെ സ്മരണകളിലേക്ക്........

വളരെ ഗൃഹാദുരത്വം ഉണര്‍ത്തുന്ന സമരണകളിലേക്ക് അതിരാവിലെ തന്നെ ഈ പോസ്റ്റ് എന്നെ തള്ളി വിട്ടു. എന്റെ ആദ്യത്തെ ക്ലാസ്.... ഒരിക്കലും മറക്കാനാവില്ല ആ അനുഭവം. ഒരുപക്ഷെ ആ അനുഭവം എനിക്കു പകര്‍ന്ന ഊര്‍ജമാവണം എന്നെ ഇന്നും മുന്നോട്ട് നയിക്കുന്നത്.

+2 ആവസാന പരീക്ഷകള്‍ അടുക്കാറായപ്പോള്‍ തന്നെ ടിടിസി ക്ക് ചേരുന്നതിനെ പറ്റി വീട്ടില്‍ ചര്‍ച്ചതുടങ്ങിയിരുന്നു. ഒരിക്കലും എന്‍ട്രന്‍സ് എഴുതാന്‍ എന്നെ ആരും പ്രേരിപ്പിച്ചിട്ടില്ല. എന്തോ, ഒരു തൊഴില്‍ എന്ന നിലക്ക് എഞ്ചിനിയറിഗ് എന്നെ ഒരിക്കലും മോഹിപ്പിച്ചിട്ടില്ല. എന്നെ അടുത്തറിയാവുന്ന പലരും എന്നോട് പറഞ്ഞിട്ടുണ്ട് ഞാന്‍ എഞ്ചിനിയറിംഗിന് പോകുന്നതായിരുന്നു നല്ലത്. അപ്പച്ചന്‍ എന്നോട് പറഞ്ഞു "2 വര്‍ഷം നീ എന്റെ ആഗ്രഹത്തിന് വേണ്ടി എങ്കിലും ടിടിസിക്ക് പോ.... അതുകഴിഞ്ഞ് എന്തു കോഴ്സ് വേണമെങ്കിലും നിന്നെ പഠിപ്പിക്കാം." ഞാന്‍ അനുസരിച്ചു. അനുസരിക്കാന്‍ വേണ്ടി ചെയ്തതോന്നുമല്ല ഞാനും അത് ഇഷ്ടപ്പെട്ടിരുന്നു.
ആസമയത്ത് ചേട്ടനും ടിടിസിക്ക് പഠിച്ചുകോണ്ടിരിക്കുകയായിരുന്നു. ഡിപിഇപി പാഠ്യ പദ്ധതി നടപ്പാക്കി കൊണ്ടിരുന്ന കാലമായിരുന്നു. ആദ്യ കോഴ്സിന് പങ്കെടുത്തു വന്ന അപ്പച്ചന്‍ ഇത് ഒരു ഉട്ടോപ്യന്‍ ആശയമാണന്നും യഥാര്‍ത്ഥ ക്ലാസ് മുറികളില്‍ പ്രാവര്‍ത്തികമാക്കാന്‍ പറ്റുന്ന ഒന്നല്ല എന്നും അഭിപ്രായപ്പെട്ടു. എന്നാല്‍ ക്ലാസ് മുറിയല്‍ ഇവ പരീക്ഷിച്ചപ്പോള്‍ ഉണ്ടായ അനുഭവം അപ്പച്ചനെ ആവേശം കൊള്ളിച്ചു. ഈ പുതിയ രീതിയുടെ ഒരു ആരാധകനും പ്രചാരകനുമാക്കി മാറ്റി എന്ന് പറയുന്നതാണ് ഉചിതം എന്ന് തോന്നുന്നു. ഈ പ്രവര്‍ത്തങ്ങള്‍ എല്ലാം തന്നയാണ് അപ്പച്ചന്റെ ക്ലസ്മുറികളില്‍ പണ്ടും നടന്നിരുന്ന്, ഡിപിഇപി വന്നപ്പോള്‍ അതിന്റെ കൂടെ കുറച്ച് സ്നേഹവും കളികളും കൂടി ചാലിച്ചു എന്നാണ് അപ്പച്ചന്റെ അഭിപ്രായം. കുട്ടികളുടെ എണ്ണക്കുറവു മൂലം അപ്പച്ചന് പ്രൊട്ടക്ഷന്‍ കിട്ടി വെളിയത്തുനാട് ഗവ.യുപിസ്കൂളില്‍ പഠിപ്പിക്കുന്ന കാലത്താണ് ഡിപിഇപി നടപ്പാക്കിയത്. വേക്കന്‍സി വന്നപ്പോള്‍ തിരിച്ച് പഴയ സ്കൂളില്‍‌ എത്തി. തിരിച്ചെത്തിയത് വലിയ മാറ്റങ്ങളുമായാണ്. കുട്ടികളെ തല്ലിയാണങ്കിലും പഠിപ്പിക്കണം എന്ന വാശിക്കാരനായ അധ്യാപകന്‍ എന്നതില്‍ നിന്ന് കുട്ടികളെ സ്നേഹിച്ച് അവരോട് കൂട്ടുകൂടി അവരുടെ കുസൃതികളില്‍ അവരോടൊപ്പം ചേര്‍ന്ന് പഠനപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന അധ്യാപകനിലേക്ക്..... റിട്ടയര്‍മെന്റിന്റെ അവസരത്തില്‍ അതെ പറ്റി പൂര്‍വ വിദ്യാര്‍ത്ഥി കൂടിയായ പിടിഎ പ്രസിഡന്റ് പ്രസംഗിച്ചത് ഏറെ വികാര നിര്‍ഭരമായാണ്. സാറിനെ പേടിച്ച് പാഠങ്ങള്‍ പഠിച്ചിരുന്ന താന്‍ സാറ്നെ സ്നേഹിച്ച് പഠങ്ങള്‍ പഠിക്കുന്ന തന്റെ കുട്ടിയെ കണ്ട് അത്ഭുതം കൂറിയ വിവരം അദ്ദേഹം പ്രസംഗിച്ചപ്പോള്‍ ഞാനും വല്ലാതെ വികാരാധീനനായിപ്പോയി.
എന്നും വീട്ടില്‍ വരുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ അപ്പച്ചന് പറയാനുണ്ടാകും. എല്ലാത്തിനും ഞാനായാരുന്നു കേള്‍വിക്കാരന്‍. അതായിരിക്കും എനിക്ക് അധ്യാപന മേഖലയില്‍ താത്പര്യം തോന്നിച്ചത്.
എന്റെ വല്യപ്പന്‍ ഒരു സ്കൂള്‍ പ്യൂണായിരുന്നു. മക്കളെ എല്ലാം അധ്യാപകരാക്കുക എന്നത് അദ്ദേഹത്തിന്റെ വാശിയായിരുന്നു. 5 മക്കളെയും അധ്യപരാക്കി ആ വാശി നിറവേറ്റുകും ചെയ്തു. 2 പേരൊഴികെ, മക്കളുടെ മക്കളും അധ്യാപനവഴിക്കാണ് തിരിഞ്ഞത്.
------------------
2001-'03 ടിടിസി ബാച്ചിലാണ് പെരുമ്പാവൂരിനടുത്തുള്ള കുറുപ്പംപടിയില്‍ സ്ഥിതിചെയ്യുന്ന ഡയറ്റ്-എറണാകുളം എന്ന സ്ഥാപനത്തിലെത്തുന്നത്. (ചേട്ടന് നിര്‍ബന്ധമായിരിന്നു ടിടിസി പഠിക്കുന്നെങ്കില്‍ ഡയറ്റില്‍ പഠിക്കണം എന്ന്. ഒരു മാനേജ്മെന്‍റ് ടിടിഐ യില്‍ ചേട്ടന്‍ അപ്പോള്‍ രണ്ടാംവര്‍ഷ ടിടിസി പഠിക്കുകയായിരുന്നു.) എന്റെ ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്തി ആ സ്ഥാപനം. അങ്ങോട്ട് കടന്നുചെല്ലുമ്പോള്‍ +2 കഴിഞ്ഞ ഒരു പീറച്ചെക്കനായിരുന്നു ഞാന്‍. വൈജ്ഞാനികവും വൈകാരികവുമായി ഒരുപാട് എന്ന മറ്റിയെടുത്തത് ഡയറ്റാണ്. ആ ഓര്‍മകള്‍ പങ്കുവയ്ക്കാന്‍ ബ്ലോഗ് പോസ്റ്റുകളോ കമന്റുകളോ മതിയാവില്ല.  കാടുകയറാതെ എന്റെ ആദ്യ ക്ലാസ്റൂം അനുഭവത്തിലേക്ക് കടക്കാം.

ക്ലാസ് തുടങ്ങി ദിവസങ്ങള്‍ കഴിഞ്ഞു. തര്‍ക്കങ്ങളും ചര്‍ച്ചകളുമായി ക്ലാസ് മുന്നോട്ട് പോയി. ഈ ചര്‍ച്ചകളും തര്‍ക്കങ്ങളുമാണ് സത്യത്തില്‍ കാഴ്ച്ചപാപടുകള്‍ രൂപീകരിക്കുന്നതില്‍ ഏറെ സഹായകരമായത്. തര്‍ക്കിക്കാന്‍ ഞങ്ങള്‍ക്ക് പൂര്‍ണസ്വാതന്ത്യം അധ്യാപകര്‍ തന്നിരുന്നു. 21 അധ്യാപകരാണ് ഞങ്ങള്‍ക്ക് ഉണ്ടായിരുന്നത്. 2 പേര്‍ ഒന്നിച്ചുമൊക്കെ ക്ലാസെടുക്കാന്‍ വരുമായിരുന്നു. ടീം ടീച്ചിഗ് എന്തെന്ന് നേരിട്ട് മനസിലാക്കിയത് അങ്ങനെയാണ്. ക്ലാസിലെ തര്‍ക്കങ്ങള്‍ കേട്ട് അതിലേ കടന്നു പോകുന്ന അധ്യാപര്‍ ക്ലാസില്‍ കടന്ന് വന്ന് ചര്‍ച്ചകളില്‍ പങ്കെടുക്കുമായിരുന്നു. ഞങ്ങള്‍ ആ ദിവസങ്ങള്‍ ഒരുപാട് ആസ്വദിച്ചാണ് ക്ലാസുകളില്‍ ഇരുന്നിരുന്നത്. കൂടെ ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ അവയുടെ അവതരണങ്ങള്‍..... എല്ലാവരും മത്സരബുദ്ധിയോടെയാണ് ഇവയെകണ്ടിരുന്നത്.
അങ്ങനെ ക്ലാസുകള്‍ നല്ല രസകരമായി മുന്നോട്ട് പോയ്കൊണ്ടിരിന്ന അവസരത്തിലാണ് ക്രിട്ടിസിസം ക്ലാസ് എന്ന പദം ക്ലാസില്‍ ഉയര്‍ന്നത്. ജെയിംസ് സാറാണ് അതും കൊണ്ട് ക്ലാസിലെത്തിയത്. ഒരു അധ്യാപകവിദ്യാര്‍ത്ഥി ക്ലാസ് എടുക്കും മറ്റുള്ളവരും ടീച്ചര്‍ എഡുക്കേറ്ററും അത് ചുറ്റുമിരുന്ന് നിരീക്ഷിച്ച് കുറവുകള്‍ കണ്ടെത്തും. അതിനുശേഷം ക്ലാസ് അവലോകനം നടക്കും. ഇതാണ് ക്രിട്ടിസിസം ക്ലാസ്. കുറവ് കണ്ടെത്തി പറയലാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന ഒരു ധാരണ പലര്‍ക്കും ഉണ്ടായി. എന്നാല്‍ ജെയിംസ് സാര്‍ അത് തിരുത്തി.
"കുറവുകണ്ടെത്തി, അത് ഏങ്ങനെ ഇല്ലാതാക്കാമായിരുന്നു എന്ന ക്രയാത്മകമായ നിര്‍ദേശമാണ്  പറയേണ്ടത്. അത് ക്ലാസെടുക്കുന്നവര്‍ക്കും കാണുന്നവര്‍ക്കും ഗുണം ചെയ്യും. 2 വിഷയങ്ങളുടെ ക്ലാസുകളാണ് എടുക്കേണ്ടത്. എല്ലാവിഷത്തിനും തുല്യ എണ്ണം ക്ലാസുകള്‍ ഉണ്ടാകണം. എങ്ങനെ വിഭജിക്കണം എന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം." സാര്‍ പറഞ്ഞു.
ഏത് ക്ലാസ് എടുക്കണമെന്ന് നറുക്കിട്ട് തീരുമാനിക്കാം എന്നായി ഞങ്ങള്‍. അങ്ങനെ നറുക്കിട്ടു. എനിക്ക് കിട്ടിയത് സയന്‍സും കണക്കും. എനിക്ക് വളരെ സന്തോഷമായി. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വിഷയങ്ങള്‍...
"അതാത് വിഷയങ്ങള്‍ക്കുള്ള 2 മോഡല്‍ ക്ലാസുകള്‍ വിഷയം കൈകാര്യം ചെയ്യുന്ന അധ്യാപര്‍ എടുക്കും അതിനു ശേഷം നിങ്ങള്‍ ക്ലാസെടുക്കണം. എന്റെ ക്ലാസ് നാളെ ഉണ്ടാകും"
ഇത്രയും പറഞ്ഞ് ജെയിംസ് സാര്‍ പോയി. ഞങ്ങള്‍ തന്നെ എടുക്കേണ്ട തിയതിയും ടൈംടേബിളും തയ്യറാക്കി ചുവരില്‍ ഒട്ടിച്ചു.
ആ ആഴ്ച്ച തന്നെ കണക്കിന്റെ മോഡല് ക്ലാസ് നടന്നു. എടുത്തത് പൊന്നമ്മ ടീച്ചര്‍. ആ ക്ലാസ് എന്നെ വല്ലാതെ ആകര്‍ഷിച്ചു. 'ആവര്‍ത്തന വ്യവകലനത്തിലൂടെ ഹരണം' അതായിരുന്നു ക്ലാസിന്റെ വിഷയം. സത്യത്തില്‍ എന്നെ ആകര്‍ഷിച്ചത് കുട്ടികളോടുള്ള ടീച്ചറിന്റെ സമീപനമായിരുന്നു. 4-)ഠ തരത്തിലെ കുട്ടികളായായിരുന്നു. അവരിലേക്ക് ടിച്ചര്‍ ഇറങ്ങിച്ചെല്ലുകയായിരുന്നു. മാതൃവാത്സല്യത്തോടെയുള്ള ടീച്ചറിന്റെ ഇടപെടല്‍ എന്നെ അത്ഭുതപ്പെടുത്തി.
ഉച്ച തിരിഞ്ഞായിരുന്നു ആ ക്ലാസിന്റെ അവലോകനം. ഒപ്പം ജയ ടീച്ചറും ഉണ്ടായിരുന്നു. ആ ക്ലാസിനെ ഒരു ക്രിട്ടിസിസം ക്ലാസായി കണ്ട് അഭിപ്രായം പങ്കുവയ്ക്കാന്‍ ടീച്ചര്‍ അവശ്യപ്പെട്ടു.
(മിക്ക അധ്യാപരും അങ്ങനെ പറയാറുണ്ട്. സാറുമ്മാരാണ്, ഞങ്ങള്‍ക്ക് തെറ്റൊന്നും പറ്റില്ല ഇനി പറ്റിയാല്‍ തന്നെ അത് ചോദ്യം ചെയ്യാന്‍ വരണ്ട എന്ന മനോഭാവം തീര്‍ത്തും ഇല്ലായിരുന്നു ഞങ്ങളുടെ അധ്യാപകര്‍ക്ക്. തെറ്റു ചുണ്ടിക്കാണിക്കുന്നത് അവര്‍ പ്രോത്സാഹിപ്പിച്ചിരുന്നു. അതാണ് അവരോടുള്ള എറ്റവും വലിയ ബഹുമാനവും) 
അവലോകനത്തിനു ശേഷം ടീച്ചര്‍ പറഞ്ഞു
"തിങ്കളാഴ്ച്ച ഒരാള്‍ ക്രിട്ടിസിസം ക്ലാസ് എടുക്കണം ആരെടുക്കും? ടൈംടേബിളോന്നും നോക്കണ്ട. ആര്‍ക്കും എടുക്കാം."
എല്ലാവരും അങ്ങോട്ടും ഇങ്ങൊട്ടും നോക്കി. ആ നിശബ്ദതയെ കീറി മുറിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു.
"ഞാന്‍ എടുത്തോളം ടീച്ചര്‍. ഏതാണ് ശേഷി." (അന്ന് പാഠ്യപദ്ധതി പ്രസ്താവനയെന്നും ശേഷിയെന്നുമെല്ലാമായിരുന്നു ഒരോ ആശയങ്ങളെയും വിളിച്ചിരുന്നത്). എന്തും വരട്ടെ എന്നുകരുതി ഞാന്‍ അതേറ്റെടുത്തു. അപ്പച്ചന്‍ വീട്ടിലുള്ളതായിരുന്നു എന്റെ ധൈര്യം. ക്ലാസ് മനോഹരമാക്കാന്‍ വേണ്ട പൊടികൈകളൊക്കെ പറഞ്ഞു തരാന്‍ അപ്പച്ചനെ കഴിഞ്ഞിട്ടേ വേറെ ആളുള്ളു.ആ മികച്ച  അധ്യാപകന്റെ മകനാകാന്‍ കഴിഞ്ഞതില്‍ എനിക്ക് അഭിമാനമാണെന്നും.
"നിധിന്‍... എന്നെകണ്ടിട്ടേ പോകാവൂ... എതാണെടുക്കേണ്ടതെന്ന് പറയാം." പൊന്നമ്മടീച്ചര്‍ പറഞ്ഞു.
ചര്‍ച്ച കഴിഞ്ഞ് എല്ലാവരും കൂടി ഞങ്ങളുടെ കൃഷിത്തോട്ടത്തിലേക്ക് പോയി. വെള്ളം ഒഴിക്കലും  കളപറിക്കലും മറ്റും തുടങ്ങി. അതിനിടെ എന്റെ ജോലി ഗ്രൂപ്പിലെ മറ്റുള്ളവരെ ഏല്‍പ്പ്ച്ചിട്ട് ഞാന്‍ ടീച്ചറെ കാണാന്‍ പോയി.
പൊന്നമ്മടീച്ചറും ജയടീച്ചറും സ്റ്റാഫ്റൂമിലുണ്ടായിരുന്നു. ഹാന്റ് ബുക്ക് എടുത്ത് എടുക്കേണ്ട ഭാഗം കാണിച്ചുതന്നു. ഭിന്ന സംഖ്യകളില്‍ വലുതേത് ചെറുതേത് എന്ന് കണ്ടെത്തുക അവയെ ആരോഹണ അവരോഹണക്രമത്തില്‍ ക്രമീകരിക്കുക. ഇതായിരുന്നു ശേഷി.
ടീച്ചര്‍‌ ചില മാര്‍ഗനിര്‍ദേശങ്ങളൊക്കെ തന്നു. അന്ന് വെള്ളിയാഴ്ച്ചയായിരുന്നു. ക്ലാസ് സമയം കഴിഞ്ഞു. ഞാന്‍ വീട്ടിലേക്ക് പോകാന്‍ ബസ്റ്റോപ്പിലെത്തി ബസ് വന്നതും കയറിയതും യാത്രചെയ്തതും ഒന്നും എന്റെ ബോധതലത്തിലില്ലായിരുന്നു. പതിവുവഴികളിലൂടെ ഒരു പ്രയാണം.... മനസില്‍ നിറയെ ക്ലാസിനെ പറ്റിയുള്ള ചിന്തയായിരുന്നു. വീട്ടിലെത്തി അപ്പച്ചനെ കണ്ട് കാര്യം പറഞ്ഞു.
"നീ സ്വന്തമായി ഒരു മാന്വല്‍ എഴുതിനോക്ക് എന്നിട്ട് നമുക്ക് നോക്കാം." അപ്പച്ചന്‍ പറഞ്ഞു.
ഞാന്‍ ചില പ്രവര്‍ത്തനങ്ങളൊക്കെ തയാറാക്കി അപ്പച്ചനെ കാണിച്ചു. അന്ന് രാത്രി തന്നെ ഞങ്ങള്‍ നല്ലൊരു ടീച്ചിംഗ് മാന്വല്‍ തയാറാക്കി. പല തര്‍ക്കങ്ങളും ചില്ലറ പിണക്കങ്ങളും മെല്ലാം അതിനിടെ നടന്നു. ആശയപരമായ ചില തര്‍ക്കങ്ങള്‍ ഞങ്ങള്‍ക്കിടയില്‍ പതിവാണ്. ശനിയാഴ്ച്ച രാവിലെ ടൌണില്‍ പോയി ചാര്‍ട്ടും ക്ലാസിന് ആവശ്യമായ ചിത്രങ്ങളുമെല്ലാം വാങ്ങിച്ചു. ചാര്‍ട്ടും കാര്‍ഡുകളും മറ്റ് പഠനോപകരണങ്ങളും എല്ലാം തയ്യാറാക്കി. അതിനിടെ ചില്ലറ മാറ്റങ്ങളും തിരുത്തലുകളുമെല്ലാം മാന്വലില്‍ വരുത്തി.
ഞാന്‍ ആ രണ്ടു ദിസവും പല തവണ ഞാന്‍ വീട്ടിലെ മേശക്കും കസേരക്കും പുറത്തെ ചെടികള്‍ക്കും വേണ്ടി ക്ലാസെടുത്തു.
തിങ്കളാഴ്ച്ച രാവിലെ അപ്പച്ചനോട് യാത്രപറഞ്ഞ് ഇറങ്ങി... അന്ന് നേരത്തേ തന്നെ ഡയറ്റിലെത്തി . ടീച്ചര്‍ വരാനുള്ള കാത്തിരിപ്പ് ........ കൂട്ടുകാരുമായി ചില്ലറ കുശലങ്ങളെക്കെ പറഞ്ഞ് ക്ലാസ് വരന്തയില്‍ നിന്നു. ചാര്‍ട്ടും മറ്റും അവരെ കാണിച്ചു. ഉള്ളിലെ ടെന്ഷന്‍ ഞാന്‍മാത്രം അറിഞ്ഞു...... ടീച്ചര്‍ വരാന്‍ അന്ന് വൈകി. ഞാന്‍ ആകെ പരിഭ്രമത്തിലായി. ടീച്ചര്‍ വന്ന വഴി ഓടിച്ചെന്നു കണ്ടു. മാന്വല്‍ ഓടിച്ചിട്ടു നോക്കിയിട്ട് കുഴപ്പമില്ല, ടെന്ഷനൊന്നും വേണ്ട ധൈര്യമായി ക്ലാസെടുത്തോ... എന്ന് പറഞ്ഞു.
സമയം സമാഗതമായി. എല്ലാവരും മുകളിലത്തെ ഹാളില്‍ ഒത്തുകൂടി. ബിനേഷ് ലാബ് സ്കൂളില്‍ ചെന്ന് കുട്ടികളെ കൂട്ടി കൊണ്ടുവരാന്‍ പോയി. എന്റെ ഹൃദയമിടപ്പ് വര്‍ധിച്ചു. മുഖം വല്ലാതെ മാറി..... ടെന്‍ഷന്‍......
കുട്ടികളെത്തി ക്ലാസ് ആരംഭിക്കാനുള്ള നിര്‍ദേശം കിട്ടി. സത്യത്തില്‍ ഏല്ലാവരും ഭയപ്പെട്ടു എന്റെ ടെന്‍ഷന്‍ കണ്ടിട്ട്. എന്നാല്‍ സംഭവിച്ചത് മറിച്ചായിരുന്നു. കുട്ടികളുടെ മുന്നിലേക്കെത്തിയതും ഞാന്‍ അറിയാതെ കൂളായി. പൊന്നമ്മടീച്ചര്‍ കുട്ടികളോട് കാണിച്ച ആ ശൈലി ഞാന്‍‌ പെട്ടന്ന് എന്നിലേക്ക് ആവാഹിച്ചു. കുട്ടികള്‍ എന്നോട് നന്നായി സഹകരിച്ചു. അവശ്യ പൂര്‍ശേഷികളുടെ പരിശോധന നടത്താനുള്ള പ്രവര്‍ത്തനം കഴിഞ്ഞപ്പോള്‍ തന്നെ കുട്ടികള്‍ മിടുക്കരാണെന്ന് എനിക്ക് മനസിലായി. അത് എന്നെ കൂടുതല്‍ ആവേശം കൊള്ളിച്ചു. ആശയ രൂപീകരണ പ്രവര്‍ത്തനം ഭംഗിയായി നിര്‍വഹിക്കാന്‍ കഴിഞ്ഞു. എല്ലാ ഗ്രൂപ്പുകാരും നന്നായി പ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. ആശയം ഉറപ്പിക്കാനുള്ള പ്രവര്‍ത്തനവും മൂല്യനിര്‍ണയ പ്രവര്‍ത്തനവും ഭംഗിയായി നടന്നു. കുട്ടികള്‍ എന്നോട് നന്നായി സഹകരിച്ചു അതായിരുന്നു എന്റെ വിജയം. 
ഒരു പെരുമഴ പെയ്തു തോര്‍ന്ന പ്രതീതി. കുട്ടികള്‍ പോയി, ഒരു നിമിഷം ഞാന്‍ മുഖം പൊത്തിയിരുന്നു.

ചര്‍ച്ച തുടങ്ങി ആദ്യത്തെ ക്രിട്ടിസിസം വന്നു.... അത് പൊന്നമ്മടീച്ചറും ജയടീച്ചറും ചേര്‍ന്നായിരുന്നു പറഞ്ഞത്.
"കണ്‍ക്രാജുലേഷ്ന്‍ നിധിന്‍ ... "
"ക്ലാസ് വളരെ നന്നായി...... മുഖത്തെ ടെന്‍ഷന്‍ കണ്ടപ്പൊള്‍ ഞങ്ങള്‍ പേടിച്ചു പോയി ആകെ കുഴപ്പമാക്കുമെന്ന്.... എന്തായാലും ടെന്‍ഷന്‍ അടിക്കുന്നത് ചിലപ്പോള്‍ നല്ലതിനായിരിക്കും എന്ന് മനസിലായി. ഒരുപാട് ഹോംവര്‍ക്ക് ചെയ്തിട്ടാണ് ക്ലാസെടുത്തത് എന്ന് മനസിലായി കുട്ടിളോടുള്ള ഇടപെടലും വളരെ നന്നായി....."
എന്റെ കണ്ണുനിറഞ്ഞുപോയി. ഒരു അധ്യാപക വിദ്യാര്‍ത്ഥിക്ക്  ഇതില്‍പരം എന്താണ് വേണ്ടത്. അപ്പച്ചനെ ഒരുനിമിഷം മനസില്‍ സ്മരിച്ചു.
ആ ക്ലാസ് എനിക്ക് ഇന്നും മറക്കാന്‍ കഴിയുന്നില്ല. അക്കൊല്ലം ജില്ലാതല അധ്യാപന മത്സരത്തിന് എന്നെ തെരഞ്ഞെടുത്തയച്ചതും ആ ക്ലാസിന്റെ പിന്‍ബലത്തിലാണ്. ഒരു ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി ആദ്യമായാണ് ഈ സ്ഥാപനത്തെ പ്രതിനിധീകരിച്ച് അധ്യാപന മത്സരത്തിന് പങ്കടുക്കുന്നത് എന്ന് ടീച്ചര്‍ എന്നോട് പറഞ്ഞു. അവര്‍ എന്നിലര്‍പ്പിച്ച വിശ്വാസം ഞാന്‍ വെറുതെയാക്കിയില്ല. മട്ടാഞ്ചേരി ടി.ഡി.ഹൈസ്കൂളില്‍ ജില്ലാ കലോത്സവത്തിനൊപ്പം നടത്തിയ അധ്യാപന മത്സരത്തില്‍ സയന്‍സിന് ഞാന്‍ എ ഗ്രേഡോടെ ഒന്നാം സമ്മാനം നേടി. അതിന്റെ പിന്നിലുമുണ്ട് ഒരുപാട് അനുഭവങ്ങള്‍. അത് പിന്നീടൊരിക്കല്‍ പറയാം.

എങ്കിലും എന്റെ ജീവിതത്തില്‍ ഏറ്റവും വിലപ്പെട്ടത് എന്ന് ഞാന്‍ കരുതുന്ന സമ്മാനം ആ ക്രിട്ടിസിസം ക്ലാസിനിനോടുവില്‍ എന്റെ ടിച്ചര്‍മാര്‍ എന്നോട് പറഞ്ഞ ആ നല്ല വാക്കുകളാണ്. അധ്യാപന ജീവിതത്തില്‍ എനിക്ക് എറ്റവുമധികം ഊര്‍ജം പകരുന്നതും ആ വാക്കുകളാണ്.

Sunday, May 9, 2010

ആരാണ് ഭൂമിയുടെ യഥാര്‍‍‍ത്ഥ അവകാശികള്‍ ??

നമുക്കു ചുറ്റും ഒന്ന് കണ്ണോടിച്ചു നോക്കൂ.... എന്തെല്ലാം കാഴ്ച്ചകളാണ് ........ പക്ഷികള്‍, മൃഗങ്ങള്‍, കുഞ്ഞുറുമ്പുകള്‍, പുല്‍മേടുകള്‍, വന്‍മരങ്ങള്‍, തുടങ്ങി ജീവന്‍ തുടിക്കുന്ന കഴ്ച്ച്കളുടെ നിര അങ്ങനെ നീണ്ടു പോകുന്നു...... ഇവയെല്ലാം ചേര്‍ന്ന് നമ്മുടെ ഈ ഭൂമിയെ അണിയിച്ചൊരുക്കി സുന്ദരിയാക്കിയിരിക്കുന്നു. ഇത്ര മനോഹരമായ ഒരു ഗ്രഹം പ്രപഞ്ചത്തില്‍ വേറേ ഉണ്ടോ ആവോ...? 

ആരാണ്  ഭൂമിയുടെ അവകാശികള്‍ ? - ബഷീര്‍ ഈ ചോദ്യം മലയാളിമനസുകളോടു ചോദിച്ചിട്ട് പതിറ്റാണ്ടുകള്‍ കഴിഞ്ഞു.... എലികളും വവ്വാലുകളും തുടങ്ങി ഈ ലോകത്തെ സകല ചരാചരങ്ങളും ഭൂമിയുടെ അവകാശികളാണന്ന സന്ദേശം സരസമായ ഭഷയില്‍  ഭൂമിയുടെ അവകാശികള്‍ എന്ന കഥയിലൂടെ  മലയാള സാഹിത്യത്തിലെ ആ സുല്‍ത്താന്‍ നമ്മോട് പറഞ്ഞു തന്നു.

ആറാം ക്ലാസുകാരുടെ ശാസ്ത്ര പാഠഭാഗത്തിലും ഈ ആശയം  മുന്നോട്ടു വയ്ക്കുന്നുണ്ട്. ആവാസവ്യവസ്ഥ, ആഹാര ശൃംഘല, ഉത്പാദകര്‍-ഉപഭോക്താക്കള്‍ -വിഘാടകര്‍ തുടങ്ങയ ആശയങ്ങള്‍ വിശദീകരിക്കുന്ന പാഠഭാഗത്തിലാണ് ഈ ചേദ്യം ഉന്നയിക്കപ്പെടുന്നത്. ജീവീയ അജീവീയ ഘടകങ്ങളുടെ പാരസ്പര്യം, സംതുലിതാവസ്ഥ കാത്തുസുക്ഷിക്കാനുള്ള പ്രകൃതിയുടെ തന്ത്രങ്ങള്‍,പ്രകൃതിയിലെ വിവിധതരം ചാക്രികതകള്‍, ഇവയെല്ലാം തിരിച്ചറിയുമ്പോഴാണ് ഏതോ ഒരതുല്യ കലാകാരന്റെ കരവിരുത് നാം മനസിലാക്കുന്നത്. പ്രകൃതിയെ സ്നേഹിക്കുന്ന, പരിപാലിക്കുന്ന ഒരു തലമുറയെ വളര്‍ത്തിയെടുക്കേണ്ടത്  നാമോരോരുത്തരുടെയും ഉത്തരവാദിത്തമാണ്. പ്രകൃതിയെ സ്നേഹിക്കണമെങ്കില്‍ പ്രകൃതിയുടെ സൌന്ദര്യം ആസ്വദിക്കാന്‍ കഴിയണം. ഈ ലക്ഷ്യത്തിലേക്കുള്ള ഒരു ചൂണ്ടു പലകയാണ് ഈ പാഠം.

ഈ പോസ്റ്റില്‍ ഞാന്‍ പങ്കുവയ്ക്കുന്നത് ഒരു കാഴ്ച്ചയാണ്... ഞങ്ങള്‍ ആറാം ക്ലാസുകാര്‍ കണ്ട ഒരു അത്ഭുത കാഴ്ച്ച... ഒരു തുള്ളി വെള്ളത്തില്‍ കണ്ട അത്ഭുത കാഴ്ച്ച....
വെള്ളത്തുള്ളിയിലെ കൂട്ടുകാര്‍ എന്ന ഈ പ്രവര്‍ത്തനത്തിലുടെ സൂക്ഷ്മ ദര്‍ശിനിയിലുടെ ഒരു വെള്ളത്തുള്ളി നിരീക്ഷിക്കുക എന്നതാണ് ഞങ്ങള്‍ ലക്ഷ്യമിട്ടത്‍. പ്രവര്‍ത്തനത്തെ പറ്റി ചര്‍ച്ച ചെയ്തപ്പോള്‍ തന്നെ ചെയ്തു നോക്കാന്‍ എല്ലാവര്‍ക്കും ദൃതിയായി. ഞാന്‍ പറഞ്ഞു ഇന്നു തന്നെ ചെയ്യന്‍ പറ്റുന്ന ഒന്നല്ല അത്. സൂക്ഷ്മജീവികളെ കാണണമെങ്കില്‍ കുളത്തിലെ വെള്ളമെടുത്ത് ഒരാഴ്ച്ച വൈക്കോലിട്ട് ചീയിച്ചിട്ടു വേണം മൈക്രോസ്കോപ്പിലൂടെ നോക്കാന്‍. അത് അവര്‍ക്ക് സ്വീകാര്യമായിരുന്നില്ല.
" ഒരാഴ്ച്ച കഴിയുമ്പോള്‍ നമുക്ക് നോക്കാം, എങ്കിലും ഇന്ന് വെറുതേ ഒന്ന് നോക്കാം സാറേ.... പ്ലീസ്..... "  അവരുടെ വാശിക്ക് ഞാന്‍ കീഴടങ്ങി.... നാലഞ്ച് ശിങ്കിടികളേം കൂട്ടി ഞാന്‍ ലാബിലേക്ക് പോയി. അവിടെ ഉണ്ടായിരുന്ന മൈക്രോസ്കാപ്പുകളില്‍ 4 എണ്ണം എടുത്തു കൊണ്ട് വന്നു. ഒപ്പം കുറച്ച് സ്ലൈഡുകളും. ക്ലാസില്‍ നാല് സ്ഥലത്ത് അവ സ്ഥാപിച്ചു. കുട്ടുകളിക്ക് അതിലൂടെ നോക്കാന്‍ തിടുക്കമായി. കുട്ടികളല്ലേ എത്രകണ്ടാലും ഇതൊന്നും മതിയാവില്ല. ഇത്തവണ അവരെ കൊണ്ട് മൈക്രോസ്കൊപ്പ് സ്വയം കൈകാര്യം ചെയ്യാന്‍ പഠിപ്പിക്കാന്‍ ഞാന്‍ തീരുമാനിച്ചു. കുട്ടികളെ 4 ഗ്രൂപ്പുകളാക്കി ഒരോഗ്രൂപ്പുകാരെയും പ്രകാശം ക്രമീകരിക്കുന്ന രീതി, ഫോക്കസ് ചെയ്യുന്ന രീതി തുടങ്ങിയവ പരിശീലിപ്പിച്ചു. ലാബില്‍ നിന്ന് കൊണ്ടുവന്ന പ്രിപ്പേയര്‍ഡ് സ്ലൈഡുകള്‍ കാണിച്ചു. എല്ലാ സൈഡുകളും അവര്‍ മാറിമാറി കണ്ടു. അപ്പോഴേക്കും ക്ലാസിന്റെ സമയം കഴിഞ്ഞു. കുളത്തിലെ വെള്ളം വൈക്കോലിട്ട് ചീച്ച് 'സെറ്റപ്പാക്കി' കൊണ്ടുവരാമെന്ന് ജിതിന്‍ ഏറ്റു.

ഒരാഴ്ച്ച കഴിഞ്ഞു. ജിതിന്‍ ഏറ്റകാര്യം അവന്‍ സെറ്റപ്പാക്കിയിരുന്നു. ഞാന്‍ സൂളില്‍ എത്തിയപ്പേള്‍ തന്നെ ന്യൂസ് റിപ്പോര്‍ട്ടര്‍മാര്‍ എത്തി വിരങ്ങള്‍ ബോധിപ്പിച്ചു. " സാറേ... ദേ ജിതിന്‍ മറ്റേ സാധനം സെറ്റപ്പാക്കി കൊണ്ടോന്നിട്ടുണ്ട്.... കെട്ട മണമാസാറേ..... ക്ലാസില്‍ വച്ചട്ടുണ്ട് ... കൊണ്ടോരട്ടെ...."
"വേണ്ട ഞാന്‍ അങ്ങോട്ട് വരാം."
ഞങ്ങള്‍ ക്ലാസിലേക്ക് പോയി. എന്താ കാര്യമെന്നറിയാന്‍ മറ്റു ക്ലാസുകാരും തടിച്ചുകൂടി. കൊണ്ടു വന്ന വെള്ളം ഞാന്‍ പരിശോധിച്ചു. സംഗതി സത്യമാ.... കെട്ട മണം....
അഞ്ചാം ക്ലാസുകാരുടെ മുന്നില്‍ ഷൈന്‍ ചെയ്യാന്‍ ജയസൂര്യ പറഞ്ഞു. "കൊച്ചു പിള്ളാരൊന്നും ഇവിടെ നില്‍ക്കണ്ട, ഇവിടെ ഭയങ്കര പരീക്ഷണമാ.... ചെലപ്പോപൊട്ടി ത്തെറിക്കും....." 
ഏഴാം ക്ലാസിലെ രെഹിലിന് അതുകേട്ട് സഹിച്ചില്ല. 
" ഡാ ഡാ ഡാ ഞങ്ങളിതെക്കെ കണ്ടിട്ടാട്ടോ ഏഴിലെത്തിയത്....."
എല്ലാ വരേം ക്ലാസില്‍ പറഞ്ഞ് വിട്ടിട്ട് ഞാന്‍ രംഗം വിട്ടു....

മൂന്നാമത്തെ പീരീഡ് ഞാന്‍ ആറാം ക്ലാസിലെത്തി. 
"എന്തിനാ സാറേ ഈ വെള്ളത്തില്‍ ഇങ്ങനെ വൈക്കോലിട്ട് ചീക്കണത്...."
ഞാന്‍ എന്തെങ്കിലുമൊന്ന് പറയുന്നതിന് മുമ്പുതന്നെ അജിത്തിന്റെ ചോദ്യം വന്നു....
"ഈ സൂക്ഷ്മജിവികള്‍ വൈക്കോല്‍ തിന്ന് വണ്ണം വച്ചാലേ മൈസ്ക്രോകോപ്പിലൂടെ നോക്കിയാ കാണാന്‍ പറ്റൂ..... അതിനാടാ...."
ജിതിന്‍ അതിന് മറുപടി നല്‍കി....
അവന്‍ പറഞ്ഞത് ഏതാണ്ട് ശരിയായിരുന്നു... എനിക്ക് സന്തോഷം തോന്നി.
യഥാര്‍ത്ഥത്തില്‍  വൈക്കോല്‍ ഒരു കള്‍ച്ചര്‍ മീഡിയമാണ്. സൂക്ഷ്മജീവികള്‍ക്ക് പോഷണം ലഭിച്ച് എണ്ണത്തില്‍ പെരുകാന്‍ പറ്റിയ ഒരു മാധ്യമം. ചീഞ്ഞ മണം തന്നെ അതിനൊരു തെളിവാണ്. ഈകാര്യങ്ങളൊക്കെ ചര്‍ച്ച ചെയ്തതിനു ശേഷം  ഞങ്ങള്‍ ആ വെള്ളത്തില്‍ നിന്ന് ഒരു തുള്ളി എടുത്ത് മൈക്രോസ്കോപ്പിലൂടെ നോക്കി.

അപ്പോള്‍ കണ്ട  കാഴ്ച്ച  ഇതാ....








 
(മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയത്)
ഇനി പറയൂ ആരാണ് ഭൂമിയുടെ യഥാര്‍‍‍ത്ഥ അവകാശികള്‍ ??